നിങ്ങളുടെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തുക
1 നമ്മുടെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള മഹത്തായ അവസരമാണ് വരാൻ പോകുന്ന “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമുക്കു പ്രദാനം ചെയ്യുന്നത്. പോഷകപ്രദമായ ഭൗതിക ആഹാരംപോലെ ഈ കൺവെൻഷനിലെ പരിപാടികൾ തീർച്ചയായും ‘വിശ്വാസത്തിന്റെ വചനത്താൽ’ നമ്മെ ആത്മീയമായി പരിപോഷിപ്പിക്കും. (1 തിമൊ. 4:6) അതു യഹോവയോട് അടുത്തുചെല്ലാൻ നമ്മെ പ്രാപ്തരാക്കും. ജീവിതത്തിലെ പരിശോധനകൾ തരണം ചെയ്യാൻ നമ്മെ സഹായിക്കുന്ന ബുദ്ധിയുപദേശവും പ്രോത്സാഹനവും നമുക്ക് അവിടെ പ്രതീക്ഷിക്കാനാകും. യഹോവ നമുക്ക് ഉറപ്പു നൽകുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” (സങ്കീ. 32:8) അവൻ നമുക്ക് സ്നേഹപുരസ്സരമായ മാർഗനിർദേശം നൽകുന്നതിനാൽ നാം എത്ര അനുഗൃഹീതരാണ്! കൺവെൻഷൻ പരിപാടിയിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിനു നമുക്കു സ്വീകരിക്കാൻ കഴിയുന്ന ചില പ്രായോഗിക നടപടികൾ പരിചിന്തിക്കുക.
2 നാം നമ്മുടെ ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്: നമ്മുടെ ആലങ്കാരിക ഹൃദയം കാത്തുകൊള്ളാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമുണ്ട്. (സദൃ. 4:23) അതിന് ആത്മശിക്ഷണവും തന്നോടുതന്നെയുള്ള സത്യസന്ധതയും ആവശ്യമാണ്. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ചു ധ്യാനിക്കാനുള്ള, ‘സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണത്തിലേക്ക് ഉറ്റുനോക്കാനുള്ള’ അവസരം ഈ കൺവെൻഷൻ നമുക്കു പ്രദാനം ചെയ്യുന്നു. ‘വചനം ഉൾനടുവാൻ’ നമ്മുടെ ഹൃദയത്തെ ഒരുക്കുന്നതിന്, നമ്മെ പരിശോധിച്ച് തിരുത്തൽ ആവശ്യമായ “വ്യസനത്തിനുള്ള മാർഗ്ഗം” നമ്മിൽ ഉണ്ടോ എന്നു നോക്കി, ‘ശാശ്വതമാർഗ്ഗത്തിൽ നടത്തേണമേ’ എന്നു നാം യഹോവയോടു യാചിക്കണം.—യാക്കോ. 1:21, 25; സങ്കീ. 139:23, 24.
3 ശ്രദ്ധിച്ചു കേൾക്കുക, ധ്യാനിക്കുക: തന്റെ വാക്കുകൾക്ക് അടുത്ത ശ്രദ്ധ നൽകിയതിന് പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യേശു മറിയയെ അഭിനന്ദിച്ചു: “മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.” (ലൂക്കൊ. 10:39, 42) മറിയയുടേതിനു സമാനമായ മാനസികാവസ്ഥയാണ് നമുക്കുള്ളതെങ്കിൽ നിസ്സാര കാര്യങ്ങൾ നമ്മുടെ ശ്രദ്ധ പതറിക്കാൻ നാം അനുവദിക്കില്ല. മുഴു പരിപാടിയുടെയും സമയത്ത് ഇരിപ്പിടങ്ങളിൽ ആയിരുന്നുകൊണ്ട് അവ ശ്രദ്ധിക്കുന്നുവെന്നു നാം ഉറപ്പു വരുത്തും. അനാവശ്യമായി സംസാരിക്കുന്നതും കറങ്ങിനടക്കുന്നതും നാം ഒഴിവാക്കും. മൊബൈൽ ഫോൺ, പേജർ, ക്യാമറ, വീഡിയോ ക്യാമറ എന്നിവ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പതറിക്കാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കും.
4 പ്രസംഗം നടക്കുമ്പോൾ, വിഷയം എങ്ങനെ വികസിപ്പിക്കുന്നു എന്നു വിശകലനം ചെയ്യുന്നതിന് ഹ്രസ്വമായ കുറിപ്പുകൾ എടുക്കുന്നതു നല്ലതാണ്. കേൾക്കുന്ന കാര്യങ്ങളെ ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കണം. വിവരങ്ങൾ ഗ്രഹിക്കാനും ഓർത്തിരിക്കാനും അതു സഹായിക്കും. കുറിപ്പുകൾ പുനരവലോകനം ചെയ്യുമ്പോൾ വിവരങ്ങൾ വ്യക്തിപരമായി ബാധകമാക്കുക എന്ന ലക്ഷ്യത്തിൽ വേണം അതു ചെയ്യാൻ. നമുക്ക് ഓരോരുത്തർക്കും ഇപ്രകാരം ചോദിക്കാവുന്നതാണ്: ‘ഇത് യഹോവയുമായുള്ള എന്റെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു? ജീവിതത്തിൽ എന്തെല്ലാം പൊരുത്തപ്പെടുത്തലുകളാണു ഞാൻ വരുത്തേണ്ടത്? മറ്റുള്ളവരുമായുള്ള എന്റെ ഇടപെടലുകളിൽ ഈ വിവരങ്ങൾ എനിക്ക് എങ്ങനെ ബാധകമാക്കാനാകും? ശുശ്രൂഷയിൽ എനിക്ക് ഇത് എങ്ങനെ ഉപയോഗിക്കാൻ കഴിയും?’ നാം വിശേഷാൽ വിലമതിക്കുന്ന ആശയങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യുക. ഇങ്ങനെയൊക്കെ ചെയ്യുന്നത് യഹോവയുടെ വചനങ്ങൾ ‘നമ്മുടെ ഹൃദയത്തിന്റെ നടുവിൽ’ സൂക്ഷിക്കാൻ നമ്മെ സഹായിക്കും.—സദൃ. 4:20, 21.
5 പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നവർ ആയിരിക്കാം: ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ച ഒരു വ്യക്തി ഇപ്രകാരം പറഞ്ഞു: “പരിപാടികൾ വ്യക്തിഗത അടിസ്ഥാനത്തിൽ ബാധകമാക്കാൻ കഴിയുന്നവ ആയിരുന്നു, തന്റെയും കുടുംബാംഗങ്ങളുടെയും ഹൃദയാവസ്ഥ പരിശോധിക്കാനും ആവശ്യമായ തിരുവെഴുത്തു സഹായം നേടാനും ഒരുവനെ പ്രേരിപ്പിക്കുന്നതായിരുന്നു. സഭയ്ക്കു കൂടുതലായ സഹായം നൽകുന്നതിനുള്ള എന്റെ ഉത്തരവാദിത്വത്തെ കുറിച്ച് അത് എന്നെ ഏറെ ബോധവാനാക്കി.” നമ്മിൽ മിക്കവർക്കും അങ്ങനെ തോന്നിയിട്ടുണ്ടാകാം. എന്നാൽ വെറുതെ പ്രോത്സാഹിതരും നവോന്മേഷിതരുമായി മടങ്ങിപ്പോയാൽ പോരാ. യേശു പറഞ്ഞു: “ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യോഹ. 13:17) നമുക്കു വ്യക്തിപരമായി ബാധകമാകുന്ന ആശയങ്ങൾ നാം ഉത്സാഹത്തോടെ പ്രാവർത്തികമാക്കണം. (ഫിലി. 4:9) നമ്മുടെ ആത്മീയാവശ്യങ്ങൾ പൂർണമായി തൃപ്തിപ്പെടുത്തുന്നതിനുള്ള താക്കോൽ അതാണ്.
[5-ാം പേജിലെ ചതുരം]
കേൾക്കുന്ന കാര്യങ്ങളെ കുറിച്ച് ധ്യാനിക്കുക:
■ യഹോവയുമായുള്ള എന്റെ ബന്ധത്തെ ഇത് എങ്ങനെ ബാധിക്കുന്നു?
■ മറ്റുള്ളവരുമായുള്ള എന്റെ ഇടപെടലുകളെ ഇത് എങ്ങനെ സ്വാധീനിക്കുന്നു?
■ എന്റെ ജീവിതത്തിലും ശുശ്രൂഷയിലും ഇത് എങ്ങനെ ബാധകമാക്കാനാകും?