പുതിയ പ്രത്യേക സമ്മേളന ദിന പരിപാടി
അപകടത്തെ സൂചിപ്പിക്കുന്ന ഒരു മുന്നറിയിപ്പ് കാണുകയോ കേൾക്കുകയോ ചെയ്തിട്ട് നാം അതിനുചേർച്ചയിൽ പ്രവർത്തിക്കാതിരുന്നാൽ ഫലം വിനാശകരമായിരിക്കും. യഹോവ പ്രദാനം ചെയ്യുന്ന ആത്മീയ മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത് അതിലും പ്രധാനമാണ്. അടുത്ത സേവനവർഷത്തിലെ പ്രത്യേക സമ്മേളന ദിന പരിപാടി ഇക്കാര്യത്തിന് ഊന്നൽനൽകും. പിൻവരുന്നതാണ് അതിന്റെ പ്രതിപാദ്യവിഷയം: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക.”—ലൂക്കൊ. 8:18, NW.
പൗലൊസ് എബ്രായർക്കെഴുതിയ നിശ്വസ്ത ലേഖനത്തിന്റെ പ്രാരംഭ അധ്യായങ്ങളിലെ ബുദ്ധിയുപദേശം ഇന്നു നമുക്കു ബാധകമാകുന്നത് എങ്ങനെയെന്ന് തന്റെ ആദ്യ പ്രസംഗത്തിൽ സന്ദർശക പ്രസംഗകൻ പരിചിന്തിക്കും. “ദിവ്യപ്രബോധനത്തിനു നിരന്തരശ്രദ്ധ നൽകുക” എന്ന ഉപസംഹാര പ്രസംഗത്തിൽ, യഹോവയ്ക്കും അവന്റെ പുത്രനും ‘വിശ്വസ്തനും വിവേകിയും ആയ അടിമയ്ക്കും’ ആത്മാർഥ ശ്രദ്ധ കൊടുക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ അദ്ദേഹം എല്ലാവരെയും സഹായിക്കും.—മത്താ. 24:45, NW.
പരിപാടിയിലെ പല ഭാഗങ്ങളും കുടുംബങ്ങൾക്കു വിശേഷാൽ പ്രയോജനപ്രദമായിരിക്കും. “ശൈഥില്യം കൂടാതെ ദൈവവചനത്തിനു ശ്രദ്ധ കൊടുക്കുന്ന കുടുംബങ്ങൾ” എന്ന പ്രസംഗം ലൗകിക കാര്യാദികൾ നമ്മുടെ ആത്മീയതയെ ഞെരുക്കിക്കളയാതെ സൂക്ഷിക്കാൻ നമ്മെ സഹായിക്കും. ആത്മീയ കാര്യങ്ങൾ ഒന്നാമതു വെക്കാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നവരുമായുള്ള അഭിമുഖങ്ങൾ ഇതിൽ ഉണ്ടായിരിക്കും. “ദൈവവചനത്തിനു സൂക്ഷ്മശ്രദ്ധ നൽകുന്നത് യുവജനങ്ങളെ ബലപ്പെടുത്തുന്ന വിധം” എന്ന പരിപാടി, സ്കൂളിലോ സമപ്രായക്കാരോടൊപ്പമോ ശുശ്രൂഷയിലോ ആയിരിക്കെ വിശ്വസ്തതയോടെ സത്യത്തോടു പറ്റിനിന്ന യുവജനങ്ങളുമായുള്ള അഭിമുഖങ്ങൾ അടങ്ങിയതായിരിക്കും. “ദൈവത്തിനു ശ്രദ്ധ നൽകുകയും പഠിക്കുകയും ചെയ്യുന്ന കൊച്ചുകുട്ടികൾ” എന്ന ഭാഗം കുട്ടികളുടെ പഠനപ്രാപ്തി താഴ്ത്തിമതിക്കാതിരിക്കാൻ നമ്മെ സഹായിക്കും. കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും നടത്തുന്ന അഭിമുഖങ്ങൾ, കുട്ടികളെ ശൈശവംമുതൽ യഹോവയുടെ വഴികളിൽ പരിശീലിപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ കാണാൻ നമ്മെ സഹായിക്കും.
സാത്താൻ “ഭൂതലത്തെ മുഴുവൻ [വഴി]തെറ്റിച്ചു”കൊണ്ടിരിക്കേ, യഹോവ തന്റെ വിശ്വസ്ത ദാസന്മാർക്ക് അവർ നടക്കേണ്ട ശരിയായ വഴി കാണിച്ചു കൊടുക്കുന്നു. (വെളി. 12:9; യെശ. 30:21) അവന്റെ ബുദ്ധിയുപദേശത്തിനു സൂക്ഷ്മശ്രദ്ധ നൽകുകയും അനുസരണയോടെ അതു ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നത് നമ്മെ ജ്ഞാനികളും സന്തുഷ്ടരും ആക്കിത്തീർക്കുകയും നിത്യജീവനിലേക്കു നയിക്കുകയും ചെയ്യും.—സദൃ. 8:32-35.