വ്യക്തിഗത താത്പര്യം കാണിക്കുക—നിരീക്ഷിക്കുന്നവരായിരുന്നുകൊണ്ട്
1 ആളുകളുടെ പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിഞ്ഞു സഹായം നൽകുന്നതിൽ യഹോവയാം ദൈവവും ക്രിസ്തുയേശുവും ഉത്തമ മാതൃക വെക്കുന്നു. (2 ദിന. 16:9; മർക്കൊ. 6:34) ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരുടെ താത്പര്യങ്ങളും ഉത്കണ്ഠകളും നാം തിരിച്ചറിയുമ്പോൾ, സാഹചര്യത്തിന് അനുയോജ്യമായ വിധത്തിൽ സുവാർത്ത അവതരിപ്പിക്കാൻ നമുക്കു സാധിച്ചേക്കും.
2 വിശദാംശങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുക: കാര്യങ്ങൾ നിരീക്ഷിക്കുന്നതിൽ സൂക്ഷ്മശ്രദ്ധകൊടുത്ത വ്യക്തിയായിരുന്നു യേശു. (മർക്കൊ. 12:41-43; ലൂക്കൊ. 19:1-6) സമാനമായി ശുശ്രൂഷയിലായിരിക്കെ നാം ഒരു വീട്ടിലേക്കു ചെല്ലുമ്പോൾ അവിടെയുള്ള മതപരമായ വസ്തുക്കളോ വാഹനത്തിൽ എഴുതി ഒട്ടിച്ചിരിക്കുന്ന വാക്യങ്ങളോ മുറ്റത്തു കിടക്കുന്ന കളിപ്പാട്ടങ്ങളോ ശ്രദ്ധിക്കുകയാണെങ്കിൽ സുവാർത്ത ഫലപ്രദമായി അവതരിപ്പിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നമുക്കു കഴിയും.
3 ഒരു വ്യക്തിയുടെ മുഖഭാവമോ പെരുമാറ്റമോ അയാളുടെ മനോവികാരങ്ങൾ സംബന്ധിച്ചു സൂചന നൽകിയേക്കാം. (സദൃ. 15:13) പ്രിയപ്പെട്ട ഒരാളുടെ വിയോഗമോ ദുഃഖകരമായ മറ്റേതെങ്കിലും സംഭവങ്ങളോ നിമിത്തം അയാൾക്കു സാന്ത്വനം ആവശ്യമായിരിക്കാം. ഉചിതമായ ചില തിരുവെഴുത്ത് ആശയങ്ങൾ പങ്കുവെക്കുന്നത് അയാൾ വിലമതിച്ചേക്കും. (സദൃ. 16:24) വീട്ടുകാരൻ അല്ലെങ്കിൽ വീട്ടുകാരി പുറത്തു പോകാനുള്ള തിരക്കിലാണോ? കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണോ? ആണെങ്കിൽ, മറ്റൊരു സമയത്തു മടങ്ങിച്ചെല്ലാനുള്ള ക്രമീകരണം ചെയ്യുന്നതായിരിക്കാം നല്ലത്. പരിഗണനയും “സമാനുഭാവവും” പ്രകടമാക്കുന്നെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ നമ്മെ ശ്രദ്ധിക്കാൻ ആ വ്യക്തിക്കു പ്രേരണ തോന്നിയേക്കാം.—1 പത്രൊ. 3:8, NW.
4 സാഹചര്യത്തിന് അനുയോജ്യമായ വിധത്തിൽ സന്ദേശം അവതരിപ്പിക്കുക: അഥേനയിൽ “അജ്ഞാതദേവന്നു” സമർപ്പിച്ച ഒരു വേദിക്കല്ല് ഉള്ളതായി പൗലൊസ് അപ്പൊസ്തലൻ നിരീക്ഷിച്ചു. അവൻ സുവാർത്ത അവതരിപ്പിച്ച വിധത്തെ അതു സ്വാധീനിച്ചു. അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.” പൗലൊസിന്റെ നയപൂർവകമായ സമീപനം രാജ്യസന്ദേശത്തിനു ചെവികൊടുക്കാനും വിശ്വാസികളായിത്തീരാനും ചിലരെ പ്രചോദിപ്പിച്ചു.—പ്രവൃ. 17:23, 34.
5 സമാനമായി, നിരീക്ഷണപാടവം ഉള്ളവരായിരിക്കുന്നത് ഒരു വ്യക്തിയുടെ താത്പര്യങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്കനുസൃതമായി നമ്മുടെ സമീപനത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിനും നമ്മെ സഹായിക്കും. വീട്ടുകാരന്റെ മനസ്സിലുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് ചോദ്യങ്ങൾ ചോദിക്കുക. അയാളുടെ താത്പര്യം വർധിപ്പിക്കാൻ ഉതകുന്ന തിരുവെഴുത്തുകൾ ഏതായിരിക്കുമെന്നു ചിന്തിക്കുക. (സദൃ. 20:5) നിരീക്ഷണപാടവം ഉള്ളവരായിരിക്കുകയും മറ്റുള്ളവരിൽ ആത്മാർഥമായ വ്യക്തിഗത താത്പര്യം പ്രകടമാക്കുകയും ചെയ്യുന്നത് വൈദഗ്ധ്യത്തോടെ സുവാർത്ത പങ്കുവെക്കാൻ നമ്മെ സഹായിക്കും.