നിങ്ങൾ സായാഹ്ന സാക്ഷീകരണം പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ?
1 നമ്മുടെ വേലയിൽ ഫലോത്പാദകരായിരിക്കുന്നതിൽ നാമെല്ലാവരും സന്തോഷം കണ്ടെത്തുന്നു. നേരേമറിച്ച്, നമുക്കു ക്രിയാത്മക ഫലങ്ങൾ കാണാൻ കഴിയാതെ വരുമ്പോൾ വേല വിരസവും അസംതൃപ്തികരവുമായിത്തീർന്നേക്കാം. അർഥവത്തായ വേല വ്യക്തിപരമായി പ്രതിഫലദായകമാണ്, അതൊരു അനുഗ്രഹമാണ്. (സഭാപ്രസംഗി 3:10-13 താരതമ്യം ചെയ്യുക.) നമ്മുടെ പ്രസംഗവേലയ്ക്ക് ഈ തത്ത്വം ബാധകമാക്കാൻ കഴിയും. നാം വാതിൽതോറും പോകുമ്പോഴും ആളുകളോടു ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ സാധിക്കുമ്പോഴും ആത്മീയമായി നവോന്മേഷിതരായി ഭവനത്തിലേക്കു മടങ്ങുന്നുവെന്നു നമ്മൾ അനുഭവത്തിൽനിന്ന് അറിയുന്നു. നമ്മൾ യഥാർഥത്തിൽ എന്തോ ഒന്നു നിർവഹിച്ചതായി നമുക്കു തോന്നുന്നു.
2 ചില പ്രദേശങ്ങളിൽ, ദിവസത്തിന്റെ ചില മണിക്കൂറുകളിൽ ആളുകളെ ഭവനത്തിൽ കണ്ടെത്തുക വളരെ വിഷമകരമായിത്തീർന്നിരിക്കുന്നു. ചില സ്ഥലങ്ങളിൽ ദിവസത്തിന്റെ പ്രാരംഭത്തിൽ നാം സന്ദർശിക്കുമ്പോൾ 50 ശതമാനത്തിലധികം ആളുകൾ ഭവനങ്ങളിലില്ലെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സായാഹ്ന സാക്ഷീകരണത്തിനു ക്രമീകരണങ്ങൾ ചെയ്തുകൊണ്ട് അനേകം സഭകൾ ഈ പ്രശ്നത്തെ നേരിടുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ദിവസത്തിന്റെ വൈകിയവേളയിൽ സന്ദർശിക്കുമ്പോൾ കൂടുതൽ ആളുകൾ ഭവനങ്ങളിലുണ്ടെന്നും പൊതുവേ ആളുകൾ അധികം പിരിമുറുക്കമില്ലാത്തവരും രാജ്യസന്ദേശം ശ്രദ്ധിക്കാൻ കൂടുതൽ ചായ്വുള്ളവരുമാണെന്നും പ്രസാധകർ റിപ്പോർട്ടുചെയ്യുന്നു. നിങ്ങളുടെ പ്രദേശത്തു നിങ്ങൾ സായാഹ്ന സാക്ഷീകരണം പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ?—മർക്കൊ. 1:32-34 താരതമ്യം ചെയ്യുക.
3 മൂപ്പൻമാർ സായാഹ്ന സാക്ഷീകരണം സംഘടിപ്പിക്കുന്നു: ചില പ്രദേശങ്ങളിൽ അപരാഹ്നത്തിലെയോ സായാഹ്നത്തിലെയോ വയൽസേവനയോഗങ്ങൾക്കു നല്ല പിന്തുണ ലഭിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞു സ്കൂൾ വിട്ടുവരുന്ന യുവപ്രസാധകരെയും വൈകിട്ട് ലൗകിക ജോലി കഴിഞ്ഞെത്തുന്ന മുതിർന്നവരെയും പരിഗണിക്കാവുന്നതാണ്. വാരാന്തങ്ങളിൽ വയൽസേവനത്തിനുപോകാൻ സാധിക്കാത്ത ചില പ്രസാധകർ, പ്രസംഗവേലയിൽ ഒരു ക്രമമായ പങ്കുണ്ടായിരിക്കാനുള്ള ഒരു പ്രായോഗിക വിധമായി വാരത്തിലെ സായാഹ്ന സാക്ഷീകരണത്തെ കാണുന്നു.
4 സായാഹ്ന സാക്ഷീകരണ സമയത്തു നിങ്ങൾക്ക് ഏർപ്പെടാവുന്ന വിവിധ പ്രവർത്തനങ്ങളുണ്ട്. മാസികകൾകൊണ്ട് നിങ്ങൾക്കു വീടുതോറും സാക്ഷീകരിക്കാവുന്നതാണ്; അല്ലെങ്കിൽ മാസത്തെ സാഹിത്യസമർപ്പണം ഉപയോഗിക്കാവുന്നതാണ്. ദിവസത്തിന്റെ പ്രാരംഭത്തിലോ വാരാന്തങ്ങളിലോ പ്രസാധകർ സന്ദർശിച്ചപ്പോൾ ഭവനത്തിലില്ലാതിരുന്ന ആളുകളെ സന്ദർശിക്കുന്നതിന് അനുയോജ്യമായ സമയമാണു സായാഹ്നം. ജോലികഴിഞ്ഞു ഭവനത്തിലേക്കു വരുന്ന ആളുകളെ സമീപിക്കാവുന്ന വിധത്തിലുള്ള, തെരുവു സാക്ഷീകരണത്തിനുപറ്റിയ നല്ല പ്രദേശവും ഉണ്ടായിരുന്നേക്കാം. താത്പര്യം കാണിച്ചിട്ടുള്ളവർക്കു മടക്കസന്ദർശനം നടത്തുന്നതിനുപറ്റിയ ഏറ്റവും നല്ല സമയം സായാഹ്നമാണെന്ന് അനേകർ കണ്ടെത്തുന്നു.
5 ജാഗ്രതയും വിവേകവും ഉള്ളവരായിരിക്കുക: ചില പ്രദേശങ്ങളിൽ സന്ധ്യ മയങ്ങിയതിനുശേഷമോ ഇരുട്ടു വ്യാപിച്ചതിനുശേഷമോ പുറത്തുപോകുന്നത് അപകടകരമായിരിക്കാം. നല്ല വെളിച്ചമുള്ള തെരുവുകളിൽ ജോടികളായോ കൂട്ടങ്ങളായോ സഞ്ചരിക്കുന്നതും നിങ്ങൾ സുരക്ഷിതരായിരിക്കുമെന്നു കുറച്ച് ഉറപ്പു ലഭിക്കുന്ന ഭവനങ്ങളോ അപ്പാർട്ടുമെൻറു കെട്ടിടങ്ങളോ മാത്രം സന്ദർശിക്കുന്നതും ബുദ്ധിയായിരിക്കും. നിങ്ങൾ വാതിലിൽ മുട്ടുമ്പോൾ നിങ്ങളെ കാണാവുന്നിടത്തു നിൽക്കുകയും നിങ്ങളെത്തന്നെ വ്യക്തമായി തിരിച്ചറിയിക്കുകയും ചെയ്യുക. വിവേചനയുള്ളവരായിരിക്കുക. നിങ്ങൾ സന്ദർശിച്ചിരിക്കുന്നത് അവസരോചിതമായ സമയത്തല്ലെന്ന്—കുടുംബം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതുപോലെയുള്ള സമയത്താണെന്ന്—നിങ്ങൾ നിരീക്ഷിക്കുമ്പോൾ, മറ്റൊരു സമയത്തു വരാമെന്നു പറയുക. വീട്ടുകാർ ഉറക്കത്തിനു വട്ടംകൂട്ടുന്ന വൈകിയ സമയങ്ങളിലെ സന്ദർശനങ്ങൾക്കുപകരം പ്രാരംഭ സായാഹ്ന മണിക്കൂറുകളിൽ നിങ്ങളുടെ സാക്ഷീകരണം ഒതുക്കിനിർത്തുന്നതാണ് സാധാരണമായി ഏറ്റവും നല്ലത്.
6 ദൈർഘ്യമേറിയ വേനൽക്കാല സായാഹ്നങ്ങൾ സാക്ഷീകരണത്തിനു പ്രത്യേകിച്ചും അനുയോജ്യമാണ്. നാം ദൈവത്തിനു “രാപകൽ വിശുദ്ധസേവനം” അർപ്പിക്കുമ്പോൾ യഹോവ തീർച്ചയായും നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും.—വെളി. 7:15, NW.