സവിശേഷമായ ഒരു പ്രോത്സാഹന കൈമാറ്റം
1 യഹോവയുടെ ജനം വിശ്വാസത്തിന്റെ പരിശോധനകളെ അഭിമുഖീകരിക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല. തനിക്ക് അൽപ്പകാലമേ ശേഷിച്ചിട്ടുള്ളൂ എന്നറിഞ്ഞുകൊണ്ടു പിശാച് യഹോവയോടുള്ള നമ്മുടെ ദൃഢവിശ്വസ്തത തകർക്കുന്നതിനു അവസാന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. (വെളി. 12:12) നമുക്ക് “ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു [നമുക്ക്] ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു” “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെ”ടേണ്ടത് മർമപ്രധാനമാണ്.—എഫെ. 6:10, 13.
2 ശക്തി ആർജിക്കാൻ നമ്മെ സഹായിക്കുന്നതിനുള്ള യഹോവയുടെ ഒരു കരുതലാണ് സഹവിശ്വാസികളുമൊത്തുള്ള കൂടിവരവ്. അപ്പൊസ്തലനായ പൗലൊസ് അതു വിലമതിച്ചു. തന്റെ ക്രിസ്തീയ സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ അവൻ അതിയായി വാഞ്ഛിച്ചു, അങ്ങനെ അവർക്ക് “ഒത്തൊരുമിച്ച് പ്രോത്സാഹിതരാകാനും” “ഉറച്ചവരായിത്തീരാനും” കഴിയുമായിരുന്നു. (റോമ. 1:11, 12, NW, അടിക്കു.) ദൈവേഷ്ടം ചെയ്യുന്നതിനായി നമ്മെ ശക്തീകരിക്കുന്നതിന് ആവശ്യമായ പരസ്പര പ്രോത്സാഹനം നേടുന്നതിനുള്ള അവസരം, വരാൻപോകുന്ന “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിലൂടെ ഭരണസംഘം ഒരുക്കിയിരിക്കുന്നു.
3 പ്രയോജനം നേടുന്നതിന് അവിടെ ഉണ്ടായിരിക്കുക: മൂന്നു ദിവസവും ഹാജരാകാൻ ലക്ഷ്യം വെക്കുക. പ്രാരംഭ ഗീതത്തിനു മുമ്പ് എത്തിച്ചേർന്നുകൊണ്ടും സമാപന പ്രാർഥനയിൽ ഹൃദയംഗമമായി “ആമേൻ” പറയുന്നതുവരെ അവിടെ ഉണ്ടായിരുന്നുകൊണ്ടും നാം ‘പ്രയോജനം’ നേടുന്നു. (യെശ. 48:17, 18) ഈ വർഷം പൊതു അവധി ദിവസങ്ങളിലാണു കൺവെൻഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് നീണ്ട അവധി എടുക്കാതെതന്നെ കുട്ടികൾക്കും ജോലിക്കാരായ പ്രസാധകർക്കും ഹാജരാകാൻ കഴിയും. എന്നിരുന്നാലും, ഇന്ത്യയുടെ വടക്കും വടക്കുകിഴക്കൻ പ്രദേശങ്ങളിലും നിന്നുള്ളവർക്ക് മുംബൈ വരെ വരുന്നതിന് കുറേയധികം ദിവസങ്ങൾ വേണ്ടിവന്നേക്കാം. അതുകൊണ്ട് മൂന്നു ദിവസവും ഹാജരാകാൻ സാധിക്കത്തക്കവിധം അവർ തങ്ങളുടെ ജോലിയുടെ പട്ടികയിൽ ആവശ്യമായ ക്രമീകരണങ്ങൾ കാലേകൂട്ടിത്തന്നെ വരുത്തേണ്ടതുണ്ട്. വലിയ കൺവെൻഷനുകൾക്കു ഹാജരാകുന്നതിനു കൂടുതൽ ശ്രമം ആവശ്യമായിരുന്നേക്കാം, എന്നിരുന്നാലും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് അവൻ നമ്മെ സഹായിക്കും എന്ന ഉറപ്പു നമുക്കുണ്ട്. (1 യോഹ. 5:14, 15) കൺവെൻഷൻ യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റുകൾ രണ്ടു മാസം മുമ്പേ ബുക്കു ചെയ്യാവുന്നതാണ്. ഇതുവരെ അത് ചെയ്തിട്ടില്ലെങ്കിൽ അവസാന നിമിഷം വരെ കാത്തിരിക്കാതെ യാത്രയ്ക്കും താമസത്തിനും ഉള്ള ക്രമീകരണങ്ങൾ ഇപ്പോൾത്തന്നെ ചെയ്യുക. മൂന്നു ദിവസവും ഹാജരാകാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും എന്നതിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—സദൃ. 10:22.
4 പ്രോത്സാഹനത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുക: “ഞാൻ ഇതേവരെ ഹാജരായിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലതായിരുന്നു ഇത്.” ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നിന്നു മടങ്ങവേ നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? എന്തുകൊണ്ടായിരിക്കാം നിങ്ങൾക്ക് അങ്ങനെ തോന്നിയത്? അപൂർണ മനുഷ്യരെന്ന നിലയിൽ നാം ക്രമേണ ക്ഷീണിതരായിത്തീർന്നേക്കാം, അപ്പോൾ ആത്മീയ പ്രോത്സാഹനത്തിന്റെ ആവശ്യം നമുക്ക് അനുഭവപ്പെടുന്നു. (യെശ. 40:30) ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “ഈ വ്യവസ്ഥിതി എന്നെ ക്ഷീണിതയാക്കുന്നു, എന്നാൽ കൺവെൻഷനുകൾ എന്റെ ആത്മീയ കാഴ്ചപ്പാടു പുതുക്കാൻ സഹായിക്കുന്നു, അവ എനിക്ക് ആവശ്യമായ ആത്മീയ ശക്തി പകരുന്നു. പ്രോത്സാഹനം ഏറ്റവും ആവശ്യമായിരിക്കുന്ന സമയത്തുതന്നെ എനിക്ക് അതു ലഭിക്കാറുണ്ട്.” സാധ്യതയനുസരിച്ച് നിങ്ങൾക്കും സമാനമായ വികാരം അനുഭവപ്പെട്ടിട്ടുണ്ടാകാം.
5 പ്രസംഗങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മാത്രമല്ല, ആത്മീയ പോഷണം പ്രദാനം ചെയ്യുന്ന, കൺവെൻഷന്റെ മറ്റു സവിശേഷതകളിലൂടെയും നമുക്ക് ആവശ്യമായ പ്രോത്സാഹനം ലഭിക്കുന്നു. ഒരു സഹോദരൻ പറഞ്ഞു: “ബൈബിൾ തത്ത്വങ്ങൾ എങ്ങനെ ബാധകമാകുന്നു എന്നുള്ള വ്യക്തവും പ്രായോഗികവുമായ വിശദീകരണങ്ങളാണു ഞാൻ ഏറെ വിലമതിക്കുന്നത്. നല്ലതും മോശവുമായ കഴിഞ്ഞകാല ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എപ്രകാരം പ്രയോജനം നേടാനാകുമെന്ന് കാണിക്കുന്നതിൽ നാടകങ്ങൾ തീർച്ചയായും മൂല്യവത്തായ പങ്കു വഹിക്കുന്നു. ഞാൻ എപ്പോഴും നോക്കിപ്പാർത്തിരിക്കുന്ന ഒന്നാണ് പുതിയ പ്രസിദ്ധീകരണങ്ങൾ, വീട്ടിൽ മടങ്ങിയെത്തി വളരെ കഴിഞ്ഞും ഞാൻ അവ വളരെയധികം ആസ്വദിക്കുന്നു.”
6 “ഇടപെടാൻ പ്രയാസമായ” ഈ “ദുർഘടസമയങ്ങ”ളിൽ കൺവെൻഷനുകൾ യഹോവയിൽനിന്നുള്ള ജീവത്പ്രധാന കരുതലാണ്. (2 തിമൊ. 3:1, NW) പിൻവരുന്ന നിശ്വസ്ത ബുദ്ധിയുപദേശം ബാധകമാക്കാൻ അവ നമ്മെ സഹായിക്കുന്നു: “ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.” (1 കൊരി. 16:13) അതുകൊണ്ട് “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മുഴു പരിപാടികൾക്കും ഹാജരാകുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കു ദൃഢചിത്തരായിരിക്കാം!
[3-ാം പേജിലെ ചതുരം]
മൂന്നു ദിവസവും ഹാജരാകാൻ
ആസൂത്രണം ചെയ്യുക
■ ജോലിയിൽനിന്ന് അവധിക്ക് അപേക്ഷിക്കുക.
■ കൺവെൻഷൻ നഗരത്തിൽ താമസസൗകര്യം ക്രമീകരിക്കുക.
■ കൺവെൻഷനു പോകാനുള്ള യാത്രാ ക്രമീകരണങ്ങൾ ചെയ്യുക.