രാജ്യഘോഷണം—ഒരു അമൂല്യ പദവി
1 ജീവൻ നിലനിറുത്താൻ യഹോവ ചെയ്തിരിക്കുന്ന ഉദാരമായ കരുതലുകളിൽനിന്നു ഭൂമിയിലെ ശതകോടിക്കണക്കിനു നിവാസികൾ ദിവസവും പ്രയോജനം അനുഭവിക്കുന്നു. (മത്താ. 5:45) എന്നിരുന്നാലും വളരെ കുറച്ചുപേർ മാത്രമേ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് തങ്ങളുടെ സ്രഷ്ടാവിനോടു വിലമതിപ്പു പ്രകടിപ്പിക്കാനുള്ള അനുപമ പദവി ആസ്വദിക്കുന്നുള്ളൂ. (മത്താ. 24:14) ഈ അമൂല്യ പദവിയെ നിങ്ങൾ എത്രയധികം വിലമതിക്കുന്നുണ്ട്?
2 രാജ്യഘോഷണം ദൈവത്തിനു ബഹുമതി കരേറ്റുകയും പ്രക്ഷുബ്ധമായ ഈ നാളുകളിൽ ഹൃദയവ്യഥ അനുഭവിക്കുന്നവർക്കു പ്രത്യാശയും ശാന്തിയും പകരുകയും ചെയ്യുന്നു. (എബ്രാ. 13:15) രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുന്നവർക്ക് അതു നിത്യജീവനെ അർഥമാക്കുന്നു. (യോഹ. 17:3) ഏതു ജീവിതവൃത്തിക്ക് അല്ലെങ്കിൽ തൊഴിലിന് ആണ് ഇത്തരം പ്രയോജനങ്ങൾ വാഗ്ദാനം ചെയ്യാനാകുന്നത്? പൗലൊസ് അപ്പൊസ്തലൻ തന്റെ ശുശ്രൂഷ നിറവേറ്റിയ വിധത്താൽ അതിനോടുള്ള വിലമതിപ്പു പ്രകടിപ്പിച്ചു. അവൻ ശുശ്രൂഷയെ ഒരു നിക്ഷേപം അഥവാ നിധി ആയി വീക്ഷിച്ചു.—പ്രവൃ. 20:20, 21, 24; 2 കൊരി. 4:1, 7.
3 നമ്മുടെ അമൂല്യ പദവിയെ വിലമതിക്കൽ: നമ്മുടെ സേവനത്തിന്റെ ഗുണനിലവാരത്തിനു ശ്രദ്ധ കൊടുക്കുന്നതാണ് പ്രസംഗ പദവിയോടു വിലമതിപ്പു പ്രകടമാക്കാനാകുന്ന ഒരു വിധം. ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു അവതരണം തയ്യാറാകാൻ നാം സമയമെടുക്കാറുണ്ടോ? തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിലും ആളുകളുമായി ന്യായവാദം ചെയ്യുന്നതിലും നമുക്കുള്ള വൈദഗ്ധ്യം മെച്ചപ്പെടുത്താൻ നമുക്കാകുമോ? നിയമിത പ്രദേശം നാം സമഗ്രമായി പ്രവർത്തിക്കുന്നുണ്ടോ? ഒരു ബൈബിളധ്യയനം ആരംഭിക്കുന്നതും നടത്തുന്നതും എങ്ങനെയെന്നു നമുക്കറിയാമോ? ഈ പ്രവർത്തനം സംബന്ധിച്ച ഉചിതമായ ഒരു വീക്ഷണം, കഴിഞ്ഞകാലത്തെയും ഇക്കാലത്തെയും വിശ്വസ്ത ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ നമ്മെയും പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു, നമുക്കുള്ള പദവിയെ നാം അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു.—മത്താ. 25:14-23.
4 പ്രായാധിക്യത്താലോ അനാരോഗ്യത്താലോ പ്രയാസകരമായ മറ്റു സാഹചര്യങ്ങളാലോ നാം വിഷമതകൾ അനുഭവിക്കുമ്പോൾ, ശുശ്രൂഷയിൽ പങ്കുപറ്റാനുള്ള നമ്മുടെ തീക്ഷ്ണ ശ്രമങ്ങൾ തീർച്ചയായും അങ്ങേയറ്റം വിലമതിക്കപ്പെടുന്നുവെന്ന് അറിയുന്നത് ആശ്വാസകരമാണ്. തന്റെ സേവനത്തിലുള്ള അത്തരം ശ്രമങ്ങളെ—മറ്റുള്ളവർ വിലകുറഞ്ഞതായി കണക്കാക്കുന്നവയെപ്പോലും—യഹോവ വിലയേറിയതായി കാണുന്നുവെന്ന് ദൈവവചനം നമുക്ക് ഉറപ്പുതരുന്നു.—ലൂക്കൊ. 21:1-4.
5 രാജ്യഘോഷണം വലിയ സംതൃപ്തിയുടെ ഒരു ഉറവാണ്. 92 വയസ്സുള്ള ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “തെല്ലും ഖേദമില്ലാതെ, ദൈവത്തിനുള്ള സമർപ്പിത സേവനത്തിന്റെ 80 വർഷങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കാൻ കഴിയുന്നത് എന്തൊരു പദവിയാണ്! എന്റെ ജീവിതയാത്ര ഒരിക്കൽക്കൂടെ ആവർത്തിക്കാൻ എനിക്കാകുമെങ്കിൽ, ഇതുവരെ ജീവിച്ചതുപോലെ തന്നെയേ ഞാൻ വീണ്ടും ജീവിക്കൂ. കാരണം, ‘ദൈവത്തിന്റെ ദയ ജീവനെക്കാൾ നല്ലതാണ്.’” (സങ്കീ. 63:3) ദൈവത്തിൽനിന്നുള്ള അമൂല്യ പദവിയായ രാജ്യഘോഷണ വേലയെ നമുക്കും അങ്ങേയറ്റം വിലയേറിയതായി കരുതാം.