രാജ്യസന്ദേശം ഘോഷിക്കുക
1 ‘ഞാൻ ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.’ (ലൂക്കൊ. 4:43) ഈ വാക്കുകളിലൂടെ യേശു തന്റെ ശുശ്രൂഷയുടെ പ്രതിപാദ്യ വിഷയം വ്യക്തമാക്കി. അത് ദൈവരാജ്യം ആയിരുന്നു. മത്തായി 24:14-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ ഇന്നു നാം ഘോഷിക്കുന്ന സന്ദേശവും രാജ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അവിടെ ഇങ്ങനെ വായിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ദൈവരാജ്യത്തെ കുറിച്ച് ആളുകൾ കേട്ടിരിക്കേണ്ട സത്യങ്ങൾ എന്തൊക്കെയാണ്?
2 ദൈവരാജ്യം ഇപ്പോൾ സ്വർഗത്തിൽ ഭരണം നടത്തുകയാണ്, പെട്ടെന്നുതന്നെ അത് മാനുഷ ഭരണകൂടങ്ങളെ എല്ലാം നീക്കം ചെയ്ത് ഭൂമിയുടെ മേൽ ഭരണം ആരംഭിക്കും. പിശാച് ഇപ്പോൾത്തന്നെ സ്വർഗത്തിൽനിന്നു പുറംതള്ളപ്പെട്ടിരിക്കുന്നു, ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതി അതിന്റെ അവസാന നാളുകളിലേക്കു പ്രവേശിച്ചിരിക്കുന്നു. (വെളി. 12:10, 12) സാത്താന്റെ, ദുഷ്ടത നിറഞ്ഞ പഴയ വ്യവസ്ഥിതി പൂർണമായും നശിപ്പിക്കപ്പെടും, എന്നാൽ ദൈവരാജ്യം ഇളകാത്ത ഒന്നായിരിക്കും. അത് എന്നേക്കും നിലനിൽക്കും.—ദാനീ. 2:44; എബ്രാ. 12:28.
3 രാജ്യം അനുസരണമുള്ള സകല മനുഷ്യരുടെയും ഉചിതമായ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തും. യുദ്ധം, കുറ്റകൃത്യം, പീഡനം, ദാരിദ്ര്യം എന്നിവ മൂലമുള്ള കെടുതികളെ അതു നീക്കം ചെയ്യും. (സങ്കീ. 46:8, 9; 72:12-14) സകലർക്കും സമൃദ്ധമായ ഭക്ഷണം ഉണ്ടായിരിക്കും. (സങ്കീ. 72:16; യെശ. 25:6) രോഗങ്ങളും വൈകല്യങ്ങളും കഴിഞ്ഞകാല സംഭവങ്ങളായി മാറും. (യെശ. 33:24; 35:5, 6) മനുഷ്യവർഗം പൂർണരായിത്തീരവേ ഭൂമി പറുദീസയായി രൂപാന്തരപ്പെടും, മനുഷ്യരെല്ലാം ഐക്യത്തിൽ ഒരുമിച്ചു വസിക്കും.—യെശ. 11:6-9.
4 നാം ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കാൻ ആഗ്രഹിക്കുന്നുവോ എന്ന് ഇപ്പോഴത്തെ നമ്മുടെ ജീവിതരീതി പ്രകടമാക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളും മുൻഗണനകളും ഉൾപ്പെടെയുള്ള മുഴു ജീവിത ഗതിയെയും രാജ്യസന്ദേശം സ്വാധീനിക്കണം. ഉദാഹരണത്തിന്, കുടുംബത്തിനു വേണ്ടി ഭൗതികമായി കരുതാനുള്ള കടപ്പാട് നമുക്ക് ഉണ്ടെങ്കിലും ഭൗതികത്വ ചിന്തകൾ രാജ്യ താത്പര്യങ്ങളെ ഞെരുക്കിക്കളയാൻ നാം അനുവദിക്കരുത്. (മത്താ. 13:22; 1 തിമൊ. 5:8) മറിച്ച്, യേശുവിന്റെ പിൻവരുന്ന ഉദ്ബോധനത്തിനു നാം ചെവികൊടുക്കേണ്ടതുണ്ട്: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [ഭൗതികമായി ആവശ്യമുള്ള കാര്യങ്ങൾ] നിങ്ങൾക്കു കിട്ടും.”—മത്താ. 6:33.
5 ശേഷിച്ചിരിക്കുന്ന അൽപ്പ സമയത്ത് ആളുകൾ രാജ്യസന്ദേശം കേൾക്കുകയും അത് അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ടത് അടിയന്തിരമാണ്. ആളുകൾക്ക് “ബോധ്യമാകത്തക്കവണ്ണം ദൈവരാജ്യത്തെക്കുറിച്ച് സംവാദി”ച്ചുകൊണ്ട്, അതു ചെയ്യാൻ നമുക്ക് അവരെ സഹായിക്കാം.—പ്രവൃ. 19:8, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം.