യഹോവയോട് അടുത്തു ചെല്ലുവിൻ പുസ്തകത്തിന്റെ പഠനത്തിൽനിന്നു പ്രയോജനം നേടുക
1 “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ വെച്ച്, യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം ലഭിച്ചപ്പോൾ നാമെല്ലാം ആഹ്ലാദിച്ചു. അനേകർ ഉടൻതന്നെ ആ പുസ്തകം വായിച്ചു. 2003-ലെ വാർഷിക വാക്യം നിസ്സംശയമായും മറ്റനേകരെക്കൂടി അതിനു പ്രോത്സാഹിപ്പിച്ചു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”—യാക്കോ. 4:8.
2 മാർച്ച് മുതൽ സഭാ പുസ്തകാധ്യയനത്തിൽ യഹോവയോട് അടുത്തു ചെല്ലുവിൻ പുസ്തകം നാം പഠിക്കുന്നതായിരിക്കും. പഠനത്തിൽനിന്നു നമുക്ക് എങ്ങനെ പൂർണ പ്രയോജനം നേടാനാകും? തയ്യാറാകൽ മർമപ്രധാനമാണ്. ഓരോ അധ്യായത്തിന്റെയും പരിചിന്തനത്തിനായി രണ്ടാഴ്ച മാറ്റിവെച്ചിട്ടുണ്ട്. തന്മൂലം ഓരോ ആഴ്ചയും പഠിക്കാൻ ക്രമീകരിച്ചിരിക്കുന്ന ഖണ്ഡികകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇത്, പാഠഭാഗം പഠിച്ചതിൽനിന്നും അതിനെ കുറിച്ചു ധ്യാനിച്ചതിൽനിന്നും ഹൃദയംഗമമായ അഭിപ്രായങ്ങൾ പറയാൻ നിങ്ങൾക്കു മതിയായ സമയം നൽകും. കൂടാതെ, ഓരോ അധ്യായത്തിന്റെയും അവസാന ഭാഗം പരിചിന്തിക്കുന്ന ആഴ്ചകളിൽ പഠിക്കാനുള്ള ഖണ്ഡികകളുടെ എണ്ണം ആദ്യ ഭാഗം പരിചിന്തിക്കുന്ന ആഴ്ചയെ അപേക്ഷിച്ച് കുറവായിരിക്കും. ഇത് ഈ പുസ്തകത്തിന്റെ ഒരു സവിശേഷ വശത്തിനു ശ്രദ്ധ നൽകാൻ സമയം അനുവദിക്കും.
3 രണ്ടാം അധ്യായം മുതൽ ഓരോ അധ്യായത്തിന്റെയും അവസാന ഭാഗത്തായി “ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ” എന്ന ശീർഷകത്തോടുകൂടിയ ഒരു ചതുരമുണ്ട്. അധ്യായത്തിലെ അവസാന ഖണ്ഡിക പരിചിന്തിച്ച ശേഷം പുസ്തകാധ്യയന മേൽവിചാരകൻ കൂട്ടത്തോടൊപ്പം ഈ ചതുരം ചർച്ച ചെയ്യും. നൽകിയിരിക്കുന്ന തിരുവെഴുത്തുകളെ കുറിച്ചു ധ്യാനിച്ചതിലൂടെ ലഭിച്ച നല്ല ആശയങ്ങൾ പങ്കുവെക്കാൻ അദ്ദേഹം പുസ്തകാധ്യയന കൂട്ടത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കും. (സദൃ. 20:5) ചതുരത്തിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കു പുറമേ, പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ഇടയ്ക്കൊക്കെ അദ്ദേഹത്തിനു ചോദിക്കാവുന്നതാണ്: “യഹോവയെ കുറിച്ച് ഈ വിവരം നിങ്ങളോട് എന്തു പറയുന്നു? ഇത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഇത് എങ്ങനെ ഉപയോഗിക്കാൻ കഴിയും?” താരതമ്യേന നിസ്സാരമായ കാര്യങ്ങൾ സംബന്ധിച്ച് സദസ്സുമായി ഒരു പ്രശ്നോത്തരി നടത്തുക എന്നതല്ല, പ്രത്യുത ഹൃദയംഗമമായ അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ സഹായിക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം.
4 യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം അനുപമമാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ എല്ലാ പ്രസിദ്ധീകരണങ്ങളും യഹോവയെ മഹത്ത്വപ്പെടുത്തുന്നവ ആണെങ്കിലും ഈ പുസ്തകം യഹോവയുടെ ഗുണങ്ങളെ കുറിച്ചു ചർച്ചചെയ്യാനായി മാത്രം മാറ്റിവെച്ചിട്ടുള്ളതാണ്. (മത്താ. 24:45-47, NW) എത്ര പുളകപ്രദമായ ഒരു അവസരമാണ് നമുക്കു മുന്നിലുള്ളത്! യഹോവയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള ആഴമേറിയ ഒരു പഠനത്തിൽനിന്നു നാം തീർച്ചയായും വളരെയധികം പ്രയോജനം നേടും. നമ്മുടെ സ്വർഗീയ പിതാവിനോട് കൂടുതൽ അടുത്തു ചെല്ലാനും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ഫലപ്രദരായിത്തീരാനും ഈ പഠനം നമ്മെ സഹായിക്കുമാറാകട്ടെ.