താത്പര്യമുണർത്താൻ ആനുകാലിക സംഭവങ്ങൾ ഉപയോഗിക്കുക
1 ശുശ്രൂഷയെ പുതുമയുള്ളതാക്കി നിറുത്താനും ആളുകൾക്ക് ബൈബിൾ സന്ദേശത്തിലുള്ള താത്പര്യത്തെ ഉണർത്താനും പര്യാപ്തമായ നല്ല ആശയങ്ങൾ എല്ലായ്പോഴും ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ലോകരംഗത്തും നിങ്ങളുടെ പ്രദേശത്തും നടക്കുന്ന സംഭവങ്ങൾ ഒരു സംഭാഷണം തുടങ്ങാനായി ഉപയോഗിക്കുക. പ്രാദേശികവും ദേശീയവുമായ ആനുകാലിക സംഭവങ്ങളോ അന്തർദേശീയ വാർത്തകളോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇവയ്ക്ക് എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക.
2 സാമ്പത്തിക പ്രശ്നങ്ങളും ജീവിത ചെലവുകളും ആളുകളെ ശരിക്കും അലട്ടുന്നുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ വീണ്ടും വിലക്കയറ്റം ഉണ്ടാകുന്നതിനെ കുറിച്ചുള്ള വാർത്ത [അത് എന്താണെന്ന് പറയുക] നിങ്ങൾ കേട്ടോ? അല്ലെങ്കിൽ, വലിയൊരു കമ്പനി ധാരാളം തൊഴിലാളികളെ പിരിച്ചുവിട്ടിരിക്കുന്ന ഒരു സാഹചര്യമാണെങ്കിൽ അതിന്റെ ഫലമായി ഉണ്ടായിരിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ച് നിങ്ങൾക്കു പറയാവുന്നതാണ്. ചർച്ച എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ, “ജീവിച്ചുപോകാൻ ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണെന്നു താങ്കൾ ചിന്തിച്ചിട്ടുണ്ടോ?” എന്നോ “എക്കാലവും ഇങ്ങനെ കഷ്ടപ്പെട്ടു ജീവിക്കേണ്ടിവരുമെന്നാണോ താങ്കൾ കരുതുന്നത്?” എന്നോ ചോദിച്ചുകൊണ്ട് നിങ്ങൾക്കു തുടരാവുന്നതാണ്.
3 കുടുംബങ്ങളിലോ സ്കൂൾ കുട്ടികൾക്കിടയിലോ ഉണ്ടായ അക്രമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ സംഭാഷണത്തിനുള്ള മറ്റൊരു അടിസ്ഥാനമാണ്. നിങ്ങൾക്ക് ഈ വിധം ചോദിക്കാം:
◼ നിങ്ങൾ [പ്രദേശത്തുണ്ടായ ഒരു ദുരന്തത്തെക്കുറിച്ച് പറയുക] പത്രത്തിൽ വായിച്ചോ? തുടർന്ന്, “ലോകത്തിൽ അക്രമം പെരുകിയിരിക്കുന്നതിന്റെ കാരണം എന്താണെന്നാണ് താങ്കൾ വിചാരിക്കുന്നത്?” എന്നോ “സ്വൈര്യമായി ജീവിക്കാനാവുന്ന ഒരു കാലം എന്നെങ്കിലും വരുമെന്ന് താങ്കൾ കരുതുന്നുണ്ടോ?” എന്നോ ചോദിക്കുക.
4 ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നാശകരമായ വെള്ളപ്പൊക്കങ്ങൾ, ഭൂകമ്പങ്ങൾ, ആഭ്യന്തര കലാപങ്ങൾ എന്നിവയും താത്പര്യം ഉണർത്താൻ പറ്റിയ വിഷയങ്ങളാണ്. ഉദാഹരണമായി നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം:
◼ “ദൈവമാണോ ഇതിന് [പ്രകൃതി വിപത്തിന്റെ പേർ പറയുക] ഉത്തരവാദി?” അല്ലെങ്കിൽ, ഈയിടെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിലേക്കു ശ്രദ്ധ ക്ഷണിച്ചിട്ട് നിങ്ങൾക്കു പിൻവരുന്ന വിധം പറയാം: “എല്ലാവരും സമാധാനം ആഗ്രഹിച്ചിട്ടും അതു നേടിയെടുക്കുക എന്നത് ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണ്?”
5 നിങ്ങളുടെ അവതരണത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആനുകാലിക സംഭവങ്ങൾ സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കുക. ന്യായവാദം പുസ്തകത്തിന്റെ 11-ാം പേജിലെ “ആനുകാലിക സംഭവങ്ങൾ” എന്നതിൻ കീഴിൽ സഹായകമായ നിർദേശങ്ങൾ നിങ്ങൾക്കു കാണാൻ കഴിയും. എന്നാൽ, സാമൂഹികമോ രാഷ്ട്രീയമോ ആയ കാര്യങ്ങളിൽ പക്ഷം പിടിക്കാതിരിക്കുക. പകരം, മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള സ്ഥായിയായ ഏക പരിഹാരം എന്നനിലയിൽ തിരുവെഴുത്തുകളിലേക്കും ദൈവരാജ്യത്തിലേക്കും വ്യക്തിയുടെ ശ്രദ്ധ തിരിക്കുക.