നിങ്ങൾ നോട്ടീസുകൾ ഉപയോഗിക്കുന്നുണ്ടോ?
ഒരിക്കൽ ഒരു പതിനൊന്നു വയസ്സുകാരന് ഒരു നോട്ടീസ് ലഭിച്ചു. നരകത്തെക്കുറിച്ചുള്ള ഒരു പരസ്യ പ്രസംഗം സംബന്ധിച്ച അറിയിപ്പ് ആയിരുന്നു അതിൽ. വർഷങ്ങൾക്കുശേഷം അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: “അത് എന്റെ താത്പര്യം തൊട്ടുണർത്തി. ഞാൻ എപ്പോഴും എന്തെങ്കിലുമൊക്കെ തെറ്റുകൾ ചെയ്യുന്നതായി എനിക്കു തോന്നിയിരുന്നതിനാൽ, മരിക്കുമ്പോൾ ഞാൻ ഒരു അഗ്നിനരകത്തിൽ പോകുമെന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു.” അദ്ദേഹം ആ പ്രസംഗം കേൾക്കാൻ പോകുകയും തുടർന്ന് ബൈബിൾ പഠിച്ച് ഏകദേശം ഒരു വർഷത്തിനുശേഷം സ്നാപനമേൽക്കുകയും ചെയ്തു. പിൽക്കാലത്ത്, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായി വർഷങ്ങളോളം സേവനം അനുഷ്ഠിച്ച കാൾ ക്ലൈന്റെ ക്രിസ്തീയ ജീവിത ഗതിയുടെ തുടക്കമായിരുന്നു അത്. ഒരു നോട്ടീസായിരുന്നു എല്ലാറ്റിനും കാരണം.
സാക്ഷ്യം നൽകുന്നതിൽ നോട്ടീസുകൾ ഇന്നും ഫലപ്രദമായ ഒരു ഉപകരണമാണ്. ഒരു വ്യക്തിക്ക് ഒരു നോട്ടീസ് നൽകുന്നത്, സ്വയം പരിചയപ്പെടുത്തുന്നതിനും ഒരു സംഭാഷണം ആരംഭിക്കുന്നതിനും പറ്റിയ മാർഗമാണെന്ന് അനേകം പ്രസാധകർ തിരിച്ചറിയുന്നു. വീടുകളിൽ നോട്ടീസ് നൽകാൻ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് മാതാപിതാക്കൾക്ക് അവരെ ശുശ്രൂഷയിൽ പങ്കെടുപ്പിക്കാൻ കഴിയും. കത്തിലൂടെ സാക്ഷീകരണം നടത്തുന്ന പ്രസാധകർക്ക്, അതോടൊപ്പം ഒരു നോട്ടീസ് അയച്ചുകൊടുത്തുകൊണ്ട് യോഗങ്ങളെക്കുറിച്ച് അറിയിക്കാവുന്നതാണ്. ബൈബിൾ വിദ്യാർഥികളെയും താത്പര്യക്കാരായ മറ്റുള്ളവരെയും നമ്മുടെ യോഗങ്ങൾക്കു ക്ഷണിക്കാൻ സൗകര്യപ്രദമായ ഒരു മാർഗം കൂടിയാണ് നോട്ടീസുകൾ.
നിങ്ങൾ ശുശ്രൂഷയിൽ നോട്ടീസുകൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?