സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ പ്രസംഗിക്കൽ
1 എത്ര പെട്ടെന്നാണ് കാര്യങ്ങൾക്കു മാറ്റം വരുന്നത്! ഒരൊറ്റ രാത്രികൊണ്ടായിരിക്കും ഒരു പ്രകൃതിവിപത്തോ സാമ്പത്തിക പ്രതിസന്ധിയോ രാഷ്ട്രീയ പ്രക്ഷോഭമോ അല്ലെങ്കിൽ വലിയ വാർത്ത സൃഷ്ടിച്ച ഒരു ദുരന്തമോ സംസാരവിഷയമായി മാറുന്നത്. എന്നാൽ അതേ വേഗത്തിൽത്തന്നെ അവ മാറി പുതിയ സംഭവ വികാസങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചെടുത്തേക്കാം. (പ്രവൃ. 17:21; 1 കൊരി. 7:31) സദാ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ആളുകളുമായി രാജ്യസന്ദേശം പങ്കുവെക്കാൻ കഴിയുംവിധം നമുക്ക് എങ്ങനെ അവരുടെ ശ്രദ്ധ ആകർഷിക്കാനാകും?
2 മറ്റുള്ളവരുടെ ഉത്കണ്ഠകൾ വിവേചിച്ചറിയുക: ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന ഒരു മാർഗം ആനുകാലിക സംഭവങ്ങളെ കുറിച്ചു പരാമർശിക്കുന്നതാണ്. ഒരു സന്ദർഭത്തിൽ യേശു, ദൈവമുമ്പാകെയുള്ള തങ്ങളുടെ നില സംബന്ധിച്ച് ഗൗരവമായി ചിന്തിക്കാൻ തന്റെ ശ്രോതാക്കളെ ഉദ്ബോധിപ്പിക്കവേ, അവർക്ക് അറിയാമായിരുന്ന, ആയിടെ നടന്ന ദുരന്തങ്ങളെ കുറിച്ചു പരാമർശിക്കുകയുണ്ടായി. (ലൂക്കൊ. 13:1-5) സമാനമായി, നാം സുവാർത്ത അവതരിപ്പിക്കുമ്പോൾ നമ്മുടെ പ്രദേശത്തെ ആളുകളുടെ ജീവിതത്തെ സ്പർശിച്ച ഒരു ആനുകാലിക വാർത്തയെയോ പ്രാദേശിക സംഭവത്തെയോ കുറിച്ചു പ്രതിപാദിക്കുന്നതു നന്നായിരിക്കും. എന്നിരുന്നാലും, അത്തരം കാര്യങ്ങളെ കുറിച്ചു സംസാരിക്കവേ രാഷ്ട്രീയമോ സാമൂഹികമോ ആയ സംഗതികളിൽ നിഷ്പക്ഷരായിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.—യോഹ. 17:16.
3 ആളുകൾ അപ്പോൾ എന്തിനെ കുറിച്ചാണു ചിന്തിക്കുന്നതെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും? ഒരുപക്ഷേ ഏറ്റവും മെച്ചമായ മാർഗം ഒരു ചോദ്യം ചോദിച്ചിട്ട് അവർക്കു പറയാനുള്ളതു ശ്രദ്ധിക്കുക എന്നതായിരിക്കും. (മത്താ. 12:34) ആളുകളിലുള്ള താത്പര്യം അവരുടെ വീക്ഷണം ശ്രദ്ധിക്കുന്നതിനും നയപൂർവം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുന്നതിനും നമ്മെ പ്രചോദിപ്പിക്കും. അധികമൊന്നും ആലോചിക്കാതെ പെട്ടെന്ന് ഒരു വീട്ടുകാരൻ പറയുന്ന കാര്യങ്ങൾ ആ പ്രദേശത്തെ പലരുടെയും മനസ്സിനെ അലട്ടുന്നത് എന്താണെന്ന് വെളിപ്പെടുത്തുകയും സാക്ഷ്യം നൽകാനുള്ള വഴി ഒരുക്കുകയും ചെയ്തേക്കാം.
4 ഒരു അവതരണം തയ്യാറാകുക: സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ വയൽസേവനത്തിനായി തയ്യാറാകുന്നതിനു നമുക്ക് ന്യായവാദം പുസ്തകം ഉപയോഗപ്പെടുത്താൻ കഴിയും. അവതരണത്തിൽ ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്താൻ നമ്മെ സഹായിക്കുന്ന നിർദേശങ്ങൾ 10-11 പേജുകളിലെ “കുറ്റകൃത്യം/സുരക്ഷിതത്വം,” “ആനുകാലിക സംഭവങ്ങൾ” എന്നീ ശീർഷകങ്ങൾക്കു കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. 2000 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 7-ാം പേജിലും സമാനമായ വിവരങ്ങൾ കാണാവുന്നതാണ്. അവതരണം തയ്യാറാകുമ്പോൾ അനുയോജ്യമായ ഒരു തിരുവെഴുത്ത് ഉൾപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തുക.
5 നമ്മുടെ പ്രദേശത്തെ ആളുകളുടെ മാറിക്കൊണ്ടിരിക്കുന്ന ഉത്കണ്ഠകൾക്ക് അനുസൃതമായി, നാം സുവാർത്ത അവതരണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതാണ്. അങ്ങനെ, ആളുകളുടെ ജീവിതത്തെ ആഴമായി ബാധിക്കുന്ന സംഗതികളെ കുറിച്ച് നാം അവരോടു സംസാരിക്കുന്നു. അതുവഴി, ഒരിക്കലും മാറ്റം വരാത്ത ഗുണങ്ങളും മാനദണ്ഡങ്ങളും ഉള്ളവനെ കുറിച്ച് അറിയാൻ നാം അനേകരെ സഹായിക്കുന്നു.—യാക്കോ. 1:17.