ദിവ്യാധിപത്യ ആസ്തികളോടു വിലമതിപ്പു പ്രകടമാക്കുക
1 ആലയത്തിന്റെ കേടുപോക്കലിനുള്ള ക്രമീകരണങ്ങൾ ചെയ്യവേ, പ്രസ്തുത വേലയ്ക്കു നിയമിക്കപ്പെട്ടവരെ അഭിനന്ദിച്ചുകൊണ്ട് യോശീയാവ് രാജാവ് ഇപ്രകാരം പറഞ്ഞു: “ദ്രവ്യം കയ്യേററുവാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ [“വിശ്വസ്തതയോടെയല്ലോ,” NW] പ്രവർത്തിക്കുന്നതു.” (2 രാജാ. 22:3-7) വിശുദ്ധ കാര്യങ്ങളോടുള്ള അവരുടെ വിലമതിപ്പ്, അവരെ ഏൽപ്പിച്ച ധനം അവർ കൈകാര്യം ചെയ്തിരുന്ന വിധത്തിൽ വളരെ പ്രകടമായിരുന്നു. ഇന്ന്, നാം ദൈവത്തിന്റെ സുവാർത്തയുടെ വിശുദ്ധവേലയിൽ ഏർപ്പെട്ടിരിക്കെ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിൽ നാമും വിശ്വസ്തത പ്രകടമാക്കണം.
2 വയൽശുശ്രൂഷയിൽ: നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ജീവത്പ്രധാന സന്ദേശത്തോടുള്ള വിലമതിപ്പും അവ പ്രസിദ്ധീകരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ചെലവിനെ സംബന്ധിച്ച ബോധവും അവയ്ക്കു വലിയ മൂല്യം കൽപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ബൈബിൾ സന്ദേശത്തോടു യഥാർഥ വിലമതിപ്പു കാണിക്കാത്തവർക്കു നാം വിവേകരഹിതമായി നമ്മുടെ സാഹിത്യം നൽകരുത്. ഒരുവൻ സുവാർത്തയിൽ വളരെ കുറച്ചു താത്പര്യമേ കാണിക്കുന്നുള്ളൂ എങ്കിൽ മറ്റു സാഹിത്യങ്ങൾക്കു പകരം ഒരു ലഘുലേഖ അയാൾക്കു നൽകാവുന്നതാണ്.
3 സാഹിത്യങ്ങളുടെ മൂല്യത്തെ നാം വിലമതിക്കുന്നുവെന്ന് പ്രകടമാക്കുന്ന വിധത്തിൽ അവ വിതരണം ചെയ്യുക. പൊതു സ്ഥലങ്ങളിൽ അവ വെറുതെ ഇട്ടിട്ടു പോന്നാൽ അത് അവിടെയെല്ലാം ചിതറിക്കിടക്കാനിടയാകും, അതുകൊണ്ട് അങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക. സാഹിത്യങ്ങൾ പാഴാക്കാതിരിക്കാൻ, കൂടുതൽ സാഹിത്യങ്ങൾ എടുക്കുന്നതിനു മുമ്പ് നിങ്ങളുടെ പക്കൽ എന്തെല്ലാം ഉണ്ട് എന്നതിന്റെ കണക്കെടുക്കുക. ഓരോ ലക്കം മാസികയും പതിവായി മിച്ചം വരുന്നെങ്കിൽ അവയുടെ ഓർഡർ കുറയ്ക്കുന്ന കാര്യം പരിചിന്തിക്കുക.
4 വ്യക്തിപരമായ ഉപയോഗത്തിനുള്ള പ്രസിദ്ധീകരണങ്ങൾ: ഡീലക്സ് ബൈബിളുകൾക്കും റഫറൻസ് ബൈബിളുകൾ, കൺകോർഡൻസ്, ഇൻഡക്സ്, ഉൾക്കാഴ്ച വാല്യങ്ങൾ, ഘോഷകർ പുസ്തകം എന്നിങ്ങനെയുള്ള മറ്റു വലിയ പ്രസിദ്ധീകരണങ്ങൾക്കും വേണ്ടി മേലാൽ ഓർഡർ ചെയ്യാൻ സാധിക്കുകയില്ലാത്തതിനാൽ ഇവ എത്രമാത്രം മൂല്യവത്താണ് എന്നു നമുക്കറിയാം. നിങ്ങളുടെ ലൈബ്രറിയിൽ അവയുടെ പ്രതികൾ ഉണ്ടെങ്കിൽ അവ നന്നായി സൂക്ഷിക്കുക. മറ്റുള്ളവർക്ക് രാജ്യഹാൾ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രതികൾ പരിശോധിക്കേണ്ടതുണ്ടായിരിക്കാം. അവ നല്ല അവസ്ഥയിൽ യഥാസ്ഥാനത്തു തന്നെ ഉണ്ട് എന്ന് ഉറപ്പാക്കുന്നതിൽ എല്ലാവരും സഹകരിക്കേണ്ടതുണ്ട്.
5 പ്രസിദ്ധീകരണങ്ങളുടെ വ്യക്തിപരമായ പ്രതികളിൽ പേരും മേൽവിലാസവും എഴുതുന്ന രീതി നിങ്ങൾക്കുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ എവിടെയെങ്കിലും വെച്ച് മറന്ന് നഷ്ടപ്പെട്ടു പോകുന്ന സാഹിത്യങ്ങൾക്കു പകരമായി പുതിയവ സമ്പാദിക്കേണ്ടി വരുകയില്ല. കാരണം നിങ്ങളുടെ പാട്ടുപുസ്തകമോ ബൈബിളോ അധ്യയന പ്രസിദ്ധീകരണമോ നഷ്ടപ്പെട്ടാൽ ഒരുപക്ഷേ രാജ്യഹാളിലെയോ സമ്മേളന ഹാളിലെയോ കളഞ്ഞുകിട്ടിയ സാധനങ്ങളുടെ കൂട്ടത്തിൽനിന്ന് അവ തിരികെ ലഭിച്ചേക്കാം.—ലൂക്കൊ. 15:8, 9.
6 നമ്മുടെ സാഹിത്യങ്ങൾ ഏറ്റവും ജ്ഞാനപൂർവം ഉപയോഗിക്കാൻ നമുക്കു ശ്രമിക്കാം. യഹോവ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന രാജ്യ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിൽ വിശ്വസ്തത പ്രകടമാക്കുന്നതിനുള്ള ഒരു മാർഗമാണത്.—ലൂക്കൊ. 16:10.