അടിയന്തിരതാബോധം നിലനിറുത്തുക!
1 പിതാവിന്റെ ഹിതം ചെയ്യാനായി ഈ ഭൂമിയിൽ തനിക്കുള്ള സമയം പരിമിതമാണെന്ന് യേശുവിന് അറിയാമായിരുന്നു. (യോഹ. 9:4) അതുകൊണ്ട്, അടിയന്തിരതാബോധത്തോടെ അവൻ തന്റെ ശുശ്രൂഷ നിർവഹിക്കുകയും അതുതന്നെ ചെയ്യാൻ ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തു. (ലൂക്കൊ. 4:42-44; 8:1, 2; 10:2-4) ലൗകിക സുഖസൗകര്യങ്ങൾക്ക് അവന്റെ ജീവിതത്തിൽ രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. (മത്താ. 8:20) തന്നിമിത്തം, യഹോവ ഭരമേൽപ്പിച്ച വേല പൂർത്തീകരിക്കാൻ അവനു സാധിച്ചു.—യോഹ. 17:4.
2 പരിമിത സമയം: സുവാർത്ത “ഭൂലോകത്തിൽ ഒക്കെയും” പ്രസംഗിക്കാനുള്ള സമയവും പരിമിതമാണ്. (മത്താ. 24:14) ബൈബിൾ പ്രവചനങ്ങൾ വെളിപ്പെടുത്തുന്നത് അനുസരിച്ച്, അന്ത്യകാലത്തിന്റെ അവസാന ഘട്ടത്തിലാണു നാം ജീവിക്കുന്നത്. ‘ദൈവത്തെ അറിയാത്തവരും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരും പ്രതികാരം’ അനുഭവിക്കുന്ന സമയം പെട്ടെന്നുതന്നെ ആഗതമാകും. (2 തെസ്സ. 1:6-9) ആ ന്യായവിധി നമ്മെ അതിശയിപ്പിക്കുമാറ് വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. (ലൂക്കൊ. 21:34, 35; 1 തെസ്സ. 5:2, 3) തങ്ങൾ ആയിരിക്കുന്ന അപകടാവസ്ഥ ആളുകൾ തിരിച്ചറിയേണ്ടതുണ്ട്. അവശേഷിച്ചിരിക്കുന്ന സമയത്ത് യഹോവയുടെ പ്രീതി തേടാനായി അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.—സെഫ. 2:2, 3.
3 ആവുന്നതെല്ലാം ചെയ്യുക: “കാലം ചുരുങ്ങിയിരിക്കുന്നു” എന്ന തിരിച്ചറിവോടെ ദൈവദാസർ പ്രസംഗവേലയ്ക്കു പ്രഥമസ്ഥാനം നൽകുന്നു. (1 കൊരി. 7:29-31; മത്താ. 6:33) ശുശ്രൂഷയിലുള്ള തങ്ങളുടെ പങ്ക് വർധിപ്പിക്കാൻ ചിലർ സാമ്പത്തികമായി മുന്നേറാനുള്ള അവസരങ്ങളോ വ്യക്തിപരമായ മറ്റു കാര്യങ്ങളോ ത്യജിച്ചിരിക്കുന്നു. (മർക്കൊ. 10:29, 30) മറ്റു ചിലർ പരിശോധനകളിന്മധ്യേയും ‘കർത്താവിന്റെ വേലയിൽ വർധിച്ചു’വന്നുകൊണ്ടിരിക്കുന്നു. (1 കൊരി. 15:58) അനേകർ ദശാബ്ദങ്ങളായി സുവാർത്തയുടെ അചഞ്ചലരായ പരസ്യഘോഷകരാണ്. (എബ്രാ. 10:23) രാജ്യതാത്പര്യങ്ങളുടെ ഉന്നമനാർഥമുള്ള അത്തരം എല്ലാ ത്യാഗങ്ങളെയും യഹോവ അങ്ങേയറ്റം വിലമതിക്കുന്നു.—എബ്രാ. 6:10.
4 നമ്മുടെ ജീവിതം പ്രസംഗവേല ഉൾപ്പെടെയുള്ള യഹോവയുടെ ആരാധനയിൽ കേന്ദ്രീകരിക്കുന്നത്, യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിറുത്താൻ നമ്മെ സഹായിക്കുന്നു. ഇത്, സാത്താന്റെ ലോകം നിമിത്തം ശ്രദ്ധ പതറുന്നതിൽനിന്നു നമ്മെ സംരക്ഷിക്കുകയും വിശുദ്ധ നടത്ത ഉള്ളവരായിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. (2 പത്രൊ. 3:11-14) അടിയന്തിരതാബോധത്തോടെ ശുശ്രൂഷ നിർവഹിക്കുന്നത് നമുക്കും അതുപോലെതന്നെ നമ്മുടെ ശ്രോതാക്കൾക്കും ജീവരക്ഷാകരമായിരിക്കും.—1 തിമൊ. 4:16.