ദൈവത്തെ ആരാധിക്കുക പുസ്തകം പഠിക്കൽ
പരിജ്ഞാനം പുസ്തകത്തിന്റെ പഠനത്തിനുശേഷം പുതിയ ആളുകളുമായി പഠിക്കുന്നതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകം. സഭാ പുസ്തകാധ്യയനത്തിൽ ഈ പുസ്തകം പരിചിന്തിക്കുന്നത്, ശുശ്രൂഷയിൽ ഈ ഉപകരണം നന്നായി ഉപയോഗിക്കുന്നതിനു നമ്മെ സജ്ജരാക്കുകയും യഹോവയോടും അവന്റെ സംഘടനയോടുമുള്ള നമ്മുടെ സ്നേഹവും വിലമതിപ്പും ആഴമുള്ളതാക്കുകയും ചെയ്യും. ദൈവത്തെ ആരാധിക്കുക പുസ്തകത്തിന്റെ പഠനത്തിൽനിന്നു നമുക്ക് എങ്ങനെ പൂർണമായി പ്രയോജനം നേടാൻ കഴിയും?
അധ്യയന നിർവഹണം: ഓരോ ആഴ്ചയും ഒരു അധ്യായംവീതം പരിചിന്തിക്കുന്നതിനാൽ, പുസ്തകാധ്യയന മേൽവിചാരകന്മാർ ഓരോ ഭാഗത്തിനും ബുദ്ധിപൂർവം സമയം വിഭജിക്കണം. പ്രാരംഭ ഖണ്ഡികകളുടെ സവിസ്തര ചർച്ച ഒഴിവാക്കിക്കൊണ്ട്, സാധാരണമായി അധ്യായത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ കാണാൻ കഴിയുന്ന ഏറെ പ്രധാനപ്പെട്ട വിവരങ്ങൾക്ക് കൂടുതൽ സമയം നൽകാൻ അവർ ആഗ്രഹിക്കും. ഓരോ അധ്യയനത്തിനും ഒടുവിൽ പുനരവലോകന ചതുരം ഹ്രസ്വമായി ചർച്ച ചെയ്യുന്നത് പ്രധാന ആശയങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ സന്നിഹിതരായവരെ സഹായിക്കും.
ദൈവത്തെ ആരാധിക്കുക പുസ്തകത്തിന്റെ പകുതിയോളം അധ്യായങ്ങളിലും പാഠഭാഗത്തിനുള്ളിൽ മാർജിനിൽനിന്ന് അൽപ്പം വലത്തേക്കുമാറി, ധ്യാനിക്കാനും ചർച്ച ചെയ്യാനുമുള്ള ചോദ്യങ്ങൾ കൊടുത്തിട്ടുണ്ട്. 48-9 പേജുകളിൽ ഇതിനുള്ള ഉദാഹരണം കാണാവുന്നതാണ്. അധ്യയന സമയത്ത് ഖണ്ഡികയോടൊപ്പം അത്തരം ചോദ്യങ്ങൾ വായിക്കേണ്ടതില്ല. അധ്യയനക്കൂട്ടത്തോടൊപ്പം അവ പരിചിന്തിക്കുമ്പോൾ, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സമയം അനുവദിക്കുന്നതനുസരിച്ച് മേൽവിചാരകൻ വായിപ്പിക്കുകയും ചർച്ച ചെയ്യുകയും വേണം.
മുൻകൂട്ടിയുള്ള തയ്യാറാകൽ: അധ്യയനത്തിനു വേണ്ടി നന്നായി തയ്യാറാകുന്നതിൽ ഉത്തരങ്ങൾക്ക് അടിയിൽ വരയ്ക്കുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നു. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെ കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുന്നത് ഉത്തരങ്ങൾ തയ്യാറാകുന്നതിനു മാത്രമല്ല, അതിലും പ്രധാനമായി ഹൃദയങ്ങളെ ഒരുക്കുന്നതിനും നമ്മെ സഹായിക്കും. (എസ്രാ 7:10, NW) ന്യായമായ തോതിൽ ഉത്തരങ്ങൾ പറഞ്ഞുകൊണ്ട് പ്രോത്സാഹന കൈമാറ്റത്തിൽ നമുക്ക് എല്ലാവർക്കും നമ്മുടെ ഭാഗം നിർവഹിക്കാൻ കഴിയും.—റോമ. 1:11, 12.
ദൈവത്തെ ആരാധിക്കുക പുസ്തകത്തിന്റെ പഠനം യഹോവയോട് അടുത്തുചെല്ലാൻ നമ്മെ സഹായിക്കുകയും അവനെ ആരാധിക്കുന്നതിൽ നമ്മോടൊപ്പം ചേരാൻ പരമാർഥഹൃദയരെ സഹായിക്കാൻ നമ്മെ സജ്ജരാക്കുകയും ചെയ്യും. (സങ്കീ. 95:6; യാക്കോ. 4:8) വിശിഷ്ടമായ ഈ ആത്മീയ കരുതലിൽനിന്ന് നാമേവരും പൂർണ പ്രയോജനം നേടുമാറാകട്ടെ.