പുതിയ സർക്കിട്ട് സമ്മേളന പരിപാടി
1 അസ്ഥിരമായ ഈ ലോകത്തിൽ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ നാം യഹോവയിൽ ആശ്രയിക്കേണ്ടതു മർമപ്രധാനമാണ്. ഈ ആശ്രയം ദൈനംദിന ജീവിതത്തിൽ നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? യഹോവയിൽ ആശ്രയിക്കുന്നത് നമ്മുടെ വ്യക്തിപരമായ ജീവിതത്തെയും കുടുംബ ജീവിതത്തെയും എങ്ങനെയാണു ബാധിക്കുന്നത്? സാത്താന്യ ലോകത്തിന്റെ സ്വാധീനങ്ങളെ ചെറുക്കാൻ ഇതു നമ്മെ എങ്ങനെ സഹായിക്കുന്നു? സേവനവർഷം 2003-ലെ സർക്കിട്ട് സമ്മേളന പരിപാടി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. “യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്യുക” എന്നതാണ് അതിന്റെ പ്രതിപാദ്യവിഷയം.—സങ്കീ. 37:3.
2 യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രത്യേക സാഹചര്യങ്ങളിലും പ്രതികൂല നാളുകളിലും മാത്രം പ്രകടമാക്കിയാൽ പോരാ. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ സമസ്ത തലങ്ങളിലും അതു പ്രകടമായിരിക്കണം. ‘എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കുക’ എന്ന പ്രാരംഭ പ്രസംഗത്തിൽ ഈ സംഗതിക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. (സങ്കീ. 62:8) വിജയപ്രദമായ ഒരു വിവാഹജീവിതം കെട്ടിപ്പടുക്കുന്നതിനും കുടുംബ വൃത്തത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനും നമ്മെ സഹായിക്കുന്ന ബൈബിളധിഷ്ഠിത വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നും ബാധകമാക്കാമെന്നും നാലു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം നമുക്കു കാണിച്ചുതരും. ‘യഹോവയിൽ ആശ്രയം പ്രകടമാക്കൽ’ എന്നതായിരിക്കും അതിന്റെ പ്രതിപാദ്യവിഷയം.
3 സാത്താന്റെ ലോകം, ശരിയും തെറ്റും സംബന്ധിച്ച വികലമായ ഒരു വീക്ഷണം നമ്മുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അതുപോലെ, സുപ്രധാനവും അപ്രധാനവുമായ കാര്യങ്ങൾ സംബന്ധിച്ച് അതു നമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. (യെശ. 5:20) “ജീവിതത്തിന്റെ വ്യർഥതയ്ക്കെതിരെ ജാഗ്രത പാലിക്കുക,” “തിന്മ വെടിയുക, നന്മ ചെയ്യുന്നവർ ആയിരിക്കുക” എന്നീ പരിപാടികൾ യഹോവയുടെ ഉന്നത നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ അരക്കിട്ടുറപ്പിക്കും.—ആമോ. 5:14.
4 യഹോവ ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ ദൈവദാസന്മാർ അവനിൽ പരിപൂർണമായി ആശ്രയിക്കേണ്ടത് അനിവാര്യമായിത്തീരും. “ലോകാരിഷ്ടതയിൽനിന്നുള്ള വിടുതൽ സമീപിച്ചിരിക്കുന്നു” എന്ന പരസ്യപ്രസംഗം ഈ ആശയം വിശേഷവത്കരിക്കും. തുടർന്ന്, “ദൈവരാജ്യത്തിനു യോഗ്യനായി നിങ്ങൾ എണ്ണപ്പെടുമോ?” എന്ന ഭാഗം സ്വയം ഒന്നു വിലയിരുത്താനുള്ള അവസരം പ്രദാനം ചെയ്യും. “യഹോവയുടെ വാഗ്ദാനങ്ങളിൽ ആശ്രയം വെക്കുക” എന്ന ആഹ്വാനത്തോടെ പരിപാടി സമാപിക്കും.
5 എല്ലാ സമ്മേളനങ്ങളുടെയും ഒരു സവിശേഷതയാണ് സ്നാപന പ്രസംഗം. സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും അക്കാര്യം കഴിവതും നേരത്തേ അധ്യക്ഷ മേൽവിചാരകനെ അറിയിക്കണം. അങ്ങനെയാകുമ്പോൾ അദ്ദേഹത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും.
6 അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ഈ നാളുകളിൽ, യഹോവ മാത്രമാണ് നമ്മുടെ ശരണവും പാറയും. (സങ്കീ. 118:8, 9) മുഴു സർക്കിട്ട് സമ്മേളന പരിപാടിക്കും സന്നിഹിതർ ആയിരുന്നുകൊണ്ട് നമുക്ക് ഓരോരുത്തർക്കും യഹോവയിലുള്ള ആശ്രയം പൂർവാധികം ബലിഷ്ഠമാക്കാം.