“തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽനിന്ന് പൂർണ പ്രയോജനം നേടൽ
1 പ്രചോദനാത്മകമായ ഒരു പരിപാടി: കഴിഞ്ഞ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ എത്ര നവോന്മേഷദായകമായ പരിപാടികളാണു നാം ആസ്വദിച്ചത്! ദൈവരാജ്യം ഘോഷിക്കുന്നതിനു കൂടുതൽ സജ്ജരായിത്തീരുക എന്ന പൊതു ലക്ഷ്യത്തോടെയാണു നാമേവരും കൂടിവന്നത്. പ്രാരംഭ പ്രസംഗത്തിൽ “ഘോഷിക്കുക” എന്ന പദം പ്രസംഗകൻ നിർവചിച്ചത് എങ്ങനെയെന്നു നിങ്ങൾ ഓർക്കുന്നുണ്ടോ? “യഹോവ നമ്മോടുകൂടെയുണ്ട് എന്നറിഞ്ഞ് നിർഭയർ ആയിരിക്കുവിൻ” എന്ന പ്രസംഗത്തിൽ എന്തു ഗവേഷണം നടത്താനാണ് നമ്മെ പ്രോത്സാഹിപ്പിച്ചത്? അതിനുശേഷം ഇന്നുവരെ നിങ്ങൾക്ക് ഏതെല്ലാം ജീവിത കഥകൾ പരിശോധിക്കാൻ കഴിഞ്ഞു?
2 “നമ്മുടെ വിശ്വാസത്തിന്റെ ഗുണമേന്മ വിവിധ പരീക്ഷകളാൽ പരിശോധിക്കപ്പെടുന്നു” എന്ന സിമ്പോസിയത്തിൽ യഹോവ പീഡനങ്ങൾ അനുവദിക്കുന്നതിന്റെ മൂന്നു പ്രധാന കാരണങ്ങൾ സംബന്ധിച്ചു പറയുകയുണ്ടായി. അവ ഏതെല്ലാമാണെന്നു നിങ്ങൾക്കു വിശദീകരിക്കാമോ? നമ്മുടെ ക്രിസ്തീയ നിഷ്പക്ഷതയുടെ തിരുവെഴുത്തധിഷ്ഠിത കാരണം എന്താണ്? നിഷ്പക്ഷത നിമിത്തം ഉയർന്നുവന്നേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ നമ്മെത്തന്നെ സജ്ജരാക്കാനായി എന്തു ചെയ്യാനാണു നമ്മെ പ്രോത്സാഹിപ്പിച്ചത്? പരിശോനകളിൻ മധ്യേ നാം വിശ്വസ്തരായി സഹിച്ചു നിൽക്കുന്നത് യഹോവയ്ക്ക് എങ്ങനെയാണു മഹത്ത്വം കരേറ്റുന്നത്?
3 “പ്രക്ഷുബ്ധ നാളുകളിൽ ഉറച്ചു നിൽക്കുക” എന്ന നാടകത്തിലെ ഏതു രംഗങ്ങളാണ് വിശേഷാൽ നിങ്ങളെ ശക്തീകരിച്ചത്? യിരെമ്യാവിനെപ്പോലെ ആയിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
4 “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്ന പരസ്യപ്രസംഗം, ദൈവത്തിന്റെ ഭയജനകമായ ദിവസത്തിലേക്കു നയിക്കുന്ന, ഏതു നിർണായക ഭാവി സംഭവങ്ങളെ കുറിച്ചാണു പറഞ്ഞത്? “തീക്ഷ്ണ രാജ്യഘോഷകർ എന്ന നിലയിൽ സത്പ്രവൃത്തികളിൽ സമ്പന്നരാകുവിൻ” എന്ന ഉപസംഹാര പ്രസംഗത്തിൽ കേട്ട വിവരങ്ങളെ നിങ്ങളുടെ ശുശ്രൂഷയുമായി നിങ്ങൾ എങ്ങനെയാണു ബന്ധപ്പെടുത്തിയത്?
5 ബാധകമാക്കാനുള്ള പ്രധാന പോയിന്റുകൾ: “നന്ദിയുള്ളവർ ആയിരിക്കുവിൻ” എന്ന പ്രസംഗത്തിൽ വിശദമാക്കിയ പ്രകാരം യഹോവയോടുള്ള നമ്മുടെ ആഴമായ നന്ദി നമുക്ക് എങ്ങനെ പ്രകടമാക്കാനാകും? “രാജ്യഘോഷകർ തീക്ഷ്ണതയാൽ ജ്വലിക്കുന്നു” എന്ന മുഖ്യവിഷയ പ്രസംഗത്തിൽ ആരുടെ തീക്ഷ്ണത അനുകരിക്കാനാണു നമ്മെ പ്രോത്സാഹിപ്പിച്ചത്? സ്വയം എന്തു വിലയിരുത്തൽ നടത്താനാണ് നമ്മോട് ആഹ്വാനം ചെയ്തത്?
6 “യഹോവയുടെ നാമത്തിൽ നടക്കാൻ മീഖാ പ്രവചനം നമ്മെ ശക്തീകരിക്കുന്നു” എന്ന സിമ്പോസിയത്തിൽ യഹോവയുടെ പ്രീതി സമ്പാദിക്കുന്നതിന് നാം എത്തിച്ചേരേണ്ട ഏതു മൂന്നു നിബന്ധനകൾ വിശേഷവത്കരിക്കുകയുണ്ടായി? അവയിൽ എത്തിച്ചേരാൻ നമുക്കു സാധിക്കുമോ? (മീഖാ 6:8) “ഹൃദയത്തെ കാത്തുകൊണ്ട് നിർമലരായിരിക്കുക” എന്ന പ്രസംഗം കാണിച്ചുതന്നതുപോലെ ഏതു വിധങ്ങളിൽ നാം ധാർമികമായി ശുദ്ധരായിരിക്കണം? “വഞ്ചനയ്ക്കെതിരെ ജാഗ്രത പുലർത്തുക” എന്ന പ്രസംഗം ഏതെല്ലാം മണ്ഡലങ്ങളിൽ വഞ്ചിക്കപ്പെടാതിരിക്കാനും മറ്റുള്ളവരെ വഞ്ചിക്കാതിരിക്കാനുമുള്ള മുന്നറിയിപ്പാണു നമുക്കു നൽകിയത്?
7 “തങ്ങളുടെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുന്ന രാജ്യഘോഷകർ” എന്ന സിമ്പോസിയത്തിൽ കേട്ട ഏതു പ്രായോഗിക സംഗതികൾ നിങ്ങൾ ശുശ്രൂഷയിൽ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു? “ആത്മീയ സംഭാഷണം കെട്ടുപണി ചെയ്യുന്നു” എന്ന പ്രസംഗത്തിൽ ഫിലിപ്പിയർ 4:8 വിശകലനം ചെയ്യുകയുണ്ടായി. നമ്മുടെ സംഭാഷണത്തെ ആത്മീയ കാര്യങ്ങളിലേക്കു തിരിച്ചുവിടാൻ ആ വാക്യം നമ്മെ എങ്ങനെ സഹായിക്കുന്നു, നാം എപ്പോഴൊക്കെയാണ് അങ്ങനെ ചെയ്യേണ്ടത്?
8 ദുരന്തങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മോശമായ ആരോഗ്യം, കുടുംബ പ്രശ്നങ്ങൾ, ബലഹീനതകൾ എന്നിവയെ എങ്ങനെ വിജയകരമായി തരണം ചെയ്യാൻ കഴിയും എന്നതു സംബന്ധിച്ച് “അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുക” എന്ന പ്രസംഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് എങ്ങനെ യഹോവയിൽ ആശ്രയം പ്രകടമാക്കാൻ കഴിയും?
9 പുതിയ ആത്മീയ നിധികൾ: ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുതിയ പുസ്തകം ലഭിച്ചപ്പോൾ നാമെല്ലാം സന്തോഷിച്ചു. അതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പ് നിങ്ങളെ എങ്ങനെ ബാധിച്ചു? നമ്മുടെ ശിഷ്യരാക്കൽ വേലയിൽ ഇത് രണ്ടാം പാഠപുസ്തകം എന്ന നിലയിൽ സഹായകമായിരിക്കുന്നത് എന്തുകൊണ്ടായിരിക്കും?
10 തുടർന്ന്, യഹോവയോട് അടുത്തു ചെല്ലുക (ഇംഗ്ലീഷ്) എന്ന പുസ്തകം നമുക്കു ലഭിച്ചു. ഈ പുസ്തകത്തിന്റെ ചില സവിശേഷതകൾ എന്തെല്ലാമാണ്? അതിലെ ഏതു ചിത്രങ്ങളാണ് നിങ്ങൾക്കു വിശേഷാൽ ഇഷ്ടപ്പെട്ടത്? യഹോവയോടു കൂടുതൽ അടുക്കുന്നതിന് ആ പുസ്തകം നിങ്ങളെ സഹായിച്ചോ? മറ്റ് ആർക്കൊക്കെ അതിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിഞ്ഞേക്കും?
11 “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഈ ദുർഘട നാളുകളെ നേരിടുന്നതിന് ആവശ്യമായ ആത്മീയ പ്രോത്സാഹനം നമുക്കു പ്രദാനം ചെയ്തു. കേട്ട കാര്യങ്ങൾ ഓർത്തിരുന്നുകൊണ്ടും വിലമതിച്ചുകൊണ്ടും ബാധകമാക്കിക്കൊണ്ടും ഈ ശ്രദ്ധേയമായ ആത്മീയ കരുതലിൽനിന്നു നമുക്കു പൂർണ പ്രയോജനം നേടാം. (2 പത്രൊ. 3:14) അപ്രകാരം ചെയ്യുന്നത് നിർമലത പാലിക്കാനും കർത്താവായ യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് രാജ്യ ഘോഷണത്തിൽ തീക്ഷ്ണത പ്രകടിപ്പിക്കാനും നമ്മെ ശക്തരാക്കും. അങ്ങനെ എല്ലാം യഹോവയുടെ മഹത്ത്വത്തിൽ കലാശിക്കും.—ഫിലി. 1:9-11.