പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 4: തയ്യാറാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കൽ
1 പഠനഭാഗം മുൻകൂട്ടി വായിച്ചുവെക്കുകയും ഉത്തരങ്ങൾ അടയാളപ്പെടുത്തുകയും സ്വന്തം വാക്കുകളിൽ അവ എങ്ങനെ പറയാമെന്നു ചിന്തിക്കുകയും ചെയ്യുന്ന ഒരു വിദ്യാർഥി പെട്ടെന്ന് ആത്മീയ പുരോഗതി കൈവരിക്കുന്നു. അതുകൊണ്ട്, ഒരു അധ്യയനം ക്രമമുള്ളതായിത്തീരുമ്പോൾ അധ്യയനത്തിനു തയ്യാറാകുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കാൻ വിദ്യാർഥിയോടൊപ്പം ഒരു പഠനഭാഗം തയ്യാറാകുക. ഒരു അധ്യായം അല്ലെങ്കിൽ ഒരു പാഠം മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് അങ്ങനെ ചെയ്യുന്നത് മിക്ക വിദ്യാർഥികൾക്കും സഹായകം ആയിരിക്കും.
2 ഉത്തരങ്ങൾ അടയാളപ്പെടുത്തൽ, കുറിപ്പുകൾ എഴുതൽ: അച്ചടിച്ച ചോദ്യങ്ങളുടെ നേരിട്ടുള്ള ഉത്തരം കണ്ടുപിടിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക. അധ്യയനത്തിന് ഉപയോഗിക്കുന്ന നിങ്ങളുടെ പുസ്തകത്തിൽ നിങ്ങൾ മുഖ്യ പദങ്ങളും പദപ്രയോഗങ്ങളും മാത്രം അടയാളപ്പെടുത്തിയിരിക്കുന്നത് വിദ്യാർഥിയെ കാണിച്ചുകൊടുക്കുക. പഠനഭാഗം പരിചിന്തിക്കവേ, നിങ്ങളുടെ മാതൃക അനുകരിച്ചുകൊണ്ട് ഉത്തരം ഓർക്കാൻ ആവശ്യമായതു മാത്രം പുസ്തകത്തിൽ അടയാളപ്പെടുത്താൻ വിദ്യാർഥിയും ആഗ്രഹിച്ചേക്കാം. (ലൂക്കൊ. 6:40) സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ വിദ്യാർഥിയോടു പറയുക. വിവരങ്ങൾ വിദ്യാർഥിക്ക് എത്രത്തോളം മനസ്സിലാകുന്നുണ്ടെന്നു കാണാൻ ഇതു നിങ്ങളെ സഹായിക്കും.
3 അധ്യയനത്തിനായി തയ്യാറാകുമ്പോൾ, പരാമർശിക്കുക മാത്രം ചെയ്തിട്ടുള്ള തിരുവെഴുത്തുകളും വിദ്യാർഥി ശ്രദ്ധാപൂർവം പരിശോധിക്കുന്നതു പ്രധാനമാണ്. (പ്രവൃ. 17:11) അങ്ങനെ കൊടുത്തിട്ടുള്ള ഓരോ തിരുവെഴുത്തുകളും ഖണ്ഡികയിലെ ഏതെങ്കിലും ഒരു ആശയത്തെ പിന്താങ്ങുന്നുണ്ടെന്നു മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിക്കുക. പാഠപുസ്തകത്തിന്റെ മാർജിനിൽ കുറിപ്പുകൾ എഴുതുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുക. പഠിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനം ബൈബിൾ ആണെന്ന വസ്തുത ഊന്നിപ്പറയുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ കഴിയുന്നത്ര ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരം പറയാൻ പ്രോത്സാഹിപ്പിക്കുക.
4 അവലോകനവും പുനരവലോകനവും: പാഠഭാഗം സമഗ്രമായി തയ്യാറാകാൻ തുടങ്ങുന്നതിനുമുമ്പ്, വിഷയം സംബന്ധിച്ച് ഒരു അവലോകനം നടത്തുന്നത് വിദ്യാർഥിയെ സഹായിക്കും. അധ്യായത്തിന്റെ തലക്കെട്ടും ഉപതലക്കെട്ടുകളും ചിത്രങ്ങളും മറ്റും ഹ്രസ്വമായി പരിചിന്തിക്കുന്നതിലൂടെ വിഷയം അവലോകനം ചെയ്യാൻ കഴിയുമെന്നു ചൂണ്ടിക്കാട്ടുക. തയ്യാറാകൽ അവസാനിപ്പിക്കുന്നതിനുമുമ്പ്, പഠനഭാഗത്ത് അവതരിപ്പിച്ചിട്ടുള്ള പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യാൻ അൽപ്പസമയം എടുക്കുന്നത് ജ്ഞാനം ആയിരിക്കുമെന്നു വിശദീകരിക്കുക. പുനരവലോകന ചതുരം ഉണ്ടെങ്കിൽ അത് ഉപയോഗിച്ചുകൊണ്ട് അങ്ങനെ ചെയ്യാവുന്നതാണ്. പഠിച്ച കാര്യങ്ങൾ ഒരിക്കൽക്കൂടി ഓർമിക്കുന്നത് വിവരങ്ങൾ മനസ്സിൽ തങ്ങിനിൽക്കാൻ സഹായിക്കും.
5 അധ്യയനത്തിനായി നന്നായി തയ്യാറാകാൻ വിദ്യാർഥിയെ പരിശീലിപ്പിക്കുന്നത് സഭായോഗങ്ങളിൽ നല്ല ഉത്തരം പറയാനും അദ്ദേഹത്തെ സഹായിക്കും. കൂടാതെ, അങ്ങനെ സ്വായത്തമാക്കുന്ന പഠന ശീലങ്ങൾ വർഷങ്ങൾക്കുശേഷവും—നിങ്ങൾ അദ്ദേഹത്തോടൊപ്പം നടത്തിയ ബൈബിളധ്യയനം പൂർത്തിയായശേഷവും—വിദ്യാർഥിക്കു പ്രയോജനം ചെയ്യും.