ചോദ്യപ്പെട്ടി
◼ ലോകവ്യാപക വേലയ്ക്കായി നാം എളിയ സംഭാവനകൾ സ്വീകരിക്കുന്ന കാര്യം ഓരോ തവണ സന്ദർശിക്കുമ്പോഴും വീട്ടുകാരനോടു പറയേണ്ടതുണ്ടോ?
ഇല്ല. 1999 ഡിസംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ “നമ്മുടെ സാഹിത്യം ജ്ഞാനപൂർവം ഉപയോഗിക്കുക” എന്ന ലേഖനം ഇപ്രകാരം പ്രസ്താവിച്ചു: “ചില സന്ദർഭങ്ങളിൽ, നമ്മുടെ ലോകവ്യാപക വേലയ്ക്കു വേണ്ടിയുള്ള സംഭാവനയെ കുറിച്ചു ചർച്ച ചെയ്യുന്നത് അത്ര അഭിലഷണീയം അല്ലായിരുന്നേക്കാം.” ഇക്കാര്യത്തിൽ നല്ല ന്യായബോധം പ്രകടമാക്കേണ്ട ആവശ്യമുണ്ട്. നമ്മുടേത് ഒരു ബൈബിൾ വിദ്യാഭ്യാസ വേലയാണ്, ഒരു വാണിജ്യപ്രവർത്തനമല്ല എന്ന കാര്യം ആളുകൾക്കു വ്യക്തമായിരിക്കണമെന്നു നാം ആഗ്രഹിക്കുന്നു. നാം പിരിവുകാരല്ല.
താത്പര്യക്കാർക്ക് ആദ്യം സാഹിത്യം കൊടുക്കുമ്പോൾത്തന്നെ നമ്മുടെ വേല സ്വമേധയായുള്ള സംഭാവനകളാൽ എങ്ങനെ പിന്തുണയ്ക്കപ്പെടുന്നു എന്നു വ്യക്തമാക്കുന്നത് സാധാരണഗതിയിൽ നല്ലതാണ്. താത്പര്യം കാണിക്കുന്നവർക്ക് അല്ലെങ്കിൽ നമ്മുടെ സാഹിത്യം വായിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർക്കു മാത്രമേ നമ്മൾ സാഹിത്യം നൽകുന്നുള്ളു എന്നതു മനസ്സിൽ പിടിക്കുന്നെങ്കിൽ സംഭാവന ലഭിക്കുന്നതു ബുദ്ധിമുട്ടായിരിക്കുകയില്ല.
തുടർന്നുള്ള സന്ദർശനങ്ങളിൽ, അത്തരം താത്പര്യക്കാരിൽ അനേകർ മുൻകൈയെടുത്ത് സ്വമേധയാ സംഭാവനകൾ നൽകാറുണ്ട്. മറ്റുചിലർ പ്രസിദ്ധീകരണത്തിന്റെ വില എത്രയാണെന്നു ചോദിച്ചേക്കാം. നമ്മുടെ സാഹിത്യത്തിനു നാം വില ഈടാക്കുന്നില്ലെന്നു പറഞ്ഞുകൊണ്ട് നമ്മുടേത് ഒരു വാണിജ്യപ്രവർത്തനമല്ല എന്ന് നമുക്കു ഹ്രസ്വമായി പ്രസ്താവിക്കാൻ കഴിയും. ലോകവ്യാപക വേലയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വമേധയായുള്ള എളിയ സംഭാവനകൾ നൽകാനാകുമെന്നുകൂടെ അവരോടു പറയുക. നാം മടക്കസന്ദർശനം നടത്തുന്ന വ്യക്തി ലോകവ്യാപക വേലയ്ക്കായി സംഭാവന നൽകിയിട്ടില്ലെങ്കിൽ വേലയെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ഉചിതമെങ്കിൽ ഇടയ്ക്കൊക്കെ നമുക്കു പറയാൻ കഴിയും.
വില ഈടാക്കാതെയാണ് നാം നമ്മുടെ സാഹിത്യം താത്പര്യക്കാർക്കു നൽകുന്നതെങ്കിലും അവ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും ചെലവുണ്ട് എന്ന കാര്യം നാം മനസ്സിൽ പിടിക്കണം. ലോകവ്യാപക വേലയുടെ എല്ലാ വശത്തുമുള്ള ചെലവുകൾ വഹിക്കത്തക്കവണ്ണം സ്വമേധയാ സംഭാവനകൾ നൽകാൻ ദൈവദാസരെയും വയലിലെ താത്പര്യക്കാരെയും ദൈവാത്മാവു പ്രചോദിപ്പിക്കും എന്ന ഉറച്ച വിശ്വാസം നമുക്കുണ്ട്.
◼ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വ്യക്തിപരമായ പ്രതികൾ വാങ്ങേണ്ടത് എങ്ങനെയാണ്?
എല്ലാ ഭാഷകളിലുമുള്ള വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വരിസംഖ്യാ ക്രമീകരണം കുറേനാൾ മുമ്പ് നിറുത്തലാക്കിയതുകൊണ്ട് എല്ലാ പ്രസാധകരും തങ്ങളുടെ പ്രതികൾ പ്രാദേശിക സഭ മുഖാന്തരം വാങ്ങേണ്ടതാണ്. യോഗ്യരായവർക്ക് സൗജന്യ പ്രസിദ്ധീകരണമായി തപാലിൽ അയയ്ക്കുന്ന ബ്രെയിൽ (അന്ധലിപി) മാസികകളുടെ കാര്യത്തിൽ മാത്രമാണ് മാറ്റമുള്ളത്. വിദേശ ഭാഷകളിലും വല്യക്ഷരത്തിലുമുള്ള പതിപ്പുകൾ സഭകൾക്ക് സഭാ അപേക്ഷകൾ (M-202) (Congregation Requests) ഫാറം ഉപയോഗിച്ച് ആവശ്യപ്പെടാവുന്നതാണ് എന്ന് ദയവായി കുറിക്കൊള്ളുക.
നിങ്ങളുടെ പ്രദേശത്തുള്ള ആരെങ്കിലും ക്രമമായി മാസിക ലഭിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നെങ്കിൽ, ഒരു ലക്കം പോലും മുടങ്ങാതെ കൃത്യമായി അത് കൊണ്ടുപോയി കൊടുക്കുന്നുവെന്ന് ദയവായി ഉറപ്പാക്കുക. പുറത്താക്കപ്പെട്ടവർക്ക് തങ്ങളുടെ വ്യക്തിപരമായ ഉപയോഗത്തിനുള്ള മാസികകളോ ഇതര സാഹിത്യങ്ങളോ രാജ്യഹാൾ കൗണ്ടറിൽനിന്നു വാങ്ങാവുന്നതാണ്. അവർക്കു പ്രസാധകർ മാസികകൾ കൊണ്ടുപോയി കൊടുക്കരുത്.
ഒരു മാസികാ റൂട്ട് എന്ന നിലയിൽ ഒരു സഭാ പ്രസാധകന് മാസികകൾ കൊണ്ടുപോയി കൊടുക്കുക അസാധ്യമായിരിക്കുന്ന വ്യക്തികൾക്കുള്ള വരിസംഖ്യ മാത്രമാണ് ഇന്ത്യാ ബ്രാഞ്ച് ഫയലിൽ നിലനിറുത്തുന്നത്. മറ്റുപ്രകാരത്തിൽ മാസികകൾ ലഭിക്കുക സാധ്യമല്ലാത്ത ആർക്കെങ്കിലുംവേണ്ടി വരിസംഖ്യക്ക് സഭാസേവനക്കമ്മിറ്റി ഒരു അപേക്ഷ നൽകുന്നെങ്കിൽ, അത് ശ്രദ്ധാപൂർവം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും സഭാസേവനക്കമ്മിറ്റി അംഗീകരിച്ചതാണെന്നും സൂചിപ്പിച്ചുകൊണ്ടുള്ള ഹ്രസ്വമായ ഒരു കുറിപ്പ് സെക്രട്ടറി അതോടൊപ്പം ഉൾപ്പെടുത്തണം.
വ്യക്തിപരമായ വരിസംഖ്യകൾ ആവശ്യപ്പെട്ടുകൊണ്ട് പ്രസാധകർ ബ്രാഞ്ച് ഓഫീസിന് എഴുതരുത് എന്നാണ് ഇതിനർഥം. പ്രസാധകരോ താത്പര്യക്കാരോ അയയ്ക്കുന്ന അത്തരം അപേക്ഷകൾ സഭയിലേക്കു തിരിച്ച് അയയ്ക്കുന്നതായിരിക്കും.