സകല ഭാഷകളിൽനിന്നും ആളുകളെ കൂട്ടിച്ചേർക്കൽ
1 ദൈവത്തിന്റെ വചനം നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു! “ജാതികളുടെ സകല ഭാഷകളിൽനിന്നു”മുള്ള ആളുകൾ സത്യാരാധന സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. (സെഖ. 8:23) ഇന്ത്യയിലെ സകല ‘വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലുമുള്ള’ ആളുകളെ മഹോപദ്രവത്തെ അതിജീവിക്കുകയെന്ന പ്രതീക്ഷയോടെ, യഹോവയുടെ മുമ്പാകെ ഒരു ശുദ്ധമായ നിലയിലേക്കു വരാൻ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു സഹായിക്കുന്നത്?—വെളി. 7:9, 14, NW.
2 ദൈവത്തിന്റെ സംഘടന പ്രതികരിക്കുന്നു: ഈ രാജ്യത്തെങ്ങുമുള്ള ജനങ്ങൾ സുവാർത്തയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കണമെന്ന ഉദ്ദേശ്യത്തിൽ ഭരണസംഘം 24 ഭാരതീയ ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിരിക്കുന്നു. ഇത്രയധികം ഭാഷകളിൽ സാഹിത്യങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുക എന്നതു ബൃഹത്തായ ഒരു വേലയാണ്. പ്രാപ്തരായ പരിഭാഷകരുടെ കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതും ഈ ഭാഷകളിലേക്കെല്ലാം നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും ആ സാഹിത്യങ്ങൾ അച്ചടിച്ച് കയറ്റി അയയ്ക്കുന്നതുമെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, മുഖ്യ പങ്കു വഹിക്കുന്നത് ആളുകളുടെ പക്കൽ ബൈബിളിന്റെ ജീവരക്ഷാകരമായ സന്ദേശം എത്തിക്കുന്ന ഓരോ രാജ്യപ്രസാധകനുമാണ്.
3 വെല്ലുവിളി സ്വീകരിക്കൽ: മറ്റു ഭാഷക്കാരായ ധാരാളം ആളുകളെ അവരുടെ സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ള പല വൻനഗരങ്ങളിലും കാണാൻ കഴിയും. ഇവരുടെ പക്കൽ സുവാർത്ത ഫലകരമായി എത്തിക്കാൻ കഴിയത്തക്കവിധം മറ്റു ഭാഷകളിലുള്ള സാഹിത്യങ്ങൾ നാം കൈയിൽ കരുതുന്നുണ്ടോ? ദൈവദാസന്മാരിൽ അനേകരും അതു ചെയ്യുക മാത്രമല്ല, തങ്ങളുടെ പ്രദേശത്തു പൊതുവേയുള്ള ഭാഷകളിലെ ലളിതമായ ഒരു അവതരണം പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിക്കുന്നവരുടെ പക്കൽ പോലും സത്യം എത്തിക്കാൻ സാധിക്കുന്നു. മുമ്പൊരിക്കലും യഹോവയെക്കുറിച്ചു കേൾക്കുകയോ ബൈബിളിനെക്കുറിച്ച് അറിയുകയോ ചെയ്തിട്ടില്ലാത്ത ചിലർ ഇപ്പോൾ ദൈവവചനത്തിലെ സത്യം സ്വീകരിക്കുന്നുണ്ട്.—റോമ. 15:21.
4 താത്പര്യം കാണിച്ച മറ്റു ഭാഷക്കാർ അവഗണിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാനാകും? നിങ്ങൾ താമസിക്കുന്ന നഗരത്തിൽ താത്പര്യക്കാരന്റെ അതേ ഭാഷയിലുള്ള ഒരു സഭ ഉണ്ടെങ്കിൽ, ‘ദയവായി മടങ്ങിച്ചെല്ലുക’ ഫാറം (S-43) ഉപയോഗിച്ചു താത്പര്യക്കാരന്റെ മേൽവിലാസം ആ സഭയ്ക്കു നൽകാവുന്നതാണ്. അങ്ങനെയൊരു സഭ ഇല്ലെങ്കിൽ, ആ ഭാഷ അറിയാവുന്ന പ്രദേശത്തെ ഒരു പ്രസാധകനെ വിവരം ധരിപ്പിക്കാവുന്നതാണ്. അത്തരം സന്ദർശനങ്ങൾ നടത്താൻ നമ്മോട് അഭ്യർഥിക്കുന്നപക്ഷം, യാത്ര ചെയ്യുന്നതിനും ആ വ്യക്തിയെ കണ്ടുമുട്ടുന്നതിനും നല്ല ശ്രമം ചെയ്യാനാവില്ലേ? ഈ വിധത്തിൽ നമ്മുടെ പ്രദേശത്തുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട ആളുകൾക്ക് അവരുടെ സ്വന്തം ഭാഷയിൽ സുവാർത്ത പൂർണമായി കേൾക്കാൻ കഴിയും.—കൊലൊ. 1:25.
5 എല്ലാ പശ്ചാത്തലങ്ങളിലും ഭാഷകളിലുംപെട്ട ആളുകൾക്കു രാജ്യസന്ദേശം ആർഷകമാണ്. അവരുമായി സുവാർത്ത പങ്കുവെക്കാനുള്ള അവസരങ്ങൾ നമുക്കു പ്രയോജനപ്പെടുത്താം.