നിങ്ങളുടെ കണ്ണ് തെളിച്ചമുള്ളതാണോ?
1. ‘തെളിച്ചമുള്ള കണ്ണ്’ ഉണ്ടായിരിക്കുക എന്നാൽ എന്താണ് അർഥം?
1 നാം എന്തിൽ ദൃഷ്ടികേന്ദ്രീകരിക്കുന്നുവോ അത് നമ്മുടെ പ്രവൃത്തികളെ സ്വാധീനിക്കും. “ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു. നിന്റെ കണ്ണ് തെളിച്ചമുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും” എന്ന യേശുവിന്റെ വാക്കുകൾ എത്രയോ അർഥവത്താണ്. (മത്താ. 6:22) ആത്മീയ അർഥത്തിൽ നമ്മുടെ കണ്ണ് ‘തെളിച്ചമുള്ളതാണെങ്കിൽ’ അത്, ഒരു കാര്യത്തിൽമാത്രം അതായത് ദൈവേഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകൃതമായിരിക്കും. നമ്മുടെ ജീവിതത്തിൽ നാം രാജ്യത്തിന് ഒന്നാംസ്ഥാനം നൽകുകയും ശുശ്രൂഷയിൽനിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതരം പ്രവർത്തനങ്ങളും വസ്തുവകകളും ഒഴിവാക്കുകയും ചെയ്യും.
2. നമ്മുടെ കാഴ്ചപ്പാടിനെ എന്ത് വികലമാക്കിയേക്കാം? എന്ത് ചെയ്യുന്നത് പ്രയോജനകരമായിരിക്കും?
2 ആത്മപരിശോധന നടത്തുക: സകലതും അവശ്യവസ്തുക്കളായി അവതരിപ്പിക്കുന്ന പരസ്യലോകവും ‘മറ്റുള്ളവർക്കുള്ളതെല്ലാം എനിക്കും വേണം’ എന്ന ചിന്തയും നമ്മുടെ കാഴ്ചപ്പാടിനെ വികലമാക്കിയേക്കാം. വളരെയധികം സമയവും പണവും ഊർജവുമൊക്കെ ചെലവഴിക്കേണ്ടിവരുന്ന ഒരു സംരംഭം ഏറ്റെടുക്കുകയോ എന്തെങ്കിലും വാങ്ങിക്കൂട്ടുകയോ ചെയ്യുന്നതിനുമുമ്പ്, അതിനുവരുന്ന ‘ചെലവു കണക്കുകൂട്ടി’ നോക്കുന്നത് നന്നായിരിക്കും. നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഇത് എന്റെ ശുശ്രൂഷയ്ക്ക് പ്രയോജനം ചെയ്യുമോ അതോ അതിന് വിഘാതം സൃഷ്ടിക്കുമോ?” (ലൂക്കോ. 14:28; ഫിലി. 1:9-11) ശുശ്രൂഷയിലുള്ള പങ്ക് വർധിപ്പിക്കുന്നതിനുവേണ്ടി ജീവിതം ഇനിയും ലളിതമാക്കാൻ കഴിഞ്ഞേക്കുമോ എന്ന് ഇടയ്ക്കിടെ ചിന്തിക്കുന്നത് ബുദ്ധിയായിരിക്കും.—2 കൊരി. 13:5; എഫെ. 5:10.
3. ജീവിതം ലളിതമാക്കാനായി ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിയ ഒരു സഹോദരിയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
3 സാധാരണ പയനിയറിങ് ആരംഭിച്ച ഒരു സഹോദരിയുടെ കാര്യമെടുക്കാം. തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ പണം ഒരു അംശകാലജോലി ചെയ്താലും സഹോദരിക്കു ലഭിക്കുമായിരുന്നു. പക്ഷേ, സഹോദരി മുഴുവൻസമയ ജോലിയിൽ തുടർന്നുകൊണ്ടുതന്നെ പയനിയറിങ് ചെയ്യാൻ ശ്രമിച്ചു. ഫലമോ? സഹോദരി പറയുന്നു: “ഒരേ സമയം രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ആഗ്രഹങ്ങൾ പലതും വേണ്ടെന്നുവെച്ച് ആവശ്യങ്ങൾമാത്രം നിറവേറ്റാൻ ഞാൻ ശ്രദ്ധിക്കേണ്ടിയിരുന്നു. വാങ്ങിക്കൂട്ടുന്ന വസ്തുക്കളുടെ പുതുമ പെട്ടെന്നുതന്നെ നഷ്ടപ്പെടും; അതോടെ അവയോടുള്ള താത്പര്യവും ഇല്ലാതാകും. അവ വാങ്ങിക്കൂട്ടാനുള്ള പരക്കംപാച്ചിലിനിടയിൽ ക്ഷയിച്ചില്ലാതാകുന്നത് ഞാനാണെന്ന കാര്യം വൈകിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു.” ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് ജീവിതം ലളിതമാക്കുകയും മറ്റൊരു ജോലി കണ്ടെത്തുകയും ചെയ്തതുകൊണ്ട് ആ സഹോദരിക്ക് പയനിയറിങ് തുടരാനായി.
4. ഈ നാളുകളിൽ നാം കണ്ണ് തെളിച്ചമുള്ളതായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?
4 നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത കണക്കിലെടുക്കുമ്പോൾ നമ്മുടെ കണ്ണ് തെളിച്ചമുള്ളതായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വർധിക്കുന്നു. കടന്നുപോകുന്ന ഓരോ ദിവസവും നമ്മെ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോടും ദൈവത്തിന്റെ പുതിയ ലോകത്തോടും ഒന്നിനൊന്ന് അടുപ്പിക്കുകയാണ്. (1 കൊരി. 7:29, 31) പ്രസംഗവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ നമുക്ക് നമ്മെയും നമ്മുടെ വാക്കു കേൾക്കുന്നവരെയും രക്ഷിക്കാനാകും.—1 തിമൊ. 4:16.