പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
നമ്മുടെ കണ്ണുകൾ അത്ഭുതകരമായ രൂപകൽപ്പനയ്ക്കു സാക്ഷ്യംവഹിക്കുന്നു. (സങ്കീ. 139:14) എന്നിരുന്നാലും ഒരു സമയത്ത് ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രമേ അതിനു ശ്രദ്ധ പതിപ്പിക്കാൻ കഴിയൂ. അക്ഷരാർഥത്തിലും ആലങ്കാരികമായും അതു സത്യമാണ്. നമ്മുടെ ആത്മീയ കാഴ്ച വ്യക്തവും ലക്ഷ്യത്തിൽനിന്നു പതറാത്തതും ആയിരിക്കണമെങ്കിൽ നാം ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സാത്താന്റെ ലോകത്തിൽ അനുസ്യൂതം വർധിച്ചുവന്നുകൊണ്ടിരിക്കുന്ന ശ്രദ്ധാശൈഥില്യങ്ങളുടെ വീക്ഷണത്തിൽ, സേവനവർഷം 2006-ലെ പ്രത്യേക സമ്മേളന ദിന പരിപാടി “കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുക” എന്ന പ്രതിപാദ്യ വിഷയം വികസിപ്പിക്കുന്നത് എത്ര ഉചിതമാണ്!—മത്താ. 6:22.
യഹോവയിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? (സദൃ. 10:22) “കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുന്നതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുക” എന്ന ഭാഗം ഈ ചോദ്യം പരിചിന്തിക്കും. തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്ന് അഭിമുഖങ്ങൾ പ്രദീപ്തമാക്കും. “ഒരു ദുഷ്ടലോകത്തിൽ കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കൽ” എന്ന സന്ദർശക പ്രസംഗകന്റെ ആദ്യ പ്രസംഗം, ജീവിതത്തെ സങ്കീർണമാക്കുകയും ക്രമേണ നമ്മുടെ ആത്മീയതയെ ഞെരുക്കിക്കളയുകയും ചെയ്തേക്കാവുന്ന കാര്യങ്ങൾ സംബന്ധിച്ചു നമുക്കു മുന്നറിയിപ്പു നൽകും. “നല്ല അംശം” തിരഞ്ഞെടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നും നാം മനസ്സിലാക്കും.—ലൂക്കൊ. 10:42.
ആത്മീയ അനുധാവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾക്കും മറ്റുള്ളവർക്കും യുവക്രിസ്ത്യാനികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? ഈ സുപ്രധാന ചോദ്യത്തോടുള്ള മാതാപിതാക്കളുടെയും യുവപ്രായക്കാരുടെയും പ്രതികരണങ്ങൾ, “നേരായ ദിശയിൽ അസ്ത്രം എയ്യുന്ന മാതാപിതാക്കൾ,” “ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുന്ന യുവപ്രായക്കാർ” എന്നീ ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (സങ്കീ. 127:4) വ്യക്തികളെന്ന നിലയിലും കുടുംബങ്ങളെന്ന നിലയിലും ഒരു സഭയെന്ന നിലയിലും നമുക്ക് യഹോവയുടെ സംഘടനയോടൊപ്പം എപ്രകാരം മുന്നേറാനാകുമെന്ന് സന്ദർശക പ്രസംഗകന്റെ ഉപസംഹാര പ്രസംഗം വിശദീകരിക്കും.
ഈ അടുത്ത കാലത്തു സത്യം ലഭിച്ചവരോ പതിറ്റാണ്ടുകളായി യഹോവയെ സേവിക്കുന്നവരോ ആയിരുന്നാലും, നാമെല്ലാം ‘കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുന്നത്’ മർമപ്രധാനമാണ്. അപ്രകാരം ചെയ്യാൻ പ്രത്യേക സമ്മേളനദിന പരിപാടി നമ്മെ സഹായിക്കും.