“വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക”
1 ‘വിശ്വാസത്തിന്റെ നല്ല പോർ പൊരുതാൻ’ അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു. (1 തിമൊ. 6:12) പൗലൊസ് തന്നെയും ആ വാക്കുകൾക്കു ചേർച്ചയിലാണു ജീവിച്ചത്. അതുകൊണ്ടാണ്, നല്ല പോർ പൊരുതി എന്ന് തന്നെക്കുറിച്ചുതന്നെ അവന് പിൽക്കാലത്ത് ഉറപ്പോടെ പറയാൻ കഴിഞ്ഞത്. (2 തിമൊ. 4:6-8) എല്ലാ വിധത്തിലും അവൻ ധൈര്യത്തോടും സഹിഷ്ണുതയോടും കൂടെ ശുശ്രൂഷ നിർവഹിച്ചു. അവന്റെ മാതൃക അനുകരിക്കുന്നെങ്കിൽ, ക്രിസ്തീയ വിശ്വാസത്തിനായുള്ള പോരാട്ടത്തിൽ പരമാവധി ചെയ്യുന്നുണ്ടെന്ന ആന്തരിക ഉറപ്പ് നമുക്കും ഉണ്ടായിരിക്കാൻ കഴിയും.
2 ആവശ്യമായ ശ്രമം ചെലുത്തുക: പൗലൊസ് ശുശ്രൂഷയിൽ കഠിനമായി അധ്വാനിച്ചു. (1 കൊരി. 15:10) നമ്മുടെ പ്രദേശത്തുള്ള യോഗ്യരായവരെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നാമും അതുതന്നെയാണു ചെയ്യുന്നത്. (മത്താ. 10:11) അവരിൽ ചിലരെ കണ്ടെത്താനായി തെരുവു സാക്ഷീകരണം നടത്തുന്നതിന് നേരത്തെ എഴുന്നേൽക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ, ആളുകൾ ഭവനങ്ങളിൽ മടങ്ങിവരുന്ന സമയം നോക്കി വൈകുന്നേരങ്ങളിൽ പ്രവർത്തിക്കേണ്ടത് ആവശ്യമായി വന്നേക്കാം.
3 വയൽ സേവനത്തിനായി നമ്മുടെ പുസ്തകാധ്യയന കൂട്ടത്തോടൊപ്പം കൂടിവരുന്ന കാര്യത്തിൽ കൃത്യനിഷ്ഠയുള്ളവരായിരിക്കാൻ ആത്മശിക്ഷണവും നല്ല ആസൂത്രണവും ആവശ്യമാണ്. ഉദാഹരണത്തിന്, ബെഥേൽ ഭവനത്തിലെ ചില അംഗങ്ങൾ ഒരു മണിക്കൂറോ അതിലധികമോ യാത്ര ചെയ്താണ് വാരാന്തങ്ങളിൽ വയൽശുശ്രൂഷയിൽ പങ്കെടുക്കാനായി എത്തുന്നത്. ഇനി, നമ്മുടെ സഭയിൽത്തന്നെ ചില പ്രസാധകരും കുടുംബങ്ങളും വളരെ ദൂരം യാത്ര ചെയ്താണ് വരുന്നത്. എങ്കിൽപ്പോലും കൃത്യസമയത്ത് എത്തിച്ചേരുന്ന അവരെ നമുക്ക് അഭിനന്ദിക്കാവുന്നതാണ്. തീക്ഷ്ണതയുടെയും വ്യക്തിഗത ആസൂത്രണത്തിന്റെയും അത്തരം നല്ല മാതൃകകൾ അനുകരണാർഹമാണ്.
4 താത്പര്യം കാണിക്കുന്ന എല്ലാവരുടെയും അടുക്കൽ മടങ്ങിച്ചെല്ലാൻ നാം ശ്രമിക്കേണ്ടതാണ്. തെരുവു സാക്ഷീകരണ സമയത്തോ അനൗപചാരിക സാക്ഷീകരണ വേളയിലോ ആണ് സാഹിത്യം സമർപ്പിക്കുന്നതെങ്കിൽപോലും, വ്യക്തിയുടെ മേൽവിലാസവും ടെലിഫോൺ നമ്പരും കുറിച്ചെടുക്കാൻ നാം ശ്രദ്ധിക്കണം. പിന്നീട് ആ വ്യക്തിയുടെ താത്പര്യം വർധിപ്പിക്കുന്നതിനും ഒരു ബൈബിളധ്യയനം തുടങ്ങുന്നതിനും ശ്രമിക്കുക.
5 സേവനത്തിൽ ക്രമമുള്ളവർ ആയിരിക്കുക: പൗലൊസ് സുവാർത്താ പ്രസംഗ വേലയിൽ പതിവായി ഏർപ്പെടുകയും അതു പൂർണമായി നിർവഹിക്കുകയും ചെയ്തു. (റോമ. 15:19) നിങ്ങളോ? നിങ്ങൾ ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടുന്നുണ്ടോ? ഈ മാസം നിങ്ങൾ ശുശ്രൂഷയിൽ പങ്കുപറ്റിയോ? പുസ്തകാധ്യയന കൂട്ടത്തിലുള്ള എല്ലാവരും ആഗസ്റ്റ് മാസം വയൽ ശുശ്രൂഷയിൽ പങ്കുപറ്റുന്നു എന്ന് ഉറപ്പു വരുത്തുന്നതിൽ പുസ്തകാധ്യയന നിർവാഹകന്മാർ തത്പരരായിരിക്കും. അങ്ങനെ ചെയ്യാൻ അവർ നിങ്ങളെ സഹായിക്കും.
6 സുവാർത്താ പ്രസംഗത്തെ പൂർണമായി പിന്താങ്ങുന്നതിൽ പൗലൊസ് വെച്ച മാതൃക അനുകരിക്കുകവഴി നാം “വിശ്വാസത്തിന്റെ നല്ല പോർ പൊരുതു”ന്നതിൽ തുടരും.