ചോദ്യപ്പെട്ടി
◼ പുതിയ ഒരു സഭാ പുസ്തകാധ്യയന കൂട്ടം രൂപീകരിക്കുന്നത് ഉചിതമായിരിക്കുന്നത് എപ്പോൾ?
രാജ്യഹാളിലേത് ഉൾപ്പെടെയുള്ള പുസ്തകാധ്യയന കേന്ദ്രങ്ങളിൽ അധ്യയനത്തിനു കൂടിവരുന്നവരുടെ എണ്ണം 15-നു മുകളിൽ പോകാതെ നിലനിറുത്തേണ്ടത് ആവശ്യമായി വരുമ്പോൾ പുതിയ ഒരു കൂട്ടം രൂപീകരിക്കുന്നതിനെ കുറിച്ചു ചിന്തിക്കാവുന്നതാണ്. ഇങ്ങനെ ശുപാർശ ചെയ്യുന്നതിന്റെ കാരണം എന്താണ്?
സഭാ പുസ്തകാധ്യയന കൂട്ടം ചെറുതാണെങ്കിൽ, ഹാജരാകുന്ന ഓരോരുത്തർക്കും വേണ്ടത്ര ശ്രദ്ധ നൽകാൻ അധ്യയന നിർവാഹകനു കഴിയും. കൂടാതെ, അഭിപ്രായങ്ങൾ പറയുന്നതിന് എല്ലാവർക്കും ധാരാളം അവസരങ്ങളും ഉണ്ടായിരിക്കും. അങ്ങനെ തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം സംജാതമാകുന്നു. (എബ്രാ. 10:23, NW; 13:15) സഭാപ്രദേശത്ത് പലയിടങ്ങളിലായി ചെറിയ ചെറിയ കൂട്ടങ്ങൾ ഉണ്ടായിരിക്കുന്നത് പുസ്തകാധ്യയനത്തിനും വയൽസേവന യോഗത്തിനും ഹാജരാകുന്നത് എല്ലാവർക്കും എളുപ്പമാക്കിത്തീർക്കുന്നു. തങ്ങളുടെ പുസ്തകാധ്യയന കൂട്ടങ്ങളുടെ എണ്ണം വർധിപ്പിച്ചതിനാൽ സഭയുടെ മൊത്തം പുസ്തകാധ്യയന ഹാജരിൽ വർധന ഉണ്ടായതായി പല സഭകളും കണ്ടെത്തിയിരിക്കുന്നു.
വളരെ ചെറുതായിരുന്നേക്കാമെങ്കിൽപ്പോലും മറ്റൊരു കൂട്ടം രൂപീകരിക്കുന്നത് ഉചിതമായിരിക്കാവുന്ന ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായിരുന്നേക്കാം. ഒറ്റപ്പെട്ട ഒരു പ്രദേശത്തിന്റെ കാര്യത്തിലോ ഇപ്പോൾ അധ്യയനം നടക്കുന്ന സ്ഥലത്ത് എല്ലാവർക്കും ഇരിക്കാൻ മതിയായ സ്ഥലം ഇല്ലാതെ വരുമ്പോഴോ അങ്ങനെ ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ ഒരു പുസ്തകാധ്യയനം പകൽസമയത്ത് ക്രമീകരിക്കാവുന്നതാണ്. അങ്ങനെയാകുമ്പോൾ പ്രായമായവർക്കും രാത്രി ജോലിക്കാർക്കും സാക്ഷികളല്ലാത്ത ഭർത്താക്കന്മാരുള്ള സഹോദരിമാർക്കും സഹായകരമായിരിക്കും.
ഓരോ കൂട്ടത്തിലും ആത്മീയമായി ബലിഷ്ഠരും സേവനത്തിൽ ഉത്സാഹമുള്ളവരുമായ പലരും അതുപോലെ പ്രാപ്തനായ ഒരു അധ്യയന നിർവാഹകനും വായനക്കാരനും ഉണ്ടായിരിക്കണം. സഭയിലെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹോദരന്മാർ വേണ്ടത്ര പുരോഗതി വരുത്തണം.
ന്യായമായ വലിപ്പമാണ് സഭാ പുസ്തകാധ്യയന കൂട്ടങ്ങൾക്ക് ഉള്ളതെന്നും സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നന്നായി പരിപാലിക്കപ്പെടുന്നുവെന്നും സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് അവർ കൂടിവരുന്നതെന്നും ഉറപ്പുവരുത്തിക്കൊണ്ട് മൂപ്പന്മാർക്ക് സഭയുടെ പുരോഗതിയെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. പ്രായോഗികമായിരിക്കുമ്പോൾ, പുതിയ കൂട്ടങ്ങൾ രൂപീകരിക്കണം. അങ്ങനെയാകുമ്പോൾ ഈ പ്രത്യേക ആത്മീയ ക്രമീകരണത്തിൽനിന്ന് എല്ലാവർക്കും പരമാവധി പ്രയോജനം നേടാനാകും. ഒരു പുസ്തകാധ്യയന കേന്ദ്രമായി നിങ്ങൾക്കു നിങ്ങളുടെ വീട് വിട്ടുകൊടുക്കാനാകുമോ? അങ്ങനെ ചെയ്ത പലരും ആത്മീയ അനുഗ്രഹങ്ങൾ നേടിയിട്ടുണ്ട്.