മാസികാ സമർപ്പണങ്ങൾ എങ്ങനെ ബൈബിളധ്യയനങ്ങളാക്കാം?
1. മാസികകൾ സമർപ്പിക്കുമ്പോൾ നമ്മുടെ ലക്ഷ്യം എന്താണ്?
1 സാധാരണമായി ശനിയാഴ്ചകളിൽ നാം വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിശേഷവത്കരിക്കുന്നു. എന്നിരുന്നാലും ആത്മാർഥഹൃദയരെ സത്യം പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടി മാത്രമാണിത്. മടക്കസന്ദർശനത്തിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നും അത് ഉപയോഗിച്ച് എങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിക്കാമെന്നും കാണിക്കുന്ന ഏതാനും നിർദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ പ്രദേശത്തിന് ഇണങ്ങുംവിധം പൊരുത്തപ്പെടുത്തലുകൾ വരുത്തി സ്വന്തം വാക്യത്തിൽ അവ അവതരിപ്പിക്കാനാകും. പ്രദേശത്തിനു യോജിച്ച മറ്റ് സമീപനങ്ങളും ഉപയോഗിക്കാം.
2. ബൈബിളധ്യയനം തുടങ്ങാൻ നമുക്ക് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ പ്രാരംഭ പേജുകൾ എങ്ങനെ ഉപയോഗിക്കാനാകും?
2 പ്രാരംഭ പേജുകൾ ഉപയോഗിക്കുക: മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാനാകും: “ഞാൻ തന്ന മാസികകൾ ബൈബിളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നവയാണ്. എന്തുകൊണ്ടാണ് ബൈബിൾ വായന വളരെ പ്രധാനമായിരിക്കുന്നത് എന്നു ശ്രദ്ധിക്കൂ.” യെശയ്യാവു 48:17, 18; യോഹന്നാൻ 17:3 എന്നിവയോ അനുയോജ്യമായ മറ്റൊരു തിരുവെഴുത്തോ വായിക്കുക. തുടർന്ന് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തിയശേഷം അതിന്റെ ഒരു പ്രതി അദ്ദേഹത്തിനു കൊടുത്തിട്ട് നിങ്ങൾക്ക് ഇങ്ങനെ തുടരാം:
◼ “ഭാവി സംബന്ധിച്ച യഥാർഥ പ്രത്യാശ ബൈബിൾ പ്രദാനംചെയ്യുന്നു.” വീട്ടുകാരനെ 4, 5 പേജുകൾ കാണിച്ചിട്ട് ഇങ്ങനെ ചോദിക്കുക: “ഈ വാഗ്ദാനങ്ങളിൽ ഏതു നിറവേറിക്കാണാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” തുടർന്ന് അദ്ദേഹത്തിനു താത്പര്യമുള്ള തിരുവെഴുത്തു വാഗ്ദാനത്തെക്കുറിച്ചു ചർച്ചചെയ്യുന്ന അധ്യായത്തിലേക്കു തിരിഞ്ഞ് ഒന്നോ രണ്ടോ ഖണ്ഡിക പരിചിന്തിക്കുക.
◼ അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ജീവിതത്തിലെ അതിപ്രധാന ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം നൽകുന്നു.” 6-ാം പേജിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ട് അതിന്റെ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ചോദ്യത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നു ചോദിക്കുക. ഉത്തരം അടങ്ങിയിരിക്കുന്ന അധ്യായത്തിലേക്കു മറിച്ച് ഒന്നോ രണ്ടോ ഖണ്ഡിക ഹ്രസ്വമായി ചർച്ചചെയ്യുക.
◼ അല്ലെങ്കിൽ ഉള്ളടക്കത്തിലെ ചില വിഷയങ്ങൾ കാണിച്ചിട്ട് അതിൽ ഏതാണ് അദ്ദേഹത്തിനു താത്പര്യമുള്ളതെന്നു ചോദിക്കാനാകും. ആ അധ്യായത്തിലേക്കു തിരിഞ്ഞ് ഹ്രസ്വമായ ഒരു ബൈബിളധ്യയനം പ്രകടിപ്പിച്ചു കാണിക്കുക.
3. (എ) മോശമായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ, (ബി) കുടുംബം, (സി) ബൈബിളിന്റെ വിശ്വാസ്യത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മാസികകൾ സമർപ്പിച്ചശേഷം നമുക്ക് എങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിക്കാനാകും?
3 പ്രഥമ സന്ദർശനത്തിൽ ഒരു ചോദ്യം ചോദിച്ചിട്ടു പോരുക: പ്രഥമ സന്ദർശനത്തിൽ മടക്കസന്ദർശനത്തിനുള്ള അടിത്തറയിടുക എന്നതാണു മറ്റൊരു മാർഗം. വീട്ടുകാരൻ മാസികകൾ സ്വീകരിച്ചു കഴിയുമ്പോൾ ഒരു ചോദ്യം ചോദിച്ചിട്ട് അടുത്ത സന്ദർശനത്തിൽ അതിന്റെ ഉത്തരം നൽകാമെന്ന് ഉറപ്പുകൊടുക്കുക. മടങ്ങിച്ചെല്ലാനുള്ള വ്യക്തമായ ക്രമീകരണങ്ങൾ ചെയ്യുക. പറഞ്ഞിരിക്കുന്ന സമയത്തുതന്നെ മടങ്ങിച്ചെല്ലുന്നുവെന്ന് ഉറപ്പുവരുത്തുക. (മത്താ. 5:37) നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ നേരത്തേ ചോദിച്ച ചോദ്യം വീട്ടുകാരന്റെ ഓർമയിലേക്കു കൊണ്ടുവരുക. എന്നിട്ട് അതിനുള്ള ഉത്തരം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്നു വായിച്ച് ചുരുക്കമായി ചർച്ചചെയ്യുക. നിങ്ങളോടൊപ്പം നോക്കുന്നതിനായി അദ്ദേഹത്തിനും അതിന്റെ ഒരു പ്രതി നൽകുക. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കൂ:
◼ മോശമായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകളെക്കുറിച്ചു പ്രതിപാദിക്കുന്ന മാസികയാണു നിങ്ങൾ സമർപ്പിക്കുന്നതെങ്കിൽ ഇങ്ങനെ പറയാനാകും: “‘ദൈവം എന്തെല്ലാം മാറ്റങ്ങളാണ് ഭൂമിയിൽ കൊണ്ടുവരാൻ പോകുന്നത്?’ എന്ന ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം അടുത്ത തവണ നമുക്കു ചർച്ചചെയ്യാം.” മടങ്ങിച്ചെല്ലുമ്പോൾ 4, 5 പേജുകൾ ഉപയോഗിക്കുക. അല്ലെങ്കിൽ “ദുരന്തങ്ങൾ ദൈവഹിതമാണോ?” എന്ന് അദ്ദേഹത്തോടു ചോദിക്കാം. മടക്കസന്ദർശനത്തിൽ വീട്ടുകാരനെ 1-ാം അധ്യായത്തിലെ 7, 8 ഖണ്ഡികകൾ കാണിക്കുക.
◼ നിങ്ങൾ സമർപ്പിക്കുന്ന മാസിക കുടുംബത്തെക്കുറിച്ചുള്ളതാണെങ്കിൽ അവിടംവിട്ടു പോരുന്നതിനുമുമ്പ് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാനാകും: “കുടുംബ ജീവിതം സന്തുഷ്ടമാക്കാൻ കുടുംബത്തിലെ ഓരോരുത്തർക്കും എന്തു ചെയ്യാനാകും?” മടങ്ങിച്ചെല്ലുമ്പോൾ 14-ാം അധ്യായത്തിന്റെ 4-ാം ഖണ്ഡിക പരിചിന്തിക്കുക.
◼ ബൈബിളിന്റെ ആശ്രയയോഗ്യതയെക്കുറിച്ചു പ്രതിപാദിക്കുന്ന മാസികയാണു സമർപ്പിക്കുന്നതെങ്കിൽ അടുത്ത ചർച്ചയ്ക്കായി നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാനാകും: “ബൈബിൾ ശാസ്ത്രീയമായി കൃത്യതയുള്ളതാണോ?” അടുത്ത സന്ദർശനത്തിൽ 2-ാം അധ്യായത്തിന്റെ 8-ാം ഖണ്ഡിക പരിചിന്തിക്കുക.
4. വീട്ടുകാരൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സ്വീകരിക്കുന്നില്ലെങ്കിൽ നാം എന്തു ചെയ്യണം?
4 ഓരോ ചർച്ചയ്ക്കും ഒടുവിൽ അടുത്ത സന്ദർശനത്തിലേക്കായി മറ്റൊരു ചോദ്യം ചോദിക്കുക. ക്രമമായ ഒരു അധ്യയനം ആരംഭിച്ചു കഴിഞ്ഞാൽ പുസ്തകത്തിന്റെ തുടക്കം മുതൽ ക്രമീകൃതമായ വിധത്തിൽ വിഷയങ്ങൾ പരിചിന്തിക്കുക. വീട്ടുകാരൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സ്വീകരിക്കുന്നില്ലെങ്കിലോ? തുടർന്നും അദ്ദേഹത്തിനു മാസികകൾ നൽകാനും തിരുവെഴുത്തു ചർച്ചകൾ നടത്താനും നിങ്ങൾക്കു കഴിയും. ആ താത്പര്യം നിങ്ങൾ ഊട്ടിവളർത്തുന്നെങ്കിൽ ക്രമേണ അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചേക്കാം.
5. മാസികകൾ സമർപ്പിക്കുന്നതിലും അധികം ചെയ്യാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
5 വീക്ഷാഗോപുരവും ഉണരുക!യും, ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്ന് അറിയാനുള്ള ഒരു വ്യക്തിയുടെ താത്പര്യത്തെ ഉണർത്തിയേക്കാം. അതുകൊണ്ട് മാസികകൾ സ്വീകരിക്കുന്നവരുമായി ബൈബിളധ്യയനം തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തുക. അങ്ങനെ ചെയ്യുകവഴി “ഉപദേശിച്ചുംകൊണ്ടു . . . ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന നമുക്ക് അനുസരിക്കാനാകും.—മത്താ. 28:19, 20.