കൂട്ടസാക്ഷീകരണം സന്തോഷം കൈവരുത്തുന്നു
1 തന്റെ 70 ശിഷ്യന്മാരെ പ്രസംഗവേലയ്ക്ക് അയയ്ക്കവേ, അവർ പറയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് യേശു അവരെ പഠിപ്പിച്ചു. കൂടാതെ അവൻ അവരെ ഈരണ്ടായി തിരിക്കുകയും അവർ പ്രവർത്തിക്കേണ്ട പ്രദേശം ഏതാണെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ ചെയ്തത് അവർക്കു വളരെയധികം സന്തോഷം നേടിക്കൊടുത്തു. (ലൂക്കൊസ് 10:1-17) സമാനമായി ഇന്ന്, കൂട്ടസാക്ഷീകരണം ദൈവജനത്തെ പ്രസംഗവേലയ്ക്കായി സജ്ജരാക്കുകയും സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2 മൂപ്പന്മാർ നേതൃത്വം എടുക്കുന്നു: പ്രസംഗവേലയിൽ ക്രമമായി പങ്കുപറ്റാൻ ഏവരെയും സഹായിക്കുന്നതിൽ മൂപ്പന്മാർ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. ഇടദിവസങ്ങളിലെ സേവനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിൽ സേവന മേൽവിചാരകൻ നേതൃത്വമെടുക്കുന്നു. ഓരോ പുസ്തകാധ്യയന കൂട്ടത്തിന്റെയും പ്രവർത്തനങ്ങൾ, വിശേഷിച്ചും വാരാന്തത്തിലേത്, സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വം പുസ്തകാധ്യയന മേൽവിചാരകനാണ്. വീക്ഷാഗോപുര അധ്യയനത്തെ തുടർന്ന് മുഴു സഭയും വയൽസേവനത്തിനായി കൂടിവരുന്നതുപോലുള്ള അവസരങ്ങളിൽ ഓരോ പുസ്തകാധ്യയന മേൽവിചാരകനും തന്റെ കൂട്ടത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
3 “ഉചിതമായും ക്രമമായും”: വയൽസേവന യോഗം നടത്താൻ നിയമനം ലഭിച്ചിരിക്കുന്ന വ്യക്തി യോഗം കൃത്യസമയത്തുതന്നെ തുടങ്ങുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്, അതുപോലെ യോഗം 10-15 മിനിട്ടിൽ കവിയാതെ ശ്രദ്ധിക്കുകയും വേണം. പ്രാർഥനയോടെ യോഗം അവസാനിപ്പിക്കുന്നതിനു മുമ്പ് അദ്ദേഹം കൂട്ടത്തെ തിരിക്കുകയും പ്രവർത്തിക്കേണ്ട പ്രദേശം ഏതാണ് എന്നതു സംബന്ധിച്ച വിവരങ്ങൾ നൽകുകയും (മുമ്പ് പരാമർശിച്ചപ്രകാരം പുസ്തകാധ്യയന മേൽവിചാരകന്മാർ അതു ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ആവശ്യമില്ല) ചെയ്യുന്നതു നന്നായിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കത്തക്കവിധം പ്രസാധകർ പ്രദേശത്ത് ഒരുമിച്ചുകൂടുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും, കാരണം അങ്ങനെ ചെയ്യുന്നത് നമ്മുടെ വേലയുടെ മാന്യത നഷ്ടമാകാൻ ഇടയാക്കുമെന്നു മാത്രമല്ല നമ്മുടെ പ്രവർത്തനത്തോട് അനിഷ്ടം പുലർത്തുന്നവരുടെ എതിർപ്പിനെ അനാവശ്യമായി ക്ഷണിച്ചുവരുത്തുകയും ചെയ്യും. കൂടാതെ, മേൽപ്പറഞ്ഞതുപോലെ ചെയ്യുന്നത് “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിലുമാണ്. (1 കൊരി. 14:39 ബി) കൃത്യസമയത്ത് എത്തിച്ചേരുകയും നേതൃത്വമെടുക്കുന്ന വ്യക്തിയുമായി പൂർണമായും സഹകരിക്കുകയും കൂട്ടത്തെ പിരിച്ചുവിടുന്ന ഉടനെ പ്രദേശത്തേക്കു പോകുകയും ചെയ്തുകൊണ്ട് യോഗത്തിൽ സംബന്ധിക്കുന്ന ഏവരും അതിന്റെ വിജയത്തിനായി പ്രവർത്തിക്കേണ്ടതാണ്.
4 ഐക്യം ഉന്നമിപ്പിക്കുന്നു: കൂട്ടസാക്ഷീകരണം, സഭയിലുള്ളവരെ അടുത്തറിയാനുള്ള നല്ല അവസരം പ്രദാനം ചെയ്യുന്നു. ഏതെങ്കിലും ഒരു വ്യക്തിയോടൊപ്പം സാക്ഷീകരണം നടത്താൻ മുൻകൂട്ടി ക്രമീകരണം ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും, അങ്ങനെ ചെയ്യാതെതന്നെ വയൽസേവന യോഗത്തിൽ പങ്കെടുക്കുന്നത് പ്രതിഫലദായകമായിരിക്കും. നമുക്ക് അത്ര നന്നായി അറിയാത്ത ഒരാളോടൊപ്പം നമ്മെ തിരിച്ചുവിടുന്നെങ്കിൽ അത് നമ്മുടെ സ്നേഹത്തെ ‘വിശാലമാക്കാൻ’ നമ്മെ പ്രാപ്തരാക്കും.—2 കൊരി. 6:11-13.
5 കൂട്ടസാക്ഷീകരണം നമുക്കു പ്രോത്സാഹനം നൽകുകയും “സത്യത്തിന്നു കൂട്ടുവേലക്കാർ” എന്ന നിലയിൽ നമ്മെ പരസ്പരം അടുപ്പിക്കുകയും ചെയ്യുന്നു. (3 യോഹ. 8) നമുക്ക് അതിൽ പൂർണമായി പങ്കുപറ്റാം!