പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 9: അനൗപചാരികമായി സാക്ഷീകരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കൽ
1 യേശുവാണ് വാഗ്ദത്ത മിശിഹാ എന്നു തിരിച്ചറിഞ്ഞ അന്ത്രെയാസിനും ഫിലിപ്പൊസിനും പുളകംകൊള്ളിക്കുന്ന ഈ വാർത്ത മറ്റുള്ളവരോടു പറയാതിരിക്കാൻ കഴിഞ്ഞില്ല. (യോഹ. 1:40-45) സമാനമായി, ഇന്ന് ബൈബിൾ വിദ്യാർഥികൾ തങ്ങൾ പഠിക്കുന്ന കാര്യങ്ങളിൽ വിശ്വാസം പ്രകടമാക്കാൻ തുടങ്ങുമ്പോൾ അതേക്കുറിച്ചു മറ്റുള്ളവരോടു പറയാൻ പ്രചോദിതരായിത്തീരുന്നു. (2 കൊരി. 4:13) അനൗപചാരികമായി സാക്ഷീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും അതു ഫലപ്രദമായി നിർവഹിക്കാൻ അവരെ സജ്ജരാക്കാനും നമുക്ക് എങ്ങനെ കഴിയും?
2 ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചിട്ടുണ്ടോയെന്ന് നിങ്ങൾക്കു വിദ്യാർഥിയോടു ചോദിക്കാൻ കഴിയും. തന്റെകൂടെ അധ്യയനത്തിനിരിക്കാൻ വിദ്യാർഥിക്കു ക്ഷണിക്കാൻ കഴിയുന്ന സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നേക്കാം. ഇനി, സഹജോലിക്കാരിൽ ആരെങ്കിലുമോ സഹപാഠികളോ മറ്റു പരിചയക്കാരോ സുവാർത്തയിൽ താത്പര്യം കാണിച്ചിട്ടുണ്ടോയെന്നു ചോദിക്കുക. എങ്കിൽ അവരെ അധ്യയനത്തിനു ക്ഷണിക്കുകയോ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോടു സംസാരിക്കുകയോ ചെയ്തുകൊണ്ട് സാക്ഷ്യം നൽകിത്തുടങ്ങാൻ വിദ്യാർഥിക്കു കഴിയും. യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു പറയുമ്പോൾ വിവേചന ഉപയോഗിക്കുകയും ബഹുമാനത്തോടും ദയയോടും കൂടെ ഇടപെടുകയും ചെയ്യേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക.—കൊലൊ. 4:6; 2 തിമൊ. 2:24, 25.
3 വിശ്വാസം പങ്കുവെക്കുമ്പോൾ: തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കു തെളിവു നൽകുന്നതിനു ദൈവവചനം ഉപയോഗിക്കാൻ ബൈബിൾ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതു വളരെ പ്രധാനമാണ്. അധ്യയന സമയത്ത് ചില പ്രത്യേക ആശയങ്ങൾ പഠിക്കുമ്പോൾ വിദ്യാർഥിയോട് ഇങ്ങനെ ചോദിക്കുക: “ഈ സത്യം നിങ്ങൾ ബൈബിൾ ഉപയോഗിച്ചു കുടുംബാംഗങ്ങളോട് എങ്ങനെ വിശദീകരിക്കും?” അല്ലെങ്കിൽ “ഇത് ഒരു സുഹൃത്തിനു തെളിയിച്ചുകൊടുക്കണമെങ്കിൽ നിങ്ങൾ ഏതു ബൈബിൾ വാക്യം ഉപയോഗിക്കും?” വിദ്യാർഥിയുടെ പ്രതികരണം ശ്രദ്ധിക്കുക, തിരുവെഴുത്തുകളെ ആധാരമാക്കി പഠിപ്പിക്കാൻ കഴിയുന്ന വിധം കാണിച്ചുകൊടുക്കുക. (2 തിമൊ. 2:15) ഇങ്ങനെ ചെയ്യുമ്പോൾ, അനൗപചാരികമായി സാക്ഷീകരിക്കാനും യോഗ്യതപ്രാപിക്കുമ്പോൾ സഭയോടൊത്തു സംഘടിത പ്രസംഗവേലയിൽ പങ്കുപറ്റാനും നിങ്ങൾ വിദ്യാർഥിയെ സജ്ജനാക്കുകയാണ്.
4 എതിർപ്പുകൾ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുന്നത് അധ്യാപകന്റെ ഭാഗത്തു ജ്ഞാനമാണ്. (മത്താ. 10:36; ലൂക്കൊ. 8:13; 2 തിമൊ. 3:12) മറ്റുള്ളവർ ചോദ്യങ്ങൾ ഉന്നയിക്കുകയോ യഹോവയുടെ സാക്ഷികളെക്കുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ ചെയ്യുമ്പോൾ, സാക്ഷ്യം നൽകാനുള്ള അവസരം വിദ്യാർഥികൾക്കു തുറന്നുകിട്ടിയേക്കാം. യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക ‘പ്രതിവാദം പറവാൻ ഒരുങ്ങിയിരിക്കാൻ’ അവരെ സഹായിക്കും. (1 പത്രൊ. 3:15) നമ്മുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു മനസ്സിലാക്കാൻ അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പുതിയവർക്കു സഹായിക്കാൻ പറ്റിയ കൃത്യമായ വിവരങ്ങൾ ഈ ലഘുപത്രികയിലുണ്ട്.