യഹോവയുടെ സാക്ഷികളുടെ 2007-ലെ “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1, 2. (എ) ഒന്നിച്ചുകൂടുന്നതിൽനിന്നു പ്രയോജനം നേടാൻ എങ്ങനെയാണു മോശെ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചത്? (ബി) നാം ഇപ്പോൾത്തന്നെ എന്തു തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങണം?
1 ന്യായപ്രമാണം വായിച്ചുകേൾക്കുന്നതിന് ഏഴു വർഷം കൂടുമ്പോൾ ഒത്തുചേരണമെന്ന് മോശെ സകല ഇസ്രായേല്യർക്കും പരദേശികൾക്കും നിർദേശം നൽകി. എന്തായിരുന്നു അതിന്റെ പ്രയോജനം? അവർക്ക് ‘കേട്ടു പഠിക്കാൻ’ സാധിക്കുമായിരുന്നു. (ആവ. 31:10-12) തന്റെ ജനം വലിയകൂട്ടമായി കൂടിവരേണ്ടതിന്റെ ആവശ്യം യഹോവ കണ്ടിരുന്നു. പെട്ടെന്നുതന്നെ യഹോവയുടെ ജനം അടുത്ത ഡിസ്ട്രിക്റ്റ് കൺവെൻഷനുവേണ്ടി വീണ്ടും മൂന്നു ദിവസത്തേക്ക് ഒന്നിച്ചുകൂടുന്നതായിരിക്കും.
2 അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നിങ്ങൾ ആരംഭിച്ചോ? നിങ്ങൾക്കു ജോലിയിൽനിന്ന് അവധിയെടുക്കേണ്ടതുണ്ടോ? ബൈബിൾ വിദ്യാർഥികൾക്കും അവിശ്വാസികളായ കുടുംബാംഗങ്ങൾക്കും കൺവെൻഷനിൽ സംബന്ധിക്കാൻ വേണ്ട സഹായം ചെയ്യാൻ നിങ്ങൾക്കാകുമോ? സഭയിലെ മറ്റാർക്കെങ്കിലും സഹായം വേണ്ടിവരുമോ? നിയമിത കൺവെൻഷനല്ലാതെ, മറ്റൊന്നിൽ പങ്കെടുക്കാനാണോ നിങ്ങൾ ക്രമീകരണം ചെയ്യുന്നത്? ഹോട്ടലിൽ താമസിക്കേണ്ടി വരുമോ? പിൻവരുന്ന വിവരങ്ങൾ നിങ്ങളുടെ തയ്യാറെടുപ്പുകൾക്കു സഹായകമാകും.
3. (എ) യെശയ്യാവു 25:6-ന്റെ എന്തു നിവൃത്തിയാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്? (ബി) വെള്ളിയാഴ്ചകളിലെ കൺവെൻഷൻ ഹാജർ സംബന്ധിച്ച് എന്താണു നിരീക്ഷിച്ചിരിക്കുന്നത്, വ്യക്തിപരമായി നാം എന്തു ചെയ്യണം?
3 മൂന്നു ദിവസവും ഹാജരാകുക: സമൃദ്ധമായ ആത്മീയ ആഹാരമാണു യഹോവ തന്റെ ജനത്തിനു പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നത്. (യെശ. 25:6) നമ്മുടെ കൺവെൻഷനുകളിൽ ഒരുക്കുന്ന ആത്മീയ വിരുന്നും അതിൽ ഉൾപ്പെടുന്നു. ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു സംഗതി വെള്ളിയാഴ്ചകളിലെ ഹാജർ മറ്റു ദിവസങ്ങളിലേതിൽനിന്നും വളരെ കുറവാണെന്നുള്ളതാണ്. യഹോവയുടെ സംഘടന നമുക്കായി ഒരുക്കുന്ന നവോന്മേഷപ്രദമായ കൺവെൻഷന്റെ മൂന്നു ദിവസവും ഹാജരാകാൻ ലക്ഷ്യംവെക്കുക! ജോലിയിൽനിന്ന് അവധി എടുക്കേണ്ടതുണ്ടെങ്കിൽ, അത് പ്രാർഥനയിൽ ഉൾപ്പെടുത്തുക. എന്നിട്ട്, കൺവെൻഷന്റെ തീയതി അറിയിച്ചാലുടൻതന്നെ നിങ്ങളുടെ തൊഴിലുടമയുമായി ഈ വിഷയം “ധൈര്യ”പൂർവം സംസാരിക്കുക. (1 തെസ്സ. 2:2; നെഹെ. 2:4, 5) കൺവെൻഷനിൽ സംബന്ധിക്കുന്നത് നിങ്ങളുടെ ആരാധനയുടെ ഭാഗമാണെന്ന് അദ്ദേഹത്തോടു വിശദീകരിക്കുന്നതു ഗുണംചെയ്തേക്കാം. എത്രയും നേരത്തേതന്നെ ഈ വിഷയം സംസാരിച്ചാൽ അവധി അനുവദിക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് എളുപ്പമായിരിക്കും.
4. നമ്മുടെ അവിശ്വാസികളായ കുടുംബാംഗങ്ങളെയും ബൈബിൾ വിദ്യാർഥികളെയും കൺവെൻഷനുവേണ്ടി എങ്ങനെ സജ്ജരാക്കാം?
4 നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെയും കുടുംബാംഗങ്ങളെയും സജ്ജരാക്കുക: ബൈബിൾ വിദ്യാർഥികൾ നിങ്ങളുടെയൊപ്പം കൺവെൻഷനിൽ പങ്കെടുക്കുന്നതും ആ ‘മഹാസഭയിലെ’ സ്നേഹസമ്പന്നമായ ക്രിസ്തീയ സഹവാസം ആസ്വദിക്കുന്നതും എത്ര പുളകപ്രദമായിരിക്കും! (സങ്കീ. 22:25) മുൻകൂട്ടി വിവരം അറിയിച്ചാൽ കാര്യാദികൾ ക്രമീകരിക്കുന്നതിന് അവർക്കു കഴിയും. നിങ്ങൾ കൺവെൻഷനിൽ ആസ്വദിക്കുന്ന കാര്യങ്ങൾ അവരുമായി പങ്കുവെക്കുക. മുൻ കൺവെൻഷനുകളുടെ സീനുകൾ അടങ്ങുന്ന വീഡിയോകൾ, പ്രത്യേകിച്ച് ദിവ്യബോധനത്താൽ ഏകീകൃതർ (ഇംഗ്ലീഷ്) എന്ന വീഡിയോ കാണിച്ചുകൊണ്ട് അവിടെ എന്തു പ്രതീക്ഷിക്കാൻ കഴിയുമെന്നു വിശദീകരിക്കാനാവും. കൺവെൻഷനിൽ പങ്കെടുക്കാനായി നിങ്ങൾ ചെയ്യുന്ന ക്രമീകരണങ്ങളെക്കുറിച്ച് അവിശ്വാസികളായ കുടുംബാംഗങ്ങളോടും പറയുക. നാടകം കാണാനോ അല്ലെങ്കിൽ ഒരു ദിവസമെങ്കിലും നിങ്ങളോടൊപ്പം കൺവെൻഷനിൽ സംബന്ധിക്കാനോ ഉള്ള ക്രമീകരണങ്ങൾ ചെയ്യാൻ അവർക്കു കഴിഞ്ഞേക്കും.
5, 6. (എ) 1 തിമൊഥെയൊസ് 6:18-ൽ പരാമർശിച്ചിരിക്കുന്ന ഔദാര്യ മനോഭാവം നമുക്കെങ്ങനെ പ്രകടമാക്കാം? (ബി) താമസസൗകര്യം ലഭിക്കുന്നതിനു സഹായം ആവശ്യമുള്ളവർക്ക് എന്തു കരുതലാണു ചെയ്തിട്ടുള്ളത്?
5 നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കുക: “നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കാനും സാമ്പത്തിക സഹായം നൽകാൻ ശേഷിയുള്ള ക്രിസ്ത്യാനികളെ അപ്പൊസ്തലനായ പൗലൊസ് ബുദ്ധിയുപദേശിച്ചു. (1 തിമൊ. 6:17, 18) പ്രായാധിക്യമുള്ളവർ, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ, മുഴുസമയസേവകർ എന്നിവരെയും ഒരുപക്ഷേ കൺവെൻഷനിൽ പങ്കെടുക്കാൻ സഹായം ആവശ്യമുള്ള മറ്റുള്ളവരെയും പരിഗണിച്ചുകൊണ്ട് പൗലൊസ് പ്രോത്സാഹിപ്പിച്ച ഈ ഔദാര്യ മനോഭാവം പ്രകടമാക്കാൻ സാധിക്കും. ഇവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം സത്യത്തിലുള്ള ബന്ധുക്കളുടേതാണെങ്കിലും മൂപ്പന്മാർക്കും മറ്റുള്ളവർക്കും വിവേചന പ്രകടമാക്കാനും ദയാപൂർവം ആവശ്യമുള്ള സഹായം വാഗ്ദാനം ചെയ്യാനും കഴിയും.—ഗലാ. 6:10; 1 തിമൊ. 5:4.
6 താമസസൗകര്യം ലഭിക്കുന്നതിനായി ഒരു പ്രസാധകനു സഹായം ആവശ്യമുണ്ടെങ്കിൽ, പ്രത്യേക ആവശ്യ മുറി അപേക്ഷ സമർപ്പിക്കുന്നതിനായി ആ വ്യക്തി യോഗ്യനാണോ എന്ന് സഭാ സേവനക്കമ്മിറ്റി വിലയിരുത്തണം. കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റിൽ ഈ അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് ഈ അപേക്ഷാഫാറത്തിലെയും 2006 ഡിസംബർ 14-ലെ, മൂപ്പന്മാരുടെ എല്ലാ സംഘങ്ങൾക്കുമുള്ള കത്തിലെയും നിർദേശങ്ങൾ പരിഗണിക്കണം.
7. (എ) നാം നമ്മുടെ നിയമിത കൺവെൻഷനിൽ പങ്കെടുക്കേണ്ടത് എന്തുകൊണ്ട്? (ബി) മറ്റൊരു കൺവെൻഷനു ഹാജരാകേണ്ട സാഹചര്യം സംജാതമാകുന്നെങ്കിൽ ഏതു പടികൾ പിൻപറ്റണം?
7 മറ്റൊരു കൺവെൻഷനു ഹാജരാകാൻ: ഇന്ത്യയിൽ നടക്കുന്ന കൺവെൻഷനുകളുടെ ഒരു താത്കാലിക ലിസ്റ്റ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇരിപ്പിടം, സാഹിത്യം, താമസസൗകര്യം തുടങ്ങിയവ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താൻ സാധിക്കേണ്ടതിന് നിങ്ങളുടെ സഭയുടെ നിയമിത കൺവെൻഷനു ഹാജരാകാൻ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ മറ്റൊരു കൺവെൻഷനു ഹാജരാകേണ്ട സാഹചര്യം സംജാതമാകുന്നെങ്കിൽ ആവശ്യമായ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ സഭാ സെക്രട്ടറിയെ കാണുക. ശുപാർശ ചെയ്തിരിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റിനെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചെങ്കിലുമോ അറിയണമെന്നുണ്ടെങ്കിൽ അക്കാര്യം സൂചിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം കൺവെൻഷൻ മേൽവിലാസത്തിൽ കത്ത് അയയ്ക്കുക. ഒരേ നഗരത്തിൽത്തന്നെ ഒന്നിലധികം കൺവെൻഷൻ നടക്കുന്നപക്ഷം, നിങ്ങൾ ഹാജരാകുന്ന കൺവെൻഷന്റെ തീയതി കാണിച്ചിരിക്കണം.
8. ഹോട്ടലിൽ മുറി ബുക്കുചെയ്യുമ്പോൾ ഏതെല്ലാം മാർഗനിർദേശങ്ങളാണു നാം പിൻപറ്റേണ്ടത്? (“ഹോട്ടൽമുറി ബുക്കുചെയ്യുന്നതിനുള്ള നടപടികൾ” എന്ന ചതുരം കാണുക.)
8 ഹോട്ടൽമുറി ബുക്കുചെയ്യാൻ: ശുപാർശ ചെയ്തിരിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റ് കൺവെൻഷൻ തീയതിക്കു വളരെ മുമ്പേതന്നെ സഭയുടെ നോട്ടീസ് ബോർഡിൽ ഇടുന്നതാണ്. “ഹോട്ടൽമുറി ബുക്കുചെയ്യുന്നതിനുള്ള നടപടികൾ” എന്ന ചതുരത്തിലെ നിർദേശങ്ങൾ പിൻപറ്റുക. ലിസ്റ്റിലുള്ള എല്ലാ ഹോട്ടലുകളിലേക്കും വിളിച്ചിട്ടും മുറി ലഭിക്കുന്നില്ലെങ്കിലോ ഏതെങ്കിലും ഹോട്ടലുമായി ഒരു പ്രശ്നം ഉണ്ടാകുന്നെങ്കിലോ സഭാ സെക്രട്ടറിയെ വിവരം അറിയിക്കുക. ലിസ്റ്റിന്റെ മുകളിൽ കൊടുത്തിട്ടുള്ള നിർദേശങ്ങൾ അനുസരിച്ച് അദ്ദേഹം താമസസൗകര്യ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടേണ്ടതാണ്. ബ്രാഞ്ച് ഓഫീസിലേക്കു വിളിക്കരുത്. ലിസ്റ്റിലുള്ള ഹോട്ടലുകളിലൊന്നും മുറി ഒഴിവില്ലാതെ വന്നാൽ, മറ്റു ഹോട്ടലുകളിലേക്കു വിളിക്കുന്നതിനു പകരം, പുതുക്കിയ ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കുക.
9, 10. (എ) നമ്മൾ കൺവെൻഷൻ സ്ഥലത്ത് എത്തുന്നതിനുമുമ്പ് നമുക്കുവേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്? (ബി) നമുക്കുവേണ്ടി ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളോടുമുള്ള വിലമതിപ്പും കൃതജ്ഞതയും നമുക്ക് എങ്ങനെ പ്രകടമാക്കാം? (എബ്രായർ 13:17 വായിക്കുക.)
9 ക്രമീകരണങ്ങളുമായി സഹകരിക്കുക: നമ്മെ സ്വീകരിക്കാനായി കൺവെൻഷൻ സ്ഥലത്ത് വളരെയധികം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അവിടേക്കു ചെല്ലുമ്പോൾത്തന്നെ വ്യക്തമാകും. സേവകന്മാരായി പ്രവർത്തിക്കുന്ന സഹോദരന്മാർ സ്നേഹപുരസ്സരം നമ്മെ അഭിവാദ്യം ചെയ്യുകയും കാര്യപരിപാടിയുടെ കോപ്പി തരുകയും ഇരിപ്പിടം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു. സഹോദരങ്ങൾ കൺവെൻഷൻ സ്ഥലം വൃത്തിയാക്കുകയും സ്റ്റേജ് ഭംഗിയായി അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, പരിപാടികൾക്കുവേണ്ടി തയ്യാറാകുക, ഹോട്ടലുകളുമായി ചർച്ചചെയ്യുക തുടങ്ങിയ പല പ്രധാന ജോലികൾ അണിയറയിലും നടന്നിട്ടുണ്ട്.
10 അനേകം സഹോദരങ്ങൾ മാസങ്ങളോളം പ്രവർത്തിച്ചുകൊണ്ടാണ് ഓരോ കൺവെൻഷനും വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നത്. ഇതുപോലുള്ള പ്രധാനപ്പെട്ട ജോലികൾ നിർവഹിക്കാൻ അവരെ അനുവദിച്ചുകൊണ്ട് അവരുടെ കുടുംബാംഗങ്ങളും സഹായിച്ചിരിക്കുന്നു. നമ്മുടെ വ്യക്തിപരമായ നന്മയ്ക്കുവേണ്ടി അവർ ചെയ്തിരിക്കുന്ന ഈ ത്യാഗങ്ങളെ നാം വിലമതിക്കുന്നില്ലേ? ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും അതുപോലെ കൺവെൻഷനു മുമ്പ് നമുക്കു ലഭിച്ചേക്കാവുന്ന നിർദേശങ്ങളും അനുസരിച്ചുകൊണ്ട് നമുക്കു നമ്മുടെ കൃതജ്ഞത പ്രകടമാക്കാൻ സാധിക്കും. (എബ്രാ. 13:17) എല്ലാവരും മനസ്സോടെ സഹകരിക്കുമ്പോൾ “സകലവും ഉചിതമായും ക്രമമായും” നടക്കാൻ ഇടയാകും.—1 കൊരി. 14:39.
11. കൺവെൻഷൻ സ്ഥലത്തെ നമ്മുടെ ക്രിസ്തീയ പെരുമാറ്റത്തെ ഏതു തിരുവെഴുത്തു തത്ത്വം സ്വാധീനിക്കണം?
11 സ്നേഹം പ്രതിഫലിപ്പിക്കുന്ന ക്രിസ്തീയ പെരുമാറ്റം: സേവകന്മാരോടു ക്രിസ്തീയമല്ലാത്ത വിധത്തിൽ സംസാരിക്കുകപോലും ചെയ്തുകൊണ്ട് ചിലർ അവരുമായി സഹകരിക്കാൻ വിസമ്മതിച്ചിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. തീർച്ചയായും, ‘ഞാൻ-മുമ്പേ’ എന്ന മനോഭാവം ഒരാളെ നന്മ പ്രവർത്തിക്കുന്നവനായി തിരിച്ചറിയിക്കുന്നില്ല, ഇത് യഹോവയ്ക്കു സ്തുതി കരേറ്റുന്നുമില്ല. അതുകൊണ്ട് നമുക്ക് സ്നേഹവും ക്ഷമയും സഹകരണവും പ്രകടമാക്കാം. (ഗലാ. 5:22, 23, 25) എന്നിരുന്നാലും ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോഴുമുണ്ട്. രാവിലെ 8 മണിക്ക് കൺവെൻഷൻ ഹാൾ തുറക്കുമ്പോൾ “ഏറ്റവും നല്ല” ഇരിപ്പിടം ലഭിക്കുന്നതിനായി ചില സഹോദരീസഹോദരന്മാർ മറ്റുള്ളവരെ ഉന്തിത്തള്ളി ഓടുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം പെരുമാറ്റം മൂലം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം കൺവെൻഷൻ സ്ഥലത്ത് നേരത്തെ എത്തിയിട്ടും മിക്ക ഇരിപ്പിടങ്ങളും പിടിച്ചുവെച്ചിരിക്കുന്നതായിട്ടാണു കണ്ടതെന്നു ചില സഹോദരങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പലപ്പോഴും ഒരാൾ മാത്രം നേരത്തെ എഴുന്നേറ്റുവന്ന് ഹാൾ തുറക്കുന്ന ഉടനെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ഇരിപ്പിടങ്ങളുടെ പല നിരകളും അപ്പാടെ ബുക്കുചെയ്യാറുണ്ട്. സീറ്റുകളിൽ വെക്കാൻ സാധനങ്ങൾ തീർന്നുപോയതുകൊണ്ടു മാത്രം കൂടുതൽ സീറ്റുകൾ പിടിച്ചുവെക്കാൻ കഴിയാതെ പോയ ചില സന്ദർഭങ്ങളുമുണ്ട്. നിസ്വാർഥതയുടെ തികവുറ്റ പ്രകടനമായാണ് സ്നേഹത്തെ നിർവചിച്ചിരിക്കുന്നത്. നിസ്വാർഥ സ്നേഹം തന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്ന ഒരു പ്രമുഖ സംഗതി ആയിരിക്കുമെന്ന് ക്രിസ്തുയേശുവും പറഞ്ഞു. (യോഹ. 13:35) വളരെയേറെ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുമ്പോൾ നാം ഈ ദൈവിക സ്നേഹം കാണിക്കുകയാണോ ചെയ്യുന്നത്? ക്രിസ്തീയ സ്നേഹം നമ്മെ ക്രിസ്തുവിന്റെ പിൻവരുന്ന വാക്കുകൾ അനുസരിക്കാൻ പ്രേരിപ്പിക്കണം: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.”—മത്താ. 7:12.
12. (എ) യഹോവയുടെ ജനത്തിന്റെ കൂടിവരവുകൾ ഇക്കാലത്ത് വളരെ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്? (ബി) നമുക്കോരോരുത്തർക്കും ഇപ്പോൾ എന്തു ചെയ്യാനാകും?
12 “നാൾ സമീപിക്കുന്നു എന്നു കാണുംതോറും” ദൈവജനത്തിന്റെ കൂടിവരവുകൾക്കു കൂടുതൽ പ്രാധാന്യം കൈവരുന്നു. (എബ്രാ. 10:25) ക്രിസ്തീയ കൺവെൻഷനുകളിലൂടെ വിശ്വസ്തനും വിവേകിയുമായ അടിമ പ്രദാനം ചെയ്യുന്ന വിവരങ്ങൾ, യഹോവ നമ്മോട് ആവശ്യപ്പെടുന്നത് “ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു” നമ്മെ സഹായിക്കുന്നു. (ആവ. 31:12) അടുത്ത ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെയും ആത്മീയ പ്രബോധനത്തിൽനിന്നും സന്തോഷകരമായ സഹവാസത്തിൽനിന്നും പ്രയോജനം നേടാനും ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്തു തുടങ്ങുക!
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം
വെള്ളിയും ശനിയും
9:20 a.m. – 5:05 p.m.
ഞായർ
9:20 a.m. – 4:10 p.m.
[4-ാം പേജിലെ ചതുരം]
ഹോട്ടൽമുറി ബുക്കുചെയ്യുന്നതിനുള്ള നടപടികൾ:
1. ശുപാർശ ചെയ്തിരിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് സാധാരണ ജോലിസമയത്ത് ഹോട്ടലിലേക്കു വിളിക്കുക.
2. യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിക്കാനാണു മുറി ബുക്കുചെയ്യുന്നതെന്ന് ഹോട്ടലുകാരോടു പറയുക.
3. നിങ്ങൾ അവിടെ എത്തുന്ന തീയതിയും തിരിച്ചു പോകുന്ന തീയതിയും കൃത്യമായി അറിയിക്കുക.
4. അവിടെ മുറി ഇല്ലാത്തപക്ഷം ലിസ്റ്റിൽ കാണിച്ചിരിക്കുന്ന മറ്റൊരു ഹോട്ടലിലേക്കു വിളിക്കുക.
5. ലിസ്റ്റിൽ കാണിച്ചിരിക്കുന്നതിനെക്കാൾ ഉയർന്ന നിരക്കിൽ മുറി എടുക്കരുത്.
6. മുറി ബുക്കുചെയ്യുക; പത്തു ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ, ചെക്കോ മണി ഓർഡറോ അയച്ചുകൊണ്ടോ ഡിപ്പോസിറ്റ് തുക നൽകുക. തുക പണമായി ഒരിക്കലും അയയ്ക്കരുത്. ഡിപ്പോസിറ്റ് അയയ്ക്കുന്നത് ചെക്കോ മണി ഓർഡറോ ആയിട്ടാണെങ്കിൽ മുറി ബുക്കുചെയ്തു എന്നതു സംബന്ധിച്ചു ലഭിച്ച വിശദാംശങ്ങൾ വ്യക്തമായി കാണിക്കണം.
7. ബുക്കിങ്ങിന്റെ രസീതോ ലിഖിത രേഖയോ ചോദിക്കുക.
പിൻപറ്റേണ്ട മാർഗനിർദേശങ്ങൾ:
◼ ലിസ്റ്റിൽ കാണിച്ചിരിക്കുന്ന നിരക്കിൽ മാത്രമേ മുറി ബുക്കു ചെയ്യാവൂ.
◼ ഓരോ മുറിയും ബുക്കുചെയ്യുന്നത് അവിടെ താമസിക്കാൻ പോകുന്ന ആളിന്റെ പേരിൽത്തന്നെ ആയിരിക്കണം.
◼ മുറികളൊന്നും ഒഴിവില്ലെന്നു സഭാ സെക്രട്ടറിയെ അറിയിക്കുന്നതിനുമുമ്പ് ലിസ്റ്റിലുള്ള എല്ലാ ഹോട്ടലുകളിലേക്കും വിളിച്ചു ചോദിച്ചിരിക്കണം.
◼ നിങ്ങളുടെ ആദ്യ ബുക്കിങ്ങിനോടു പറ്റിനിൽക്കുക.—മത്താ. 5:37.
◼ ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയും വേഗം ഹോട്ടൽ അധികൃതരെ അറിയിക്കുക.