ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് അധ്യയനം തുടങ്ങുന്ന വിധം
ഒരു അധ്യയനം നടത്താൻ മിക്കവർക്കും ഇഷ്ടമാണ്, അതൊന്നു തുടങ്ങിക്കിട്ടുകയാണെങ്കിൽ. അതിന് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുതിയ പുസ്തകം സഹായകമാണ്. ഈ പ്രസിദ്ധീകരണം ഉപയോഗിച്ചുള്ള ഒരു ബൈബിൾ ചർച്ചയിലേക്കു വീട്ടുകാരനെ നയിക്കാൻ തക്കവിധമാണ് 3-7 പേജുകളിലെ ആമുഖം തയ്യാറാക്കിയിരിക്കുന്നത്. ശുശ്രൂഷയിൽ കാര്യമായ അനുഭവപരിചയം ഇല്ലാത്തവർപോലും അധ്യയനം തുടങ്ങാൻ ഇത് ഉപയോഗിക്കുക എളുപ്പമാണെന്നു കണ്ടെത്തും.
◼ 3-ാം പേജ് ഉപയോഗിച്ച് ഈ രീതി നിങ്ങൾക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്:
നിങ്ങളുടെ പ്രദേശത്തുള്ളവരുടെ ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന ഒരു വാർത്താശകലമോ പ്രശ്നമോ പരാമർശിച്ചിട്ട് 3-ാം പേജിൽ തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്ന ചോദ്യത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിക്കുക, അദ്ദേഹത്തിന്റെ അഭിപ്രായം ആരായുക. എന്നിട്ട് 4-5 പേജുകളിലേക്കു മറിക്കുക.
◼ അല്ലെങ്കിൽ 4-5 പേജുകൾ വിശേഷവത്കരിച്ചുകൊണ്ട് തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഇവിടെ ചിത്രീകരിച്ചിരിക്കുന്ന മാറ്റങ്ങൾ യഥാർഥത്തിൽ സംഭവിക്കുന്നെങ്കിൽ എത്ര അത്ഭുതകരമായിരിക്കും, അല്ലേ?” അല്ലെങ്കിൽ ഇങ്ങനെ ചോദിക്കാവുന്നതാണ്: “ഇവയിൽ ഏതു പ്രവചനം നിവൃത്തിയേറുന്നതു കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” മറുപടി നന്നായി ശ്രദ്ധിക്കുക.
ഏതെങ്കിലും തിരുവെഴുത്തിൽ വീട്ടുകാരൻ പ്രത്യേക താത്പര്യം കാണിക്കുന്നെങ്കിൽ, പുസ്തകത്തിൽ ആ തിരുവെഴുത്തു ചർച്ചചെയ്യുന്ന ഖണ്ഡികകൾ പരിചിന്തിച്ചുകൊണ്ട് ആ വിഷയത്തെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നത് അദ്ദേഹത്തെ കാണിക്കുക. (അനുബന്ധത്തിന്റെ ഈ പേജിലെ ചതുരം കാണുക.) ഒരു ബൈബിളധ്യയനത്തിൽ നിങ്ങൾ ചെയ്യുന്നതുപോലെ വിവരങ്ങൾ പരിചിന്തിക്കുക. ആദ്യ സന്ദർശനത്തിൽ അഞ്ചോ പത്തോ മിനിട്ടുകൊണ്ട് വീട്ടുവാതിൽക്കൽവെച്ചുതന്നെ ഇതു ചെയ്യാവുന്നതാണ്.
◼ 6-ാം പേജ് ഉപയോഗിച്ച് വീട്ടുകാരന്റെ മനസ്സിലുള്ളതു പുറത്തുകൊണ്ടുവരുന്നതാണ് മറ്റൊരു സമീപനം:
പ്രസ്തുത പേജിന്റെ അവസാനം കൊടുത്തിരിക്കുന്ന ചോദ്യങ്ങളിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിച്ചിട്ട് ചോദിക്കുക, “ഇവയിൽ ഏതെങ്കിലും ചോദ്യത്തെക്കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” ഏതെങ്കിലും ചോദ്യത്തിൽ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ അതിന് ഉത്തരം നൽകുന്ന ഖണ്ഡികകളിലേക്കു പുസ്തകം മറിക്കുക. (അനുബന്ധത്തിന്റെ ഈ പേജിലെ ചതുരം കാണുക.) നിങ്ങൾ ഒരുമിച്ച് അതു പരിചിന്തിക്കുമ്പോൾ നിങ്ങൾ ഒരു ബൈബിളധ്യയനം നടത്തുകയാണ്.
◼ ഒരു ബൈബിളധ്യയനം നടത്തുന്നവിധം പ്രകടിപ്പിക്കുന്നതിന് 7-ാം പേജിലെ വിവരം ഉപയോഗിക്കാവുന്നതാണ്:
ആ പേജിലെ ആദ്യത്തെ മൂന്നു വാചകങ്ങൾ വായിക്കുക. എന്നിട്ട് 3-ാം അധ്യായത്തിലേക്കു മറിക്കുക, 1-3 ഖണ്ഡികകൾ ഉപയോഗിച്ച് ഒരു അധ്യയനം പ്രകടിപ്പിച്ചു കാണിക്കുക. 3-ാം ഖണ്ഡികയിലെ ചോദ്യങ്ങളുടെ ഉത്തരം ചർച്ചചെയ്യുന്നതിന് മടങ്ങിച്ചെല്ലാനുള്ള ക്രമീകരണം ചെയ്യുക.
◼ മടങ്ങിച്ചെല്ലാനുള്ള ക്രമീകരണംചെയ്യുന്ന വിധം:
ആദ്യ അധ്യയനം ഉപസംഹരിക്കവേ, ചർച്ച തുടരുന്നതിനു ക്രമീകരിക്കുക. നിങ്ങൾ ഇത്രമാത്രം പറഞ്ഞാൽ മതിയാകും: “ഏതാനും മിനിട്ടുകൾകൊണ്ട് ഒരു സുപ്രധാന വിഷയത്തെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്നു നാം മനസ്സിലാക്കി. അടുത്ത തവണ നമുക്ക് ഇതു ചർച്ചചെയ്യാം [പരിചിന്തിക്കാൻ പോകുന്ന ഒരു ചോദ്യം പരാമർശിക്കുക]. അടുത്തയാഴ്ച ഇതേ സമയത്തുതന്നെ ഞാൻ വരട്ടെ?”
നാം യഹോവയുടെ നിയമിത സമയത്തോട് അടുത്തുവരവേ നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേലയ്ക്കായി അവൻ നമ്മെ സജ്ജരാക്കുന്നതിൽ തുടരുന്നു. (മത്താ. 28:19, 20; 2 തിമൊ. 3:16) ബൈബിളധ്യയനം തുടങ്ങുന്നതിന് അത്യുത്തമമായ ഈ പുതിയ ഉപകരണം നമുക്കു ഫലകരമായി ഉപയോഗിക്കാം.
[3-ാം പേജിലെ ചതുരം]
4-5 പേജുകളിലെ തിരുവെഴുത്തുകളുടെ ചർച്ച
◻ വെളിപ്പാടു 21:4, 5 (പേ. 27-8, ഖ. 1-3)
◻ യെശയ്യാവു 33:24; 35:5, 6 (പേ. 36, ഖ. 22)
◻ യോഹന്നാൻ 5:28, 29 (പേ. 72-3, ഖ. 17-19)
◻ സങ്കീർത്തനം 72:16 (പേ. 34, ഖ. 19)
6-ാം പേജിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
◻ നാം കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നത് എന്തുകൊണ്ട്? (പേ. 108, ഖ. 6-8)
◻ ജീവിത ഉത്കണ്ഠകളെ നമുക്ക് എങ്ങനെ തരണംചെയ്യാൻ കഴിയും? (പേ. 184, ഖ. 1-3)
◻ കുടുംബജീവിതം ഏറെ സന്തുഷ്ടമാക്കാൻ നമുക്ക് എങ്ങനെ കഴിയും? (പേ. 142, ഖ. 20)
◻ മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (പേ. 58, ഖ. 5-6)
◻ മരിച്ചുപോയ പ്രിയപ്പെട്ടവരെ നമുക്ക് ഇനി എന്നെങ്കിലും കാണാനാകുമോ? (പേ. 72-3, ഖ. 17-19)
◻ ഭാവിയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ ദൈവം നിവർത്തിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്? (പേ. 25, ഖ. 17)