ലക്ഷ്യം എന്ത്?
1 നാം ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തുന്നത് എന്തിനാണ്? കേവലം പരിജ്ഞാനം പകർന്നു കൊടുക്കാനോ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനോ അല്ലെങ്കിൽ ഭാവിയെ സംബന്ധിച്ച അവരുടെ വീക്ഷണം ശോഭനമാക്കാനോ ആണോ? അല്ല. യേശുക്രിസ്തുവിന്റെ ശിഷ്യരെ ഉളവാക്കുക എന്നതാണു നമ്മുടെ ആത്യന്തിക ലക്ഷ്യം! (മത്താ. 28:19, 20; പ്രവൃ. 14:21) അതുകൊണ്ട് നമ്മോടൊപ്പം ബൈബിൾ പഠിക്കുന്നവർ സഭയോടൊത്തു സഹവസിക്കേണ്ടതുണ്ട്. അവരുടെ ആത്മീയ പുരോഗതി, ക്രിസ്തീയ സംഘടനയോടുള്ള അവരുടെ വിലമതിപ്പിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.
2 അതു നേടാനാകുന്ന വിധം: തുടക്കം മുതൽതന്നെ സഭായോഗങ്ങൾക്കു ഹാജരാകാൻ വിദ്യാർഥിയെ തുടർച്ചയായി പ്രോത്സാഹിപ്പിക്കുക. (എബ്രാ. 10:24, 25) സഭായോഗങ്ങൾ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതും ദൈവേഷ്ടം ചെയ്യുന്നതിൽ സഹായിക്കുന്നതും യഹോവയെ സ്തുതിക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവരുമായുള്ള കെട്ടുപണി ചെയ്യുന്ന സഹവാസം പ്രദാനം ചെയ്യുന്നതും എങ്ങനെയെന്നു വിശദീകരിക്കുക. (സങ്കീ. 27:13; 32:8; 35:18) സഭയോടും യോഗങ്ങളോടുമുള്ള നിങ്ങളുടെ സ്നേഹത്തിന്റെയും വിലമതിപ്പിന്റെയും വ്യക്തിപരമായ പ്രകടനങ്ങൾ, ഹാജരാകാൻ തക്കവണ്ണം വിദ്യാർഥിയുടെ താത്പര്യത്തെ ഉണർത്തും.
3 യഹോവയുടെ സംഘടന ഒരു സാർവദേശീയ സഹോദരവർഗമാണെന്ന് പുതിയവർ തിരിച്ചറിയേണ്ടതുണ്ട്. യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം, നമ്മുടെ മുഴു സഹോദരവർഗവും എന്നീ വീഡിയോകൾ അവരെ കാണിക്കുക. ലോകവ്യാപകമായി യഹോവയുടെ ഇഷ്ടം നിറവേറ്റുന്നതിന് ദശലക്ഷക്കണക്കിനു സമർപ്പിത വ്യക്തികളെ അവൻ ഉപയോഗിക്കുന്നു എന്നതു വിലമതിക്കാൻ അവരെ സഹായിക്കുക. ദൈവത്തെ സേവിക്കാൻ തങ്ങളും ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ പുതിയവർ തിരിച്ചറിയട്ടെ.—യെശ. 2:2, 3.
4 ഒരു ബൈബിൾ വിദ്യാർഥി യേശുവിന്റെ ഒരു യഥാർഥ ശിഷ്യൻ ആയിത്തീരുന്നതു കാണുന്നത് അത്യധികമായ സന്തോഷത്തിനുള്ള കാരണമാണ്. അതാണു നമ്മുടെ ലക്ഷ്യം!—3 യോഹ. 4.