‘വിശ്വാസത്തിന്റെ വചനത്താൽ പോഷിപ്പിക്കപ്പെടുന്നു’
1 ദൈവിക ഭക്തിയോടെ ജീവിതം നയിക്കാൻ തീവ്രശ്രമം ആവശ്യമാണ്. (1 തിമൊ. 4:7-10) എന്നാൽ സ്വന്തം ശക്തിയിൽ ആശ്രയിച്ചുകൊണ്ട് അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ നാം പെട്ടെന്നുതന്നെ തളർന്നുപോകുകയും ഇടറിവീഴുകയും ചെയ്യും. (യെശ. 40:29-31) അതുകൊണ്ട് നാം യഹോവയിൽനിന്നു ശക്തി ആർജിക്കുന്നതു പ്രധാനമാണ്. ‘വിശ്വാസത്തിന്റെ വചനത്താൽ പോഷിപ്പിക്കപ്പെടുക’ എന്നതാണ് അതിനുള്ള ഒരു മാർഗം.—1 തിമൊ. 4:6.
2 സമൃദ്ധമായ ആത്മീയ ആഹാരം: തന്റെ വചനത്തിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയും യഹോവ ആത്മീയ ആഹാരം സമൃദ്ധമായി പ്രദാനം ചെയ്യുന്നു. (മത്താ. 24:45, NW) അതിൽനിന്നു പ്രയോജനം നേടാനായി നാം നമ്മുടെ ഭാഗം ചെയ്യുന്നുണ്ടോ? നാം ദിവസവും ബൈബിൾ വായിക്കാറുണ്ടോ? വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും നാം നിശ്ചിത സമയം വേർതിരിച്ചിട്ടുണ്ടോ? (സങ്കീ. 1:2, 3) ആരോഗ്യപ്രദമായ അത്തരം ആത്മീയ ഭക്ഷണം നമ്മെ ഊർജസ്വലരാക്കുകയും സാത്താന്യ ലോകത്തിന്റെ ദുർബലപ്പെടുത്തുന്ന സ്വാധീനങ്ങളിൽനിന്നു സംരക്ഷിക്കുകയും ചെയ്യും. (1 യോഹ. 5:19) ഉത്കൃഷ്ടമായ കാര്യങ്ങൾ മനസ്സിൽ നിറയ്ക്കുകയും ജീവിതത്തിൽ അവ ബാധകമാക്കുകയും ചെയ്താൽ യഹോവ നമ്മോടൊപ്പം ഉണ്ടാകും.—ഫിലി. 4:8, 9.
3 സഭായോഗങ്ങളിലൂടെയും യഹോവ നമ്മെ ബലപ്പെടുത്തുന്നു. (എബ്രാ. 10:24, 25) അവയിലൂടെ ലഭിക്കുന്ന ആത്മീയ പ്രബോധനവും നല്ല സഹവാസവും, പരിശോധനകൾ നേരിടുമ്പോൾ ഉറച്ചുനിൽക്കാൻ നമ്മെ ശക്തരാക്കുന്നു. (1 പത്രൊ. 5:9, 10) ഒരു ക്രിസ്തീയ യുവതി പറയുന്നു: “സ്കൂളിലെ ഓരോ ദിവസവും സമ്മർദപൂരിതമാണ്. എന്നാൽ സഭായോഗങ്ങൾ എനിക്കു മരുഭൂമിയിലെ ഒരു മരുപ്പച്ച പോലെയാണ്. സ്കൂളിലെ അടുത്ത ദിവസത്തിനായി അത് എന്നെ ഒരുക്കുന്നു.” ശ്രമം ചെയ്ത് യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ നാം എത്രയധികം അനുഗ്രഹിക്കപ്പെടുന്നു!
4 സത്യം ഘോഷിക്കൽ: മറ്റുള്ളവരോടു പ്രസംഗിക്കുന്നത് യേശുവിനു ഭക്ഷണംപോലെ ആയിരുന്നു. അത് അവനെ ഊർജസ്വലനാക്കിത്തീർത്തു. (യോഹ. 4:32-34) സമാനമായി, ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദാനങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതു നമുക്ക് ഉന്മേഷവും ഉണർവും പകരുന്നു. കൂടാതെ, ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നതിലൂടെ ദൈവരാജ്യത്തിലും അതിലൂടെ പെട്ടെന്നുതന്നെ നമുക്കു ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളിലും നമ്മുടെ മനസ്സും ഹൃദയവും കേന്ദ്രീകരിച്ചുനിറുത്താനും സാധിക്കും. തീർച്ചയായും അതു നമുക്ക് നവോന്മേഷം പ്രദാനം ചെയ്യുന്നു.—മത്താ. 11:28-30.
5 യഹോവ ഇന്നു തന്റെ ജനത്തിനു പ്രദാനം ചെയ്യുന്ന സമൃദ്ധമായ ആത്മീയ ആഹാരത്തിൽനിന്നു പ്രയോജനം നേടാൻ കഴിയുന്നത് എന്തൊരു അനുഗ്രഹമാണ്! സന്തോഷത്തോടെ അവനു സ്തുതി കരേറ്റുന്നതിൽ നമുക്കു തുടരാം.—യെശ. 65:13, 14.