നിങ്ങളുടെ കണ്ണ് ലളിതമായി സൂക്ഷിക്കുക
1 ആലങ്കാരിക കണ്ണുകൾക്ക് അഥവാ ആത്മീയ കണ്ണുകൾക്ക് നമ്മുടെ മുഴു ജീവിതത്തിലും ചെലുത്താൻ കഴിയുന്ന അതിശയകരമായ സ്വാധീനത്തെ കുറിച്ച് യേശു തന്റെ ഗിരിപ്രഭാഷണത്തിൽ പ്രസ്താവിച്ചു. “കണ്ണു ചൊവ്വുളളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. കണ്ണു കേടുളളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും,” അവൻ പറഞ്ഞു. (മത്താ. 6:22, 23) ചൊവ്വുള്ള അല്ലെങ്കിൽ, ലളിതമായ കണ്ണ് ദൈവേഷ്ടം ചെയ്യുക എന്ന ഏക ലക്ഷ്യത്തിൽ കേന്ദ്രീകൃതമായിരിക്കും. ഭൗതിക വസ്തുവകകൾ സംബന്ധിച്ചുള്ള അനുചിതമായ ഉത്കണ്ഠകൾ അതിനെ ലക്ഷ്യത്തിൽനിന്നു പതറിക്കുകയില്ല. (മത്താ. 6:19-21, 24-33) ലളിതമായ കണ്ണുള്ളവർ ആയിരിക്കാൻ നമ്മെ എന്തു സഹായിക്കും?
2 തൃപ്തരായിരിക്കാൻ പഠിക്കൽ: കുടുംബത്തെ നന്നായി പരിപാലിക്കുക എന്നത് ഒരുവന്റെ തിരുവെഴുത്തുപരമായ കടപ്പാടാണ്. (1 തിമൊ. 5:8) എന്നാൽ, ഏറ്റവും നല്ല, അത്യാധുനിക വസ്തുക്കൾക്കായി നാം പരക്കം പായണം എന്ന് അത് അർഥമാക്കുന്നില്ല. (സദൃ. 27:20; 30:8, 9) അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ വസ്തുക്കൾ നമുക്ക് ഉണ്ടെങ്കിൽ, അതായത് “ഉണ്മാനും ഉടുപ്പാനും” ഉണ്ടെങ്കിൽ, അതുകൊണ്ടു തൃപ്തിപ്പെടാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊ. 6:8; എബ്രാ. 13:5, 6) ശരിയായ കാര്യത്തിൽ ദൃഷ്ടി പതിപ്പിച്ചുനിറുത്താൻ ഈ ബുദ്ധിയുപദേശം നമ്മെ സഹായിക്കും.
3 അനാവശ്യ കടബാധ്യതകൾകൊണ്ടും ധാരാളം സമയവും ശ്രദ്ധയും ആവശ്യമാക്കിത്തീർക്കുന്ന വസ്തുവകകളോ അനുധാവനങ്ങളോകൊണ്ടും നാം സ്വയം ഭാരപ്പെടുത്താതിരിക്കുന്നതു ജ്ഞാനമാണ്. (1 തിമൊ. 6:9, 10) ഇത് എങ്ങനെ സാധിക്കും? ഒരു സംരംഭത്തെ കുറിച്ച് ആലോചിക്കുമ്പോൾ, പ്രാർഥനാപൂർവം അതു വിശകലനം ചെയ്യുകയും ആത്മീയ ലക്ഷ്യങ്ങളെ അവ തകിടം മറിക്കുമോ എന്നു സത്യസന്ധമായി വിലയിരുത്തുകയും ചെയ്യുക. ആത്മീയ കാര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ ദൃഢനിശ്ചയം ഉള്ളവർ ആയിരിക്കുക.—ഫിലി. 1:10; 4:6, 7.
4 ജീവിതരീതി ലളിതമാക്കുക: ഭൗതികത്വത്തിന്റെ മാസ്മരികതയെ ചെറുക്കാനുള്ള മറ്റൊരു മാർഗം, നിങ്ങളുടെ ജീവിതരീതി കഴിവതും ലളിതമാക്കുക എന്നതാണ്. ഏറെ ഭൗതിക വസ്തുക്കൾ ഇല്ലാതെതന്നെ തന്റെ കുടുംബത്തിനു സുഗമമായി മുന്നോട്ടു പോകാൻ സാധിക്കുമെന്നു കണ്ടെത്തിയ ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “സഭയിലെ എന്റെ സഹോദരങ്ങളെ സേവിക്കുന്നതിനായി കൂടുതൽ സമയം കണ്ടെത്താൻ ഇപ്പോൾ എനിക്കു കഴിയുന്നു. ദൈവദാസന്മാർ സ്വന്ത താത്പര്യങ്ങളെക്കാൾ സത്യാരാധനയ്ക്കു പ്രാധാന്യം നൽകുമ്പോൾ, യഹോവ അവരെ അനുഗ്രഹിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.” ജീവിതരീതി ലളിതമാക്കിക്കൊണ്ട് വർധിച്ച അനുഗ്രഹം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയുമോ?
5 സാത്താന്റെയും അവന്റെ ഭൗതികത്വ ലോകത്തിന്റെയും നമ്മുടെ സ്വന്തം അപൂർണ ജഡത്തിന്റെയും സ്വാധീനങ്ങളെ ചെറുക്കാൻ സ്ഥിരപരിശ്രമം ആവശ്യമാണ്. ദൃഷ്ടി പതറാൻ ഇടവരാതെ, നമുക്ക് ദൈവേഷ്ടം ചെയ്യുന്നതിലും നിത്യജീവന്റെ അമൂല്യ പ്രത്യാശയിലും നമ്മുടെ കണ്ണുകളെ കേന്ദ്രീകരിച്ചുനിറുത്താം.—സദൃ. 4:25; 2 കൊരി. 4:18.
[അധ്യയന ചോദ്യങ്ങൾ]
1. ലളിതമായ കണ്ണ് ഉണ്ടായിരിക്കുക എന്നതിന്റെ അർഥമെന്ത്, ഇതു പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
2. ഭൗതിക വസ്തുക്കൾ സംബന്ധിച്ച് ഏതു വീക്ഷണം പുലർത്താൻ ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു?
3. അനാവശ്യമായി സ്വയം ഭാരപ്പെടുത്തുന്നത് ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?
4. നമ്മുടെ ജീവിതരീതി ലളിതമാക്കാനുള്ള വഴികളെ കുറിച്ചു നാം ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
5. കണ്ണ് ലളിതമായി സൂക്ഷിക്കാൻ സ്ഥിരപരിശ്രമം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?