നിങ്ങൾക്കു പട്ടിക പൊരുത്തപ്പെടുത്താനാകുമോ?
1. സാക്ഷീകരിക്കാനുള്ള നമ്മുടെ പട്ടിക പൊരുത്തപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
1 “മനുഷ്യരെ പിടിക്കുന്നവരാ”കാനുള്ള ക്ഷണത്തോട് സത്യക്രിസ്ത്യാനികളായ നാം പ്രതികരിച്ചിരിക്കുന്നു. (മത്താ. 4:19) നമ്മുടെ വേല മീൻപിടുത്തക്കാരുടേതിന് സമാനമാണ്. ആളുകൾ വീട്ടിലുള്ളപ്പോൾ സാക്ഷീകരിക്കാൻ സമയം കണ്ടെത്തുന്നപക്ഷം മനുഷ്യരെ പിടിക്കുന്ന വേലയിൽ നമുക്കു കൂടുതൽ ഫലം ലഭിക്കാൻ സാധ്യതയുണ്ട്. വരുംമാസങ്ങളിൽ പലയിടങ്ങളിലും പകൽ ദൈർഘ്യമുള്ളതായിരിക്കും. വൈകുന്നേരത്ത് മിക്കവരും വീട്ടിൽ കാണാനിടയുണ്ട്. അപ്പോൾ അവർക്ക് അത്ര തിരക്കൊന്നും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ സന്ദർശകരെ സ്വാഗതം ചെയ്യാൻ അവർ മനസ്സു കാണിച്ചേക്കാം. ആ സമയത്തു സാക്ഷീകരിക്കാനായി പട്ടികയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ നിങ്ങൾക്കാകുമോ?—1 കൊരി. 9:23.
2. കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാനായി നമുക്ക് അവലംബിക്കാവുന്ന ചില വിധങ്ങളേവ?
2 സായാഹ്ന സാക്ഷീകരണം: സായാഹ്ന സാക്ഷീകരണത്തിനുള്ള ക്രമീകരണങ്ങൾ കാലേകൂട്ടി ചെയ്യുന്നപക്ഷം കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ നമുക്കു കഴിഞ്ഞേക്കാം. (സദൃ. 21:5) സ്കൂളിൽ പോകുന്ന യുവജനങ്ങൾക്കു ക്ലാസ്സിനുശേഷവും മറ്റുള്ളവർക്കു ജോലി കഴിഞ്ഞുള്ള സമയത്തും പ്രസംഗവേലയിൽ ഏർപ്പെടാനാകും. ചില പുസ്തകാധ്യയന കൂട്ടങ്ങൾക്ക് അധ്യയനത്തിനുമുമ്പ് ഒരു മണിക്കൂർ സാക്ഷീകരണത്തിൽ ഏർപ്പെടാനുള്ള ക്രമീകരണം ചെയ്യാവുന്നതാണ്.
3. നിങ്ങൾക്ക് ഏതെല്ലാം വിധങ്ങളിൽ സായാഹ്ന സാക്ഷീകരണം നടത്താം?
3 വൈകുന്നേരങ്ങളിൽ വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടാൽ സാധാരണഗതിയിൽ വീട്ടിൽ കാണാത്ത വ്യക്തികളെ കണ്ടുമുട്ടാൻ കഴിഞ്ഞേക്കാം. പല പ്രദേശങ്ങളിലും, സായാഹ്നങ്ങളിൽ തെരുവുസാക്ഷീകരണവും മറ്റു വിധങ്ങളിലുള്ള പരസ്യസാക്ഷീകരണവും നടത്താവുന്നതാണ്. മടക്കസന്ദർശനങ്ങൾ നടത്താനും ബൈബിൾ അധ്യയനങ്ങൾ തുടങ്ങാനും പറ്റിയ സമയം വൈകുന്നേരങ്ങളാണെന്ന് അനേകരും തിരിച്ചറിഞ്ഞിരിക്കുന്നു.
4. സായാഹ്ന സാക്ഷീകരണത്തിലായിരിക്കെ വിവേചനയും പരിഗണനയും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 വിവേചന ഉപയോഗിക്കുക: സായാഹ്ന സാക്ഷീകരണത്തിൽ ഏർപ്പെടുമ്പോൾ നല്ല ന്യായബോധം ആവശ്യമാണ്. വീട്ടുകാർ ഉറക്കത്തിനു വട്ടംകൂട്ടുന്നതിനുമുമ്പ് അവരെ സന്ദർശിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. (ഫിലി. 4:5, NW) വാതിലിൽ മുട്ടിക്കഴിഞ്ഞാൽ നിങ്ങളെ കാണാവുന്ന വിധത്തിൽ നിൽക്കുകയും നിങ്ങൾ ആരാണെന്നു വ്യക്തമായി പറയുകയും ചെയ്യുക. സന്ദർശനത്തിന്റെ ഉദ്ദേശ്യം പെട്ടെന്നുതന്നെ പറയുക. വീട്ടുകാർക്കു സൗകര്യപ്രദമല്ലാത്തപ്പോൾ അതായത് അവർ ഭക്ഷണം കഴിക്കുകയോ മറ്റോ ചെയ്യുന്ന സമയത്താണു നിങ്ങൾ ചെല്ലുന്നതെങ്കിൽ പിന്നെ വരാമെന്നു പറയുക. എല്ലായ്പോഴും വീട്ടുകാരോടു പരിഗണന കാട്ടുക.—മത്താ. 7:12.
5. പ്രസംഗവേലയിൽ ആയിരിക്കെ ഉണ്ടാകാനിടയുള്ള അപകടങ്ങൾ നമുക്കെങ്ങനെ ഒഴിവാക്കാം?
5 ഉണ്ടാകാനിടയുള്ള അപകടങ്ങൾ സംബന്ധിച്ച് നാം ജാഗരൂകരായിരിക്കണം. വൈകുന്നേരത്തോ ഇരുട്ടുവീണശേഷമോ ആണ് സാക്ഷീകരണത്തിൽ ഏർപ്പെടുന്നതെങ്കിൽ ജോഡികളായോ കൂട്ടങ്ങളായോ പ്രവർത്തിക്കുന്നതാണ് ഉചിതം. ആളുകളും വെളിച്ചവുമുള്ള, സുരക്ഷിതമെന്നു തോന്നുന്ന സ്ഥലങ്ങളിൽമാത്രം സാക്ഷീകരിക്കുക, അല്ലാത്തവ ഒഴിവാക്കുക.—സദൃ. 22:3.
6. സായാഹ്ന സാക്ഷീകരണം മുഖാന്തരം മറ്റെന്ത് പ്രയോജനവും ലഭിച്ചേക്കാം?
6 സായാഹ്ന സാക്ഷീകരണം മുഖാന്തരം സഹായ/സാധാരണ പയനിയർമാരോടൊത്തു സേവനത്തിലേർപ്പെടാൻ നമുക്കു സാധിച്ചേക്കാം. (റോമ. 1:12) സേവനത്തിന്റെ ഈ മേഖലയിൽ പങ്കുപറ്റാൻ കഴിയത്തക്കവിധം പട്ടിക പൊരുത്തപ്പെടാൻ നിങ്ങൾക്കാകുമോ?