അർഹരായവരെ അന്വേഷിച്ചു കണ്ടെത്തൽ
1 പ്രസംഗവേല നിർവഹിക്കാൻ യേശു നൽകിയ നിർദേശങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്. “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ [“അർഹനായവൻ,” NW] ആർ എന്നു അന്വേഷിപ്പിൻ” എന്ന് അവൻ പറഞ്ഞു. (മത്താ. 10:11) ആളുകൾ വീട്ടിലുണ്ടാകുന്നത് വളരെ വിരളമായിരിക്കുന്ന ഇക്കാലത്ത് ഈ അന്വേഷണം ഫലപ്രദമായി നടത്താൻ നമുക്ക് എങ്ങനെ സാധിക്കും?
2 നിങ്ങളുടെ പ്രദേശം പഠിക്കുക: പ്രദേശം നന്നായി പഠിച്ചുകൊണ്ട് അത് ആരംഭിക്കുക. ആളുകൾ വീട്ടിൽ കാണാൻ ഏറ്റവും സാധ്യതയുള്ളത് എപ്പോഴാണ്? പകൽ അവരെ എവിടെ കണ്ടെത്താം? അവർ സന്ദർശനത്തെ സ്വാഗതം ചെയ്യാൻ കൂടുതൽ സാധ്യതയുള്ള ഏതെങ്കിലും ഒരു പ്രത്യേക ദിവസമോ പ്രത്യേക സമയമോ ഉണ്ടോ? പ്രദേശത്തെ ആളുകളുടെ സാഹചര്യങ്ങൾക്കും ചര്യകൾക്കും അനുസരിച്ച് നിങ്ങളുടെ ശുശ്രൂഷയിൽ പൊരുത്തപ്പെടുത്തൽ വരുത്തുന്നത് ഏറെ ഫലം കായ്ക്കാൻ നിങ്ങളെ സഹായിക്കും.—1 കൊരി. 9:23, 26.
3 സായാഹ്നത്തിൽ ആളുകളെ സന്ദർശിക്കുന്നതു നിമിത്തം ചില പ്രസാധകർക്കു നല്ല ഫലം ലഭിച്ചിട്ടുണ്ട്. ചില വീട്ടുകാർ ആ സമയത്ത് തിരക്കൊഴിഞ്ഞവരും ശ്രദ്ധിക്കാൻ കൂടുതൽ ചായ്വുള്ളവരുമാണ്. ശൈത്യകാല മാസങ്ങളിൽ പകലിന് ദൈർഘ്യം കുറവായിരിക്കുമ്പോൾ ചില പ്രദേശങ്ങളിൽ വൈകുന്നേരം ടെലിഫോൺ സാക്ഷീകരണം (അനുവദനീയം ആയിരിക്കുന്നിടത്ത്) നടത്തുന്നത് ഫലപ്രദമെന്നു തെളിഞ്ഞേക്കാം. വ്യാപാരകേന്ദ്രങ്ങൾ, കച്ചവടസ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സാക്ഷീകരിക്കുന്നതും സുവാർത്ത ആളുകളുടെ അടുക്കൽ എത്തിക്കാനുള്ള മാർഗങ്ങളാണ്.
4 പ്രത്യേക പ്രവർത്തനത്തിന് പദ്ധതിയിട്ട ഒരു മാസം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞും ബുധൻ, വെള്ളി ദിവസങ്ങളിൽ സായാഹ്നസമയത്തും ഒരു സഭ സാക്ഷീകരണം ക്രമീകരിച്ചു. കൂടാതെ, ടെലിഫോൺ സാക്ഷീകരണത്തിനും കച്ചവടസ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതിനും അവർ ആസൂത്രണം ചെയ്തു. സഹോദരങ്ങളുടെ ശുശ്രൂഷയിലുള്ള ഉത്സാഹം പൂർവാധികം വർധിക്കാൻ ഈ ക്രമീകരണങ്ങൾ ഇടയാക്കിയതിനാൽ അവ നിലനിറുത്താൻ സഭ തീരുമാനിച്ചു.
5 ശുഷ്കാന്തിയോടെ താത്പര്യം പിന്തുടരുക: മടങ്ങിച്ചെല്ലുമ്പോൾ ആളുകളെ വീട്ടിൽ കണ്ടെത്തുക നിങ്ങളുടെ പ്രദേശത്ത് ബുദ്ധിമുട്ടാണെങ്കിൽ, പ്രഥമ സന്ദർശനം ഉൾപ്പെടെ ഓരോ സന്ദർശനത്തിന്റെയും ഒടുവിൽ പുനഃസന്ദർശനത്തിന് കൃത്യമായ ഒരു ദിവസവും സമയവും പറഞ്ഞുവെക്കുക. എന്നിട്ട്, പറഞ്ഞതുപോലെ മടങ്ങിച്ചെല്ലുന്നു എന്ന് ഉറപ്പുവരുത്തുക. (മത്താ. 5:37) ഉചിതമെങ്കിൽ, വീട്ടുകാരന്റെ ടെലിഫോൺ നമ്പർ വാങ്ങാവുന്നതാണ്. വ്യക്തിയുമായി വീണ്ടും സമ്പർക്കം പുലർത്താൻ ഇതും നിങ്ങളെ സഹായിക്കും.
6 അർഹരായവരെ അന്വേഷിച്ചു കണ്ടെത്താനും താത്പര്യം നട്ടുവളർത്താനും ഉള്ള നമ്മുടെ ഉത്സാഹപൂർവമായ ശ്രമങ്ങളുടെ മേൽ യഹോവയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും.—സദൃ. 21:5.