ബ്രാഞ്ചിൽനിന്നുള്ള കത്ത്
പ്രിയ രാജ്യ പ്രസാധകരേ,
സഭകളെയും സർക്കിട്ടുകളെയും ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ ഏതാനും സേവനവർഷങ്ങളിൽ നാം അവയെ ഏകീകരിക്കുകയുണ്ടായി. കഴിഞ്ഞ സേവനവർഷത്തിൽമാത്രം 14 സഭകളെയാണു സമീപ സഭകളിൽ ലയിപ്പിച്ചത്. കഴിഞ്ഞ രണ്ടു സേവനവർഷത്തിൽ മൊത്തം 36 സഭകൾ അങ്ങനെ ലയിപ്പിക്കുകയുണ്ടായി. സേവന പദവികൾക്കായി കൂടുതൽ സഹോദരന്മാർ യോഗ്യത പ്രാപിച്ചതോടെ ഓരോ സഭയിലും ഇപ്പോൾ നമുക്കു ശരാശരി മൂന്നു മൂപ്പന്മാരും നാലു ശുശ്രൂഷാദാസന്മാരും ഉണ്ട്.
സഭകൾ വലുതാകുമ്പോൾ സ്വാഭാവികമായും കൂടുതൽ സൗകര്യമുള്ള രാജ്യഹാളുകൾ ആവശ്യമായിവരുന്നു. സന്തോഷകരമെന്നു പറയട്ടെ, കഴിഞ്ഞ സെപ്റ്റംബറിനുശേഷം 10 സ്ഥലങ്ങളിൽ ബ്രാഞ്ച് പ്രതിനിധികൾ രാജ്യഹാൾ സമർപ്പണ പരിപാടിയിൽ സംബന്ധിച്ചു. ഇവയിൽ രണ്ടെണ്ണം ഇരട്ടരാജ്യഹാളുകളാണ്. ഇതെല്ലാം ഭാവി വളർച്ചയ്ക്കുള്ള ഒരു ഉറച്ച അടിസ്ഥാനമാണ്.
ബെഥേൽ ഭവനവും കാര്യനിർവഹണ വിഭാഗവും അച്ചടിശാലയും എല്ലാം ഇപ്പോൾ പൂർണമായി സജ്ജമായിരിക്കുന്നതിനാൽ നാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലമടങ്ങായുള്ള വർധനയോടു ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റാൻ അവ പര്യാപ്തമാണ്. ഈ കലണ്ടർ വർഷത്തിന്റെ ആദ്യ പകുതിയിൽ പുതിയ യന്ത്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. പുതിയ രണ്ടു റാപ്പിഡ പ്രസ്സുകൾ മണിക്കൂറിൽ 12,000 മാസികകളാണ് അച്ചടിക്കുന്നത്. മുമ്പത്തെ പ്രസ്സുകൾ ഉത്പാദിപ്പിച്ചിരുന്നതിന്റെ ഏകദേശം ഇരട്ടിയാണ് ഇത്. പേപ്പർ മുറിക്കൽ, അച്ചടിച്ച ഷീറ്റുകൾ മടക്കൽ, മാസികകളും മറ്റും പിൻ ചെയ്യൽ, അവയുടെ അരികു മുറിക്കൽ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള പുതിയ യന്ത്രങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമമാണ്. അങ്ങനെ അടുത്ത പല വർഷങ്ങളിൽ, ആവശ്യമായ സാഹിത്യം അനായാസം ഉത്പാദിപ്പിക്കാൻ നമുക്കു കഴിയും.
പുതിയ യന്ത്രോപകരണങ്ങൾ സ്ഥാപിക്കാൻ 6 സഹോദരന്മാരും അവരിൽ ചിലരുടെ ഭാര്യമാരും അടങ്ങിയ ഒരു അന്താരാഷ്ട്ര സംഘത്തിന്റെ സഹായവും നമ്മുടെ രാജ്യത്തുതന്നെയുള്ള വിദഗ്ധരായ 5 ടെക്നീഷ്യന്മാരുടെ പിന്തുണയും ആവശ്യമായിവന്നു. ഈ സ്വമേധയാ സേവകരുടെയെല്ലാം അനുഭവപരിചയവും വേലയിലെ മനസ്സൊരുക്കവും ബെഥേൽ അംഗങ്ങൾ ഏറെ വിലമതിച്ചു. അവർ വിടപറഞ്ഞപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
സുനാമി ബാധിത പ്രദേശങ്ങളിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര പിന്തുണ ഉണ്ടായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും വിദേശ ഇന്ത്യാക്കാരിൽനിന്നും സഹായം ഒഴുകിയെത്തി. അതിനാൽ, ഒരു വാരത്തിനുള്ളിൽ ദുരന്ത ബാധിതരായ സഹോദരങ്ങളെ, പ്രത്യേകിച്ച് ഏറെ നാശം ഉണ്ടായ ആൻഡമാൻ നിക്കോബർ ദ്വീപുകളിലുള്ളവരെ, സന്ദർശിച്ച് പ്രായോഗികവും സംഘടിതവും ആയ വിധത്തിൽ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാൻ നമുക്കു കഴിഞ്ഞു. യോഗ്യതയുള്ള സർക്കിട്ട് മേൽവിചാരകന്മാരും നിർമാണ സംഘാംഗങ്ങളും വീണ്ടും അവിടം സന്ദർശിച്ച് ദുരന്തത്തിൽ സകലവും നഷ്ടമായവർക്ക് ആവശ്യമായ സഹായം തുടർന്നും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തി. തങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിൽ പങ്കുചേർന്ന എല്ലാവരോടും ഹൃദയംഗമമായ നന്ദി അറിയിക്കാൻ സുനാമി ബാധിത പ്രദേശങ്ങളിലുള്ള സഹോദരീസഹോദരന്മാർ ഞങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. സ്നേഹനിർഭരമായ ഒരു ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നത് എന്തൊരു പദവിയാണ്!—1 പത്രൊ. 2:17.
ദൈവരാജ്യത്തെപ്രതി ചെയ്യുന്ന തീക്ഷ്ണമായ ഈ പ്രവർത്തനങ്ങളെല്ലാം അഭിനന്ദനാർഹമാണ്. അവയെ സാമ്പത്തികമായി പിന്തുണയ്ക്കാൻ നിങ്ങൾ നൽകുന്ന സംഭാവനകളും ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നു. (സദൃ. 3:9, 10) “അവന്റെ മഹത്വത്തിന്റെ പുകഴ്ചെ”ക്കായി നാം ചെയ്യുന്ന ഏകീകൃത ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമാറാകട്ടെ.—എഫെ. 1:12.
നിങ്ങളുടെ സഹോദരങ്ങൾ,
ബ്രാഞ്ച് ഓഫീസ്, ഇന്ത്യ