തക്കസമയത്തെ സഹായം
1 സഹവിശ്വാസികളെ ബലപ്പെടുത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞപ്പോൾ അവർക്കു സ്നേഹപൂർവം ഓർമിപ്പിക്കലുകളും പ്രോത്സാഹനവും നൽകാൻ അവരിലുള്ള യഥാർഥ താത്പര്യം അപ്പൊസ്തലനായ പത്രൊസിനെ പ്രേരിപ്പിച്ചു. (2 പത്രൊ. 1:12-14; 3:1, 2) “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും” ആയിപ്പോകാതിരിക്കാൻ തക്കവണ്ണം ആത്മീയ ഗുണങ്ങൾ നട്ടുവളർത്തുന്നതിൽ തുടരാൻ ‘വിശ്വാസം ലഭിച്ചവരെ’ അവൻ ഉദ്ബോധിപ്പിച്ചു. (2 പത്രൊ. 1:1, 5-8) ഒടുവിൽ ‘കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണപ്പെടേണ്ടതിന്’ യഹോവയിൽനിന്നു ലഭിച്ച അവരുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ അവരെ സഹായിക്കുക എന്നതായിരുന്നു പത്രൊസിന്റെ ഉദ്ദേശ്യം. (2 പത്രൊ. 1:10, 11; 3:14) അവരിൽ അനേകർക്കും, അവന്റെ പ്രോത്സാഹനം തക്കസമയത്തെ സഹായമായിരുന്നു എന്നു തെളിഞ്ഞു.
2 സമാനമായി ഇന്നത്തെ ക്രിസ്തീയ മേൽവിചാരകന്മാരും ദൈവജനത്തെ കുറിച്ചു ചിന്തയുള്ളവരാണ്. ‘ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങളിൽ’ ജീവിക്കുന്നതിനാൽ യഹോവയുടെ അനേകം ദാസന്മാർക്കു പരിശോധനകൾ നിറഞ്ഞ സാഹചര്യങ്ങളെ സഹിച്ചുനിൽക്കേണ്ടതുണ്ട്. (2 തിമൊ. 3:1, NW) തുടർച്ചയായുള്ള സാമ്പത്തികപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും നിമിത്തം ചിലർക്ക് ദാവീദിനെപ്പോലെ ഇങ്ങനെ തോന്നിയേക്കാം: ‘സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുററിയിരിക്കുന്നു; മേല്പോട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.’ (സങ്കീ. 40:12) സമ്മർദങ്ങൾ അങ്ങേയറ്റം വർധിക്കുന്നതിന്റെ ഫലമായി ചിലർക്ക് ജീവത്പ്രധാനമായ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കുറയുകയും ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടുന്നത് അവർ നിറുത്തിക്കളയുകയും ചെയ്തേക്കാം. എന്നാൽ തങ്ങളുടെ ബുദ്ധിമുട്ടുകൾക്കു നടുവിലും അവർ ‘യഹോവയുടെ കല്പനകളെ മറക്കുന്നില്ല.’ (സങ്കീ. 119:176) മൂപ്പന്മാരെ സംബന്ധിച്ചിടത്തോളം, അത്തരത്തിലുള്ളവർക്ക് ആവശ്യമായ സഹായം നൽകാനുള്ള ഉചിതമായ സമയമാണ് ഇപ്പോൾ.—യെശ. 32:1, 2.
3 ഈ വസ്തുത കണക്കിലെടുത്തുകൊണ്ട്, ശുശ്രൂഷയിൽ നിഷ്ക്രിയർ ആയിത്തീർന്നിരിക്കുന്നവരെ സഹായിക്കുന്നതിന് ഒരു പ്രത്യേക ശ്രമം ചെയ്യാൻ മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചിരിക്കുകയാണ്. ഇതിനായി മാർച്ച് അവസാനംവരെ നീളുന്ന ഒരു തീവ്രയത്നം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. സഭയോടൊത്തുള്ള പ്രവർത്തനം പുനരാരംഭിക്കത്തക്കവണ്ണം നിഷ്ക്രിയരായവർക്ക് ആത്മീയ സഹായം നൽകാനായി അവരെ സന്ദർശിക്കാൻ പുസ്തകാധ്യയന മേൽവിചാരകന്മാരോട് നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ അവരുമായി വ്യക്തിപരമായ ഒരു ബൈബിളധ്യയനം ക്രമീകരിക്കാവുന്നതാണ്. അവരെ സഹായിക്കാൻ മറ്റുചില പ്രസാധകരോടും ആവശ്യപ്പെട്ടേക്കാം. നിങ്ങളെയാണ് അതിനു നിയമിച്ചിരിക്കുന്നതെങ്കിൽ അവരെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് ദയാപൂർവം അവർക്കു പ്രോത്സാഹനം നൽകുന്നത് വളരെ പ്രയോജനം ചെയ്യും.
4 ആരെങ്കിലും വീണ്ടും സഭയോടൊത്തു പ്രവർത്തിച്ചു തുടങ്ങുന്നതു കാണുമ്പോൾ എല്ലാവരും സന്തോഷിക്കുന്നു. (ലൂക്കൊ. 15:6) നിഷ്ക്രിയരെ പ്രോത്സാഹിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ‘തക്കസമയത്തു പറഞ്ഞ വാക്ക്’ ആയിരുന്നു എന്നു തെളിഞ്ഞേക്കാം.—സദൃ. 25:11.