ബ്രാഞ്ചിൽനിന്നുള്ള കത്ത്
പ്രിയ രാജ്യഘോഷകരേ,
സേവനവർഷം 2007-ൽ ഇന്ത്യാ ബ്രാഞ്ചിനുകീഴിലുള്ള പ്രദേശത്തെ പ്രവർത്തനത്തിലുണ്ടായ പുരോഗതി കാണുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്! മാർച്ചിൽ നാം 1,628 സാധാരണ പയനിയർമാരുടെയും ഏപ്രിലിൽ 4,212 സഹായ പയനിയർമാരുടെയും സർവകാല അത്യുച്ചം കണ്ടു. പയനിയർമാരുടെ എണ്ണത്തിലുള്ള ഈ കുതിച്ചുകയറ്റം പ്രസംഗവേലയ്ക്കു പൂർവാധികം കരുത്തുപകരുന്നു. മാർച്ചിൽ 27,153 പ്രസാധകർ റിപ്പോർട്ടുചെയ്തു. ബൈബിളധ്യയനങ്ങളുടെ എണ്ണം 25,390 ആയിരുന്നു. ചില സ്ഥലങ്ങളിൽ സഹോദരങ്ങൾ, എതിർപ്പുകൾ ഗണ്യമാക്കാതെ രാജ്യപ്രസംഗവേലയിൽ മുന്നേറുകയാണ്.
“മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?” എന്ന ശീർഷകത്തിലുള്ള രാജ്യവാർത്ത നമ്പർ 37-ന്റെ, ഉദ്ദേശം ഒമ്പതര ലക്ഷം കോപ്പികൾ ഇന്ത്യാ ബ്രാഞ്ചിനുകീഴിലുള്ള പ്രദേശത്തുടനീളം നാം വിതരണം ചെയ്തു. താത്പര്യം തോന്നിയവർ രാജ്യവാർത്തയുടെ മറുപുറത്തുള്ള കൂപ്പൺ ഉപയോഗിച്ച് ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രികയ്ക്കും ബൈബിളധ്യയനങ്ങൾക്കുമായി അപേക്ഷിക്കുകയും ചെയ്തു. സ്മാരക ക്ഷണക്കത്തിന്റെ വിതരണം വൻവിജയമായിരുന്നു, 73,193 പേരാണ് തത്ഫലമായി ഈ വർഷം സ്മാരകത്തിനു ഹാജരായത്.
ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ ആത്മാർഥഹൃദയരെ സഹായിക്കുകയെന്നതാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം. (മത്താ. 28:19, 20) രാജ്യസന്ദേശത്തിൽ താത്പര്യം കാണിക്കുന്നവരുടെ പേരുവിവരങ്ങൾ കുറിച്ചെടുക്കാനും ബൈബിളധ്യയനം ആരംഭിക്കുകയെന്ന ലക്ഷ്യത്തിൽ മടങ്ങിച്ചെല്ലാനും ഓർക്കുക. ഈ സുപ്രധാന വേലയിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾ സന്തോഷമുള്ളവരാണ്. ഞങ്ങളുടെ ഊഷ്മളമായ ക്രിസ്തീയ സ്നേഹം നിങ്ങളെ അറിയിക്കുന്നു.
നിങ്ങളുടെ സഹോദരങ്ങൾ,
ബ്രാഞ്ചോഫീസ്, ഇന്ത്യ