ചോദ്യപ്പെട്ടി
◼ തടവുകാരോടു സാക്ഷീകരിക്കുമ്പോൾ നാം എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം?
ലോകവ്യാപകമായി കുറഞ്ഞപക്ഷം എൺപതു ലക്ഷം തടവുപുള്ളികൾ എങ്കിലുമുണ്ട്. അവരിൽ ചിലർ സുവാർത്തയിൽ താത്പര്യം കാണിക്കാറുണ്ട്. (1 തിമൊ. 2:4) പ്രസിദ്ധീകരണങ്ങളോ വ്യക്തിപരമായ സന്ദർശനമോ ആവശ്യപ്പെട്ടുകൊണ്ട് തടവുകാരിൽനിന്നും അവരുടെ കുടുംബാംഗങ്ങളിൽനിന്നും പ്രതിമാസം 1,400-ഓളം കത്തുകൾ ഒരു ബ്രാഞ്ചിൽ ലഭിക്കുന്നുണ്ട്. തടവുപുള്ളികളിൽ അനേകരും ആത്മാർഥമായ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവരിൽ ചിലർ താത്പര്യം നടിച്ചുകൊണ്ട് ദൈവജനത്തെ തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾക്ക് കരുവാക്കാൻ ശ്രമിക്കുന്നതായി അനുഭവങ്ങൾ തെളിയിക്കുന്നു. ഇതിന്റെ വീക്ഷണത്തിൽ, തടവുപുള്ളികളോടു സാക്ഷീകരിക്കുന്നതു സംബന്ധിച്ച് എല്ലാവരും പിൻവരുന്ന മുൻകരുതലുകൾ സ്വീകരിക്കണം.
പലപ്പോഴും കത്തുകൾ മുഖേനയാണ് തടവുപുള്ളികൾക്ക് സാക്ഷ്യം നൽകുന്നത്. എന്നാൽ ആത്മീയ സഹായം നൽകാനുള്ള ലക്ഷ്യത്തിൽ ആണെങ്കിൽക്കൂടി യാതൊരു കാരണവശാലും സഹോദരിമാർ പുരുഷന്മാരായ തടവുകാർക്ക് കത്തെഴുതാൻ പാടില്ല. യോഗ്യതയുള്ള സഹോദരന്മാർ മാത്രമേ ആ ഉത്തരവാദിത്വം നിർവഹിക്കാവൂ. ബൈബിൾ സത്യത്തിൽ ആത്മാർഥ താത്പര്യം പ്രകടമാക്കുന്ന വനിതാ തടവുകാർക്ക് കത്തുകൾ എഴുതാൻ യോഗ്യതയുള്ള സഹോദരിമാരെ നിയമിച്ചേക്കാം. തടവുകാർ ആവശ്യപ്പെട്ടാൽ പോലും പണമോ വ്യക്തിപരമായ സമ്മാനങ്ങളോ അവർക്ക് അയച്ചുകൊടുക്കരുത്.
തടവിൽ കഴിയുന്ന ഒരാൾ താത്പര്യം പ്രകടിപ്പിക്കുമ്പോൾ അയാളുടെ പേരും വിലാസവും ജയിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ സഭയ്ക്കു കൈമാറണം. സംജാതമായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവിടെയുള്ള യോഗ്യരായ സഹോദരന്മാർക്ക് സാധാരണഗതിയിൽ അറിയാം. ആ പ്രദേശത്തെ സഭയെ കുറിച്ച് നിശ്ചയമില്ലെങ്കിൽ വിവരം ബ്രാഞ്ച് ഓഫീസിനെ അറിയിക്കുക.
ഒരേസമയം പലർക്ക് പഠിക്കാൻ കഴിയത്തക്കവണ്ണം നിയമിത സഹോദരന്മാർ തടവുകാർക്കായി യോഗങ്ങൾ നടത്തുന്നതിൽ വിലക്കൊന്നുമില്ല. എന്നിരുന്നാലും, തടവുകാരുമായി പ്രസാധകർ സ്വതന്ത്രമായി ഇടപഴകുന്ന തരത്തിലുള്ള പ്രത്യേക പരിപാടികൾ ജയിലുകളിൽ വെച്ചു നടത്തരുത്. കൂടാതെ, വിവേചനയില്ലാതെ ജയിൽ സന്ദർശിക്കുന്നതും തടവുകാരുമായി അടുത്ത സഹവാസത്തിലേക്കു വരുന്നതും പ്രസാധകരെ സംബന്ധിച്ചിടത്തോളം ബുദ്ധിശൂന്യമായിരിക്കും.
തടവുകാരുമായി സുവാർത്ത പങ്കുവെക്കുമ്പോൾ നമുക്ക് “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും” ആയിരിക്കാം.—മത്താ. 10:16.