ഫലപ്രദമായ ഒരു പ്രചാരണപരിപാടി
കൺവെൻഷൻ ആരംഭിക്കുന്നതിനു മൂന്ന് ആഴ്ച മുമ്പു പ്രദേശത്തെ താത്പര്യക്കാരെ ക്ഷണിക്കാനുള്ള പ്രചാരണപരിപാടിയിൽ ഈ വർഷവും സഭകൾ പങ്കെടുക്കുന്നതായിരിക്കും. ഈ പ്രത്യേകപ്രചാരണപരിപാടി നടത്തുന്നത് നല്ല കാരണങ്ങളോടെയാണ്. ക്ഷണക്കത്തു സ്വീകരിച്ച് കൺവെൻഷനു ഹാജരാകുന്നവർ നമ്മുടെ നല്ല പെരുമാറ്റരീതികളും ഐക്യവും തിരുവെഴുത്തധിഷ്ഠിതപ്രസംഗങ്ങളും ശ്രദ്ധിക്കുമെന്നതിനു സംശയമില്ല. കൂടാതെ, സുസംഘടിതമായ ഡിപ്പാർട്ടുമെന്റുകളിൽ പ്രവർത്തിക്കുന്നവരെല്ലാം സ്വമേധാസേവകരാണെന്ന കാര്യവും അവരെ ആകർഷിച്ചേക്കാം. (സങ്കീ. 110:3; 133:1; യെശ. 65:13, 14) താത്പര്യമുള്ള വ്യക്തികൾ കൺവെൻഷനായി ഏറെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടെങ്കിൽ നമ്മുടെ പ്രചാരണപരിപാടിക്ക് ഉദ്ദിഷ്ടഫലം ലഭിക്കുമോ?
2011-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനു ശേഷം ബ്രാഞ്ചോഫീസിലേക്ക് ഒരു സ്ത്രീയുടെ കത്തു ലഭിച്ചു. യഹോവയുടെ സാക്ഷികൾ വാതിലിൽ മുട്ടുമ്പോൾ സാധാരണയായി ഒളിച്ചിരിക്കുമായിരുന്ന അവൾക്ക് കൺവെൻഷന്റെ ക്ഷണക്കത്ത് വീടിന്റെ വാതിൽക്കൽ കിടന്ന് കിട്ടി. അവൾ എഴുതി: “മനോഹരമായ ഒരു വീടും നല്ലൊരു ഭർത്താവും ഉള്ള എനിക്കു സന്തോഷത്തിനുള്ള എല്ലാ കാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ എന്റെ ജീവിതത്തിന് ഒരു ഉദ്ദേശവുമില്ലായിരുന്നു, ഞാൻ തികച്ചും അസന്തുഷ്ടയായിരുന്നു. അതുകൊണ്ട്, 200 മൈൽ (320 കി.മീ) യാത്ര ചെയ്തു ശനിയാഴ്ചത്തെ കൺവെൻഷൻ പരിപാടിയിൽ സംബന്ധിക്കാൻ ഞാൻ തീരുമാനിച്ചു.” അന്നത്തെ കൺവെൻഷൻ ആസ്വദിച്ച അവൾ ആ രാത്രി അവിടെ തങ്ങി ഞായറാഴ്ചത്തെ പരിപാടികളും കഴിഞ്ഞേ മടങ്ങിവരൂ എന്ന് ഫോൺ ചെയ്ത് ഭർത്താവിനോട് പറഞ്ഞു. “ഞാൻ എല്ലാ പ്രസംഗങ്ങളും നന്നായി ശ്രദ്ധിച്ചു. യഹോവയുടെ സാക്ഷികളായ ധാരാളം പേരെ പരിചയപ്പെട്ടു. ആ കൺവെൻഷൻ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.” വീട്ടിൽ തിരിച്ചെത്തിയ അവൾ ബൈബിൾ പഠിക്കാൻ ആരംഭിക്കുകയും നാലു മാസങ്ങൾക്കു ശേഷം ഒരു പ്രസാധികയായിത്തീരുകയും ചെയ്തു. “ഇപ്പോൾ എന്റെ ജീവിതത്തിന് ഒരു ഉദ്ദേശമുണ്ട്. അന്ന് എന്റെ വീട്ടുവാതിൽക്കൽനിന്നു കിട്ടിയ ആ ക്ഷണക്കത്തിനെപ്രതി ഞാൻ എത്രയധികം സന്തുഷ്ടയാണെന്നോ!”
ക്ഷണക്കത്ത് ലഭിക്കുന്ന ചിലരെങ്കിലും കൺവെൻഷനു ഹാജരാകും. അതുകൊണ്ട് ഈ പ്രധാനപ്പെട്ട പ്രചാരണപരിപാടിയിൽ തീക്ഷ്ണതയോടെ പങ്കെടുക്കുക. മിച്ചം വരുന്ന ക്ഷണക്കത്ത് കൂടെക്കരുതുന്നെങ്കിൽ കൺവെൻഷൻ നഗരത്തിൽ അനൗപചാരികസാക്ഷീകരണം നടത്താനാകും.
[2-ാം പേജിലെ ചതുരം]
ക്ഷണക്കത്ത് എങ്ങനെ നൽകാം?
പ്രദേശം മുഴുവൻ പ്രവർത്തിച്ചുതീർക്കേണ്ടതിനാൽ ഹ്രസ്വമായ അവതരണം നടത്തുക. ഇങ്ങനെ പറയാവുന്നതാണ്: “നമസ്കാരം. ഈ ക്ഷണക്കത്ത് ലോകവ്യാപകമായി ഞങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇത് നിങ്ങൾക്കുള്ളതാണ്. കൂടുതൽ വിവരങ്ങൾ ഇതിലുണ്ട്.” ഉത്സാഹത്തോടെ അവതരിപ്പിക്കുക. ഉചിതമെന്നു തോന്നുന്നെങ്കിൽ വാരാന്തങ്ങളിൽ ക്ഷണക്കത്തിനോടൊപ്പം മാസികകളും നൽകാവുന്നതാണ്.