“ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഗോളവ്യാപകമായി പരസ്യപ്പെടുത്താനുള്ള സംഘടിതശ്രമം
ഈ വർഷവും ഒരു പ്രത്യേക നോട്ടീസ് പ്രസാധകർ വിതരണം ചെയ്യും
1 “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരസ്യപ്പെടുത്തുന്നതിനുള്ള കഴിഞ്ഞ വർഷത്തെ ലോകവ്യാപക പരിപാടി താത്പര്യക്കാരിൽ ശക്തമായ പ്രഭാവംചെലുത്തി. യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്ന വിഭവസമൃദ്ധമായ ആത്മീയ ആഹാരം എങ്ങനെയുള്ളതാണെന്നു രുചിച്ചുനോക്കാൻ നമ്മുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു വന്നവർക്ക് ജീവിതത്തിൽ ആദ്യമായി അന്ന് അവസരം ലഭിച്ചു. (യെശ. 65:13) നമ്മുടെ ഏകീകൃത ക്രിസ്തീയ സഹോദരവർഗവുമായി ഊഷ്മളമായ സഹവാസം അവർ ആസ്വദിച്ചു. (സങ്കീ. 133:1) “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുന്നതിന് സാധ്യമാകുന്നത്രയും പേരെ സഹായിക്കാൻ ഒരു പ്രത്യേക നോട്ടീസ് ഈ വർഷവും നാം ലോകവ്യാപകമായി വിതരണം ചെയ്യും.
2 കഴിഞ്ഞ വർഷത്തെ ഫലങ്ങൾ: “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരസ്യപ്പെടുത്തിയത് സത്ഫലങ്ങൾ ഉളവാക്കിയെന്നാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. പല സ്ഥലങ്ങളിലും അനുകൂലമായ പ്രചാരണം ലഭിച്ചു. ഉദാഹരണത്തിന്, ഒരു നഗരത്തിലെ വർത്തമാനപത്രം ആറു കോളം നിറയെ നൽകിയ വാർത്തയിൽ വിതരണ പരിപാടിയെക്കുറിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “കൺവെൻഷനു മുമ്പുതന്നെ എല്ലാവരെയും സന്ദർശിക്കാൻ സാക്ഷികൾ തീവ്രശ്രമം ചെയ്തു—അവർ ഏറെ നേരം പ്രവർത്തിച്ചു, ഏറെദൂരം നടന്നു, ഏറെവേഗം സംസാരിച്ചു.” ആ സംഘടിതമായ നോട്ടീസ് വിതരണം മറ്റൊരു നഗരത്തിലെ വാർത്താമാധ്യമത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി, അവർ അതേക്കുറിച്ച് സവിസ്തരമായ ഒരു റിപ്പോർട്ട് നൽകുകയുണ്ടായി. കൺവെൻഷനുമുമ്പ് മൂന്നു വർത്തമാനപത്രങ്ങൾ എങ്കിലും നമ്മുടെ പ്രവർത്തനത്തെക്കുറിച്ച് അനുകൂലമായ പ്രചാരണം നൽകി. ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിൽ ഒരു റിപ്പോർട്ടർ ദീർഘമായ പല ലേഖനങ്ങളും എഴുതുകയുണ്ടായി. രണ്ടു പേജിലധികം ഇതേക്കുറിച്ചുതന്നെ ആയിരുന്നു. നമ്മുടെ വിശ്വാസം, സാഹോദര്യം, നോട്ടീസ് വിതരണം, കൺവെൻഷൻ എന്നിവയെക്കുറിച്ച് അതിൽ വിശദീകരിച്ചിരുന്നു. ഒരു വീട്ടുകാരനെ ക്ഷണിച്ചപ്പോൾ ഇടയ്ക്കുകയറി അദ്ദേഹം പറഞ്ഞു: “ഞാനിപ്പോൾ ഇതേക്കുറിച്ച് പത്രത്തിൽ വായിച്ചതേയുള്ളൂ.” മറ്റൊരു വീട്ടുകാരിയുടെ പ്രതികരണം ശ്രദ്ധിക്കുക: “ഇതേക്കുറിച്ച് ഞാൻ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് എനിക്കുള്ളതാണോ?” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “യഹോവയുടെ സാക്ഷികൾ ചെയ്യുന്ന നല്ലൊരു കാര്യമാണ് ഇത്.”
3 താത്പര്യക്കാരായ പലരും ക്ഷണക്കത്തും കൈയിൽപ്പിടിച്ച് കൺവെൻഷൻസ്ഥലത്തേക്കു വരുന്നതു കാണാമായിരുന്നു. പരിപാടികൾ ശ്രദ്ധിക്കുന്നതിനായി ചില താത്പര്യക്കാർ വിദൂര നഗരങ്ങളിൽനിന്നുപോലും കാറോടിച്ചു വന്നു. മറ്റുള്ളവരെ ക്ഷണിക്കുന്നതിന് നാം ചെയ്ത ശ്രമങ്ങൾ ഹാജർ വർധിക്കാൻ ഇടയാക്കി. ഒരു രാജ്യത്താണെങ്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം വർധനയാണുണ്ടായത്!
4 പ്രവർത്തന രീതി: നിങ്ങളുടെ കൺവെൻഷൻ തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് നോട്ടീസ് വിതരണം തുടങ്ങാവുന്നതാണ്. സഭയുടെ മുഴു പ്രദേശവും പ്രവർത്തിച്ചു തീർക്കാൻ സകല ശ്രമവും ചെയ്യണം. വളരെ വിസ്തൃതമായ പ്രദേശമുള്ള സഭയിലെ പ്രസാധകർക്ക് കൺവെൻഷനു തൊട്ടുമുമ്പത്തെ ആഴ്ചയിൽ ആളില്ലാഭവനങ്ങളിൽ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാത്തവിധം നോട്ടീസ് വെക്കാനാകും. നോട്ടീസ് മുഴുവൻ വിതരണം ചെയ്യുന്നതിനും കഴിയുന്നത്ര പ്രദേശം പ്രവർത്തിച്ചു തീർക്കുന്നതിനും ഓരോ സഭയും ശ്രമിക്കേണ്ടതാണ്. നോട്ടീസ് ബാക്കിവരുന്നെങ്കിൽ അവ വിതരണം ചെയ്യാൻ സഭയിലെ പയനിയർമാർ ആഗ്രഹിച്ചേക്കാം.
5 എന്തു പറയണം?: പിൻവരുന്നതുപോലെ എന്തെങ്കിലും പറയാനാകും: “ലോകവ്യാപകമായി ഒരു ക്ഷണക്കത്ത് വിതരണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത്. ഉടൻ നടക്കാൻ പോകുന്ന ഒരു സുപ്രധാന കൺവെൻഷനെക്കുറിച്ചുള്ളതാണ് ഇത്. കൂടുതൽ വിവരങ്ങൾ ഈ ക്ഷണക്കത്തിലുണ്ട്.” ഹ്രസ്വമായ അവതരണം കൂടുതൽ നോട്ടീസുകൾ വിതരണം ചെയ്യാൻ സഹായകമാകും. എന്നാൽ വീട്ടുകാരനു ചോദ്യങ്ങൾ ഉണ്ടെങ്കിൽ നാം അൽപ്പംകൂടി സമയം ചെലവഴിക്കേണ്ടതാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. താത്പര്യം കാണിക്കുന്നവരുടെ പേരുവിവരങ്ങൾ കുറിച്ചുവെച്ച് കഴിവതും വേഗം മടങ്ങിച്ചെല്ലുക.
6 ക്രിസ്തുവിനെ അനുഗമിക്കാൻ തീവ്രശ്രമം ചെയ്യുന്നത് എത്ര പ്രധാനമാണ്! (യോഹ. 3:36) അങ്ങനെചെയ്യാൻ, ഉടൻ നടക്കാൻ പോകുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഹാജരാകുന്ന എല്ലാവരെയും സഹായിക്കും. “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരസ്യപ്പെടുത്താനുള്ള ഈ സംഘടിതശ്രമം ഒരു വൻസാക്ഷ്യമായി പരിണമിക്കുമെന്ന് നമുക്ക് ഉറച്ചു പ്രത്യാശിക്കാം. അതിനാൽ, ഉത്സാഹപൂർവം പരമാവധി ആളുകളെ ക്ഷണിക്കുക. ഈ ആഗോള പരിപാടിയിൽ പങ്കെടുക്കവേ, നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ.