“വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരസ്യപ്പെടുത്തുന്നതിനുള്ള ലോകവ്യാപക പ്രചാരണ പരിപാടി
ഓരോ സഭയിലെയും പ്രസാധകർ പ്രത്യേക നോട്ടീസുകൾ വിതരണം ചെയ്യുന്നതായിരിക്കും
1 ഏകദേശം 155 ദേശങ്ങളിൽ നടക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ഒരു പ്രത്യേക നോട്ടീസ് ഉപയോഗിച്ച് പരസ്യപ്പെടുത്തുന്നതിനായി ഒരു ആഗോള പ്രചാരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഉത്തരാർധഗോളത്തിൽ 2006-ന്റെ വസന്തത്തിൽ തുടങ്ങുന്ന ഈ പരിപാടി ലോകവ്യാപകമായി ക്രമീകരിച്ചിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ കഴിയുന്നതുവരെ തുടരും. 2006 ജൂലൈയിലും ആഗസ്റ്റ് ആദ്യ ആഴ്ചയിലുമായി ജർമനി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന പ്രത്യേക കൺവെൻഷനുകളോടുള്ള ബന്ധത്തിലും ഈ പ്രചാരണ പരിപാടി ഉണ്ടായിരിക്കും.
2 നാം ജീവിക്കുന്നത് അന്ത്യകാലത്തിന്റെ അവസാന നാഴികയിലാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന വിടുതൽ വിശേഷവത്കരിക്കുന്ന ഈ കൺവെൻഷനുകൾ ശരിയായ മനോനിലയുള്ളവർക്ക് വളരെ ആകർഷകമായി തോന്നേണ്ടതാണ്. സമീപ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഈ സന്ദേശം അവരെ പ്രേരിപ്പിക്കണം. ആശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്ദേശം കേൾക്കാൻ ദശലക്ഷങ്ങൾക്ക് അവസരം നൽകുന്നതിനായി, തങ്ങളുടെ നിയമിത കൺവെൻഷനെപ്പറ്റി പരസ്യപ്പെടുത്തുന്നതിൽ ഉത്സാഹപൂർവം പങ്കെടുക്കാൻ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായുള്ള 98,000-ത്തിലധികംവരുന്ന സഭകളെ പ്രോത്സാഹിപ്പിക്കുകയാണ്.
3 സഭകൾക്ക് ആവശ്യത്തിന് നോട്ടീസുകൾ അയയ്ക്കുന്നുണ്ട്; ഓരോ പ്രസാധകനും തങ്ങളുടെ നിയമിത കൺവെൻഷൻ നടക്കുന്ന ഭാഷയിലുള്ള 15 വരെ നോട്ടീസുകൾ കൈപ്പറ്റാവുന്നതാണ്. കൺവെൻഷൻ നടക്കുന്ന നഗരത്തിലുള്ള പ്രസാധകർക്ക് 30 നോട്ടീസുകൾ വീതം ലഭിക്കും. സഭയിൽ ബാക്കിവരുന്ന നോട്ടീസുകൾ, വിതരണം ചെയ്യുന്നതിനായി പയനിയർമാർക്കു നൽകാൻ കഴിയും. ഓരോ സഭയും അതിന്റെ നിയമിത കൺവെൻഷൻ തുടങ്ങുന്നതിനു മൂന്നാഴ്ച മുമ്പ് ഈ പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കും. അങ്ങനെയാകുമ്പോൾ ഇവ വിതരണം ചെയ്യുന്നതിന് ആവശ്യത്തിനു സമയം ലഭിക്കും.
4 കൺവെൻഷൻ നടക്കുന്ന സ്ഥലവും തീയതിയും നോട്ടീസിന്റെ പിൻവശത്ത് എഴുതാനാകും. കഴിയുന്നതും ഓരോ വീട്ടുകാരനെയും നേരിൽക്കണ്ട് നോട്ടീസ് നൽകേണ്ടതാണ്. പക്ഷേ, വീട്ടിൽ ആളില്ലെങ്കിൽ മറ്റാരുടെയും ശ്രദ്ധയാകർഷിക്കാത്ത വിധത്തിൽ നോട്ടീസ് വാതിൽക്കൽ വെക്കാവുന്നതാണ്. കൺവെൻഷൻ നഗരത്തിൽനിന്ന് അകലെ താമസിക്കുന്ന പ്രസാധകർക്ക് തങ്ങൾ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുന്നവരെ ക്ഷണിക്കാനായി നോട്ടീസുകൾ ഉപയോഗിക്കാനാകും. കൂടാതെ കൺവെൻഷൻ നടക്കുന്ന നഗരത്തിലേക്കു യാത്ര ചെയ്യുമ്പോഴും ഇവ ഉപയോഗിക്കാവുന്നതാണ്. മൂന്നാഴ്ചകൊണ്ട് നോട്ടീസുകൾ എല്ലാം കൊടുത്തുതീർക്കാൻ ഒരു പ്രത്യേക ശ്രമം ചെയ്യേണ്ടതാണ്.
5 “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരസ്യപ്പെടുത്തുന്നതിനായി ഗോളവ്യാപകമായി ചെയ്യപ്പെടുന്ന ഈ തീവ്രശ്രമം ഒരു വലിയ സാക്ഷ്യം നൽകുന്നതിന് ഇടയാക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. ഈ ലോകവ്യാപക പ്രചാരണ പരിപാടിയിൽ പങ്കുപറ്റവേ നിങ്ങളുടെ ഓരോരുത്തരുടെയും ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.