പുതിയ സർക്കിട്ട് സമ്മേളന പരിപാടി
“ഭയം” എന്നതിന്റെ ഒരു നിർവചനം “പ്രത്യേകിച്ച് ദൈവത്തോടു തോന്നുന്ന ആഴമായ ബഹുമാനവും ഭക്ത്യാദരവും” എന്നാണ്. അത് ആരോഗ്യാവഹമായ ഭയത്തെ വർണിക്കുന്നു. അത് “ജ്ഞാനത്തിന്റെ ആരംഭ”മാണെന്നു തിരുവെഴുത്തുകൾ പരാമർശിക്കുന്നു. (സങ്കീ. 111:10) അതിൽനിന്നു വ്യത്യസ്തമായി, നമുക്കു ചുറ്റുമുള്ള ലോകത്തെ മറ്റൊരു ഭയം ഗ്രസിച്ചിരിക്കുകയാണ്. യഹോവയോട് ഭക്ത്യാദരപൂർവകമായ ഒരു ഭയം വളർത്തിയെടുക്കവേ, നമുക്ക് എങ്ങനെ അനാരോഗ്യകരമായ ആ ഭയം ഒഴിവാക്കാൻ കഴിയും? സേവനവർഷം 2002-ലെ പുതിയ സർക്കിട്ട് സമ്മേളന പരിപാടി ഈ ചോദ്യം കൈകാര്യം ചെയ്യും. അതിന്റെ വിഷയം, ‘ദൈവത്തെ ഭയപ്പെട്ട് അവനു മഹത്ത്വം കൊടുപ്പിൻ” എന്നാണ്. (വെളി. 14:7) വ്യക്തികളെന്ന നിലയിലും ഒരു സംഘടനയെന്ന നിലയിലും യഹോവാഭയം നമുക്കു പ്രയോജനം ചെയ്യുന്ന വിവിധ വിധങ്ങൾ നാം അതിലൂടെ മനസ്സിലാക്കും.
ഭയം, ഉത്കണ്ഠയെ അല്ലെങ്കിൽ വിഷമഘട്ടങ്ങളെ നേരിടുന്നതിനുള്ള ധൈര്യമില്ലായ്മയെയും വിമുഖതയെയും സൂചിപ്പിച്ചേക്കാമെങ്കിലും ബൈബിൾ ഇപ്രകാരം പറയുന്നു: ‘യഹോവയെ ഭയപ്പെടുന്ന ഏവനും സന്തുഷ്ടൻ.’ (സങ്കീ. 128:1, NW) സത്യാരാധനയ്ക്കു നേരെയുള്ള വെല്ലുവിളികളെ എപ്രകാരം വിജയകരമായി നേരിടാമെന്ന് ഈ സമ്മേളന പരിപാടി വ്യക്തമാക്കും. ദൈവത്തോട് അത്തരം ആരോഗ്യാവഹമായ ഭയം നട്ടുവളർത്താൻ പുതിയവരെ എങ്ങനെ സഹായിക്കാമെന്നു നാം കാണും. അതു വാസ്തവത്തിൽ, തങ്ങളുടെ മുഴു ഹൃദയത്തോടും മനസ്സോടും ശക്തിയോടും കൂടെ ദൈവത്തെ സേവിക്കുന്നതിനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ അവരെ പ്രേരിപ്പിക്കും. (മർക്കൊ. 12:30) ഡിസ്ട്രിക്റ്റ് മേൽവിചാരകൻ നടത്തുന്ന “നിങ്ങൾ സ്നേഹിക്കുന്നവരോടു പൂർവാധികം അടുത്തുചെല്ലുക” എന്ന പ്രസംഗത്തോടെ ഒന്നാം ദിവസത്തെ പരിപാടികൾ അവസാനിക്കും. യഹോവയിൽനിന്നും നമ്മുടെ കുടുംബത്തിൽനിന്നും ക്രിസ്തീയ സഹോദരങ്ങളിൽനിന്നും നമ്മെ അകറ്റുന്നതിനുള്ള പൈശാചിക ശ്രമങ്ങൾ സംബന്ധിച്ച് നമുക്ക് എപ്രകാരം ജാഗ്രതയുള്ളവരായിരിക്കാം എന്ന് അദ്ദേഹം വിശദീകരിക്കും.
രണ്ടാം ദിവസത്തെ, നാലു ഭാഗമുള്ള സിമ്പോസിയത്തിന്റെ വിഷയം “മനുഷ്യരെ അല്ല, യഹോവയെ ഭയപ്പെടുക” എന്നതാണ്. നമ്മുടെ ശുശ്രൂഷ പൂർണമായി നിറവേറ്റുന്നതിൽനിന്നോ സ്കൂളിലും ജോലിസ്ഥലത്തും നമ്മുടെ നിർമലതയും നല്ല മനസ്സാക്ഷിയും കാത്തുസൂക്ഷിക്കുന്നതിൽനിന്നോ നമ്മെ തടയുന്ന ഏതൊരു ഭയത്തെയും നാം എപ്രകാരം തരണം ചെയ്യണമെന്ന് അതു വിശദീകരിക്കും. “ദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പ്രമാണിക്കുക” എന്ന പരസ്യപ്രസംഗം വെളിപ്പാടു 14-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവപരമ്പരയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. “യഹോവാഭയത്തിൽ നടക്കുന്നതിൽ തുടരുക” എന്ന പ്രോത്സാഹജനകമായ മാർഗനിർദേശത്തോടെ സർക്കിട്ട് സമ്മേളന പരിപാടി അവസാനിക്കും.
പരിപാടിയുടെ കൂടുതലായ സവിശേഷതകളായിരിക്കും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ, മാതൃകാ സേവന യോഗം, സ്നാപന പ്രസംഗം, വീക്ഷാഗോപുര അധ്യയനത്തിന്റെ സംഗ്രഹം തുടങ്ങിയവ. അവയൊന്നും നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കില്ല. നിങ്ങളോടൊപ്പം ഹാജരാകാൻ നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെ ക്ഷണിക്കുക. സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് അധ്യക്ഷമേൽവിചാരകനോട് അതേക്കുറിച്ചു പറയണം. ഈ സവിശേഷ പരിപാടിയുടെ യാതൊരു ഭാഗവും നഷ്ടപ്പെടുത്താതിരുന്നുകൊണ്ട് യഹോവയോടുള്ള നമ്മുടെ ആരോഗ്യാവഹമായ ഭയം പ്രകടിപ്പിക്കാനും അവനു മഹത്ത്വം കൊടുക്കാനും നാമെല്ലാം ആഗ്രഹിക്കും!