“ലോകത്തിന്റെ വെളിച്ച”ത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക
1. ഏതു വലിയ വെളിച്ചത്തെക്കുറിച്ച് ദൈവവചനം മുൻകൂട്ടിപ്പറഞ്ഞു, ഈ വെളിച്ചത്തിലേക്കു പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള അവസരം ഏത്?
1 പ്രവാചകനായ യെശയ്യാവ് മുഖാന്തരം യഹോവ മുൻകൂട്ടിപ്പറഞ്ഞു: “ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.” (യെശ. 9:2) ആ ‘വലിയ വെളിച്ചം’ ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവിന്റെ പ്രവർത്തനത്തിൽ ദൃശ്യമായി. ഭൂമിയിലായിരുന്നപ്പോൾ അവൻ ചെയ്ത വേലയും അവന്റെ യാഗത്തിന്റെ പ്രയോജനങ്ങളും ആത്മീയ അന്ധകാരത്തിൽ ആയിരുന്നവരുടെ അവസ്ഥ മെച്ചപ്പെടുത്തി. ഈ അന്ധകാരയുഗത്തിൽ ജീവിക്കുന്ന ആളുകൾക്കും ആവശ്യമായിരിക്കുന്നത് അത്തരം വെളിച്ചമാണ്. കർത്താവിന്റെ സന്ധ്യാഭക്ഷണം “ലോകത്തിന്റെ വെളിച്ച”ത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള പ്രത്യേക അവസരമാണ് നമുക്കു പ്രദാനം ചെയ്യുന്നത്. (യോഹ. 8:12) “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ നമ്മോടു ചേർന്നുകൊണ്ട് കഴിഞ്ഞ വർഷം ദശലക്ഷങ്ങൾ ഒരളവിലുള്ള വിശ്വാസം പ്രകടമാക്കി. (ലൂക്കൊ. 22:19) ഈ വർഷത്തെ സ്മാരകാചരണം സമീപിക്കവേ, യഹോവ ചൊരിഞ്ഞിരിക്കുന്ന ആ വലിയ വെളിച്ചത്തിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിൽ നമുക്ക് എപ്രകാരം പങ്കുപറ്റാം?—ഫിലി. 2:15.
2. മറുവിലയാഗത്തോടുള്ള വിലമതിപ്പ് നമുക്ക് എങ്ങനെ വർധിപ്പിക്കാം, അങ്ങനെ ചെയ്യുന്നതിന്റെ ഫലം എന്തായിരിക്കും?
2 ഹൃദയത്തിൽ വിലമതിപ്പു വളർത്തുക: മനുഷ്യവർഗത്തിനുവേണ്ടി മറുവിലയാഗം പ്രദാനം ചെയ്യുകവഴി യഹോവയും യേശുവും പ്രകടമാക്കിയ വലിയ സ്നേഹത്തെക്കുറിച്ചു ധ്യാനിക്കുന്നതിനുള്ള ഉചിതമായ സമയമാണ് സ്മാരകകാലം. (യോഹ. 3:16; 2 കൊരി. 5:14, 15) അങ്ങനെ ചെയ്യുന്നത് പരിപാവനമായ ഈ വേളയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുമെന്നതിനു സംശയമില്ല. മുഴു ദൈവജനവും, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ കൊടുത്തിരിക്കുന്ന പ്രത്യേക സ്മാരക ബൈബിൾ വായനഭാഗം വായിച്ചു ധ്യാനിക്കുന്നതിനു സമയം മാറ്റിവെക്കാൻ ആഗ്രഹിക്കും. മറുവിലയെന്ന കരുതലിലൂടെ യഹോവയുടെ അതുല്യമായ ഗുണങ്ങൾ മഹത്തായ രീതിയിൽ വെളിപ്പെട്ടിരിക്കുന്നു. ഈ ഗുണങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് അവൻ ദൈവമായിരിക്കുന്നതിൽ നാം അഭിമാനംകൊള്ളാൻ ഇടയാക്കുന്നു. വ്യക്തിപരമായി മറുവില നമുക്ക് എന്തർഥമാക്കുന്നു എന്നതിനെക്കുറിച്ചു ധ്യാനിക്കുന്നത് ദൈവത്തോടും അവന്റെ പുത്രനോടുമുള്ള നമ്മുടെ ഹൃദയംഗമമായ സ്നേഹം വർധിപ്പിക്കുകയും ദൈവേഷ്ടം ചെയ്യുന്നതിൽ പരമാവധി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.—ഗലാ. 2:20.
3. സ്മാരകത്തോടുള്ള വിലമതിപ്പ് നമുക്ക് എങ്ങനെ പ്രകടിപ്പിക്കാം?
3 രക്ഷയ്ക്കായി യഹോവ ചെയ്തിരിക്കുന്ന കരുതലിനോടുള്ള വിലമതിപ്പ് നാം ആഴമുള്ളതാക്കുന്നെങ്കിൽ, സ്മാരകത്തോടു ബന്ധപ്പെട്ട നമ്മുടെ ഉത്സാഹം ഈ പ്രത്യേക അവസരത്തിനായി നാം ക്ഷണിക്കുന്ന ബൈബിൾ വിദ്യാർഥികൾ, മടക്കസന്ദർശനത്തിലുള്ളവർ, ബന്ധുക്കൾ, അയൽക്കാർ, സഹപാഠികൾ, സഹജോലിക്കാർ തുടങ്ങിയവരെ സ്വാധീനിക്കും. (ലൂക്കൊ. 6:45) അതുകൊണ്ട് അത്തരത്തിലുള്ള എല്ലാവരെയും ക്ഷണിക്കാൻ പ്രത്യേകശ്രമം ചെയ്യുക; ഒരു ഓർമിപ്പിക്കലായി ഉതകുന്നതിന് അച്ചടിച്ച സ്മാരക ക്ഷണക്കത്ത് അവർക്കു നൽകുക. ആരുടെയും കാര്യം മറന്നുപോകാതിരിക്കാൻ സ്മാരകത്തിന് എല്ലാ വർഷവും ക്ഷണിക്കാനുള്ളവരുടെ ഒരു പട്ടിക സൂക്ഷിക്കുകയും വർഷംതോറും ആ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുകയും ചെയ്യുന്നതു പ്രായോഗികമാണെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ ചിട്ടയോടു കൂടി, താത്പര്യക്കാരെ ക്ഷണിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നത് യഹോവയാം ദൈവം പ്രദാനം ചെയ്തിരിക്കുന്ന “പറഞ്ഞുതീരാത്ത ദാന”ത്തോട് അഥവാ വാക്കുകളാൽ വിവരിക്കാനാവാത്ത ദാനത്തോടുള്ള നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ്.—2 കൊരി. 9:15.
4. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശുശ്രൂഷയിലെ നമ്മുടെ പങ്കു വർധിപ്പിക്കാൻ എന്തു നമ്മെ സഹായിക്കും?
4 ശുശ്രൂഷയിൽ വർധിച്ച പങ്ക്: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? “ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേ”ഷം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ശ്രമത്തിന്മേൽ തീർച്ചയായും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും. എല്ലാ ആത്മീയ പ്രബുദ്ധതയുടെയും ഉറവായ യഹോവ ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: “ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം.” (2 കൊരി. 4:4-6) ശുശ്രൂഷയിൽ കൂടുതൽ സമയം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകരെ പിന്തുണയ്ക്കുന്നതിൽ നേതൃത്വം വഹിച്ചുകൊണ്ട് മൂപ്പന്മാർ ആവശ്യാനുസൃതം മറ്റു സമയങ്ങളിലും സ്ഥലങ്ങളിലും വയൽസേവന യോഗങ്ങൾ ക്രമീകരിക്കും. അതിൽ അതിരാവിലെ തെരുവുസാക്ഷീകരണം നടത്തുന്നതോ ഉച്ചകഴിഞ്ഞോ വൈകുന്നേരമോ വ്യാപാര പ്രദേശത്തു പ്രവർത്തിക്കുന്നതിനും ടെലിഫോൺ സാക്ഷീകരണം നടത്തുന്നതിനും ക്രമീകരിക്കുന്നതോ ഉൾപ്പെട്ടേക്കാം. ശുശ്രൂഷയിലെ നിങ്ങളുടെ പങ്കു വർധിപ്പിക്കാനുള്ള ഒരു സഹായമെന്ന നിലയിൽ, ന്യായമായ മണിക്കൂർലാക്കുകൾ വെക്കുകയും അതിൽ എത്തിച്ചേരുന്നതിനു പ്രയത്നിക്കുകയും ചെയ്യുക. അനേകരുടെയും കാര്യത്തിൽ യഹോവയ്ക്ക് തങ്ങളുടെ ഏറ്റവും നല്ലതു നൽകുന്നതിൽ സഹായ പയനിയറിങ് ചെയ്യുന്നത് ഉൾപ്പെടുന്നു.—കൊലൊ. 3:23, 24.
5. സഹായ പയനിയറിങ്ങിനുള്ള കുറഞ്ഞ മണിക്കൂർ വ്യവസ്ഥയിൽനിന്ന് അനേകർ പ്രയോജനം നേടുന്നത് എങ്ങനെ?
5 നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാനാകുമോ? സഹായ പയനിയറിങ്ങിനുള്ള മണിക്കൂർ വ്യവസ്ഥയിൽ ഇളവു വരുത്തിയിട്ട് ഇപ്പോൾ ഏഴിലധികം വർഷമായിരിക്കുന്നു. കൂടുതൽ പേർക്ക് സഹായ പയനിയർ സേവനത്തിന്റെ സന്തോഷവും പ്രയോജനങ്ങളും ആസ്വദിക്കുന്നതിന് ഈ പൊരുത്തപ്പെടുത്തൽ സഹായിച്ചിരിക്കുന്നു. നിങ്ങൾ അതു പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ചിലർ ഓരോ വർഷവും അങ്ങനെ ചെയ്യുന്നത് ശീലമാക്കിയിരിക്കുന്നു. പല സഭകളിലും അനേകം പ്രസാധകർ ഒരുമിച്ച് ഈ സേവനത്തിൽ ഏർപ്പെടുന്നു. അങ്ങനെ അത് സഭയുടെ ആ വർഷത്തെ പ്രവർത്തനത്തിന്റെ പ്രതിഫലദായകമായ സവിശേഷതയായിത്തീരുന്നു. സ്മാരകകാലത്ത് ഒരു മാസം സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കു സാധിക്കുമോ? അതു തീർച്ചയായും സന്തോഷദായകമായ അനുഭവമായിരിക്കും. അഞ്ചു പൂർണ വാരാന്തങ്ങളുള്ളതിനാൽ ഏപ്രിൽ പലർക്കും വിശേഷാൽ നല്ല ഒരു മാസമായിരിക്കും.
6. ആവേശജനകമായ ഏതു കരുതലുകൾ ലഭ്യമാക്കിയിരിക്കുന്നു?
6 മാർച്ചിലോ ഏപ്രിലിലോ നിങ്ങളുടെ സഭയിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം പട്ടികപ്പെടുത്തിയിട്ടുണ്ടോ? കൂടുതലായ ഒരു അനുഗ്രഹം നിങ്ങൾക്ക് ആസ്വദിക്കാനാകും. നേരത്തേ അറിയിച്ചിരുന്നതുപോലെ, സേവനവർഷം 2006-ൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമുള്ള മാസം സഹായ പയനിയർമാരായി സേവിക്കുന്നവർക്ക് സന്ദർശനവാരത്തിൽ പയനിയർമാരുമായി നടത്തുന്ന യോഗത്തിന്റെ ആദ്യപകുതിയിൽ സംബന്ധിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഈ യോഗത്തിൽ പ്രദാനം ചെയ്യപ്പെടുന്ന ആത്മീയമായി ബലിഷ്ഠമാക്കുന്ന വിവരങ്ങൾ സഹായ പയനിയർമാരായി സേവിക്കുന്ന പലരെയും സാധാരണ പയനിയർ സേവനം ഏറ്റെടുക്കുന്നതിനു സഹായിക്കും. കൂടാതെ മാർച്ച് മാസത്തിൽ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുതിയ അധ്യയന പ്രസിദ്ധീകരണം ഉപയോഗിച്ച് ആത്മീയ വെളിച്ചത്തിലേക്കു വരാൻ ആളുകളെ സഹായിക്കുന്നതിന്റെ സന്തോഷവും നമുക്ക് ഉണ്ടായിരിക്കും. പുതിയ പുസ്തകം ഉപയോഗിച്ച് ഒരു ബൈബിളധ്യയനം തുടങ്ങാൻ എന്തുകൊണ്ട് ലക്ഷ്യംവെച്ചുകൂടാ?
7, 8. (എ) സഹായ പയനിയറിങ് ചെയ്യുന്നതിന് ഒരു പട്ടിക തയ്യാറാക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) കുടുംബാംഗങ്ങളുടെ സഹകരണത്തിന് എങ്ങനെ സഹായിക്കാനാകും, മുഴുകുടുംബവും പ്രയോജനം അനുഭവിക്കുന്നത് എങ്ങനെ?
7 സഹായ പയനിയറിങ്ങിനുള്ള 50 മണിക്കൂർ എന്ന വ്യവസ്ഥയിൽ എത്തിച്ചേരുന്നതിന് പ്രതിവാരം 12 മണിക്കൂർ വീതം പ്രവർത്തിക്കാൻ സഹായിക്കുന്ന ഏതു പട്ടിക പിൻപറ്റണമെന്നു തീരുമാനിക്കുക. സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നതിൽ വിജയകരമായി അങ്ങനെ ചെയ്തിട്ടുള്ളവരുമായും മറ്റുള്ളവരുമായും അതേക്കുറിച്ചു ചർച്ചചെയ്യുക. അത് നിങ്ങളോടൊപ്പം ചേരാൻ അവരെ പ്രോത്സാഹിപ്പിച്ചേക്കാം. നല്ല ആസൂത്രണമുണ്ടെങ്കിൽ അഭിനന്ദനാർഹമായ ഈ ലാക്കിൽ എത്തിച്ചേരാൻ അത്ര ബുദ്ധിമുട്ടില്ലെന്ന് ചെറുപ്പക്കാരും പ്രായമായവരുമായ സ്നാപനമേറ്റ പ്രസാധകർ കണ്ടെത്തിയിരിക്കുന്നു. അതേക്കുറിച്ചു പ്രാർഥിക്കുക. അതിനുശേഷം സാധ്യമെങ്കിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യുക, സഹായ പയനിയറിങ് ആസ്വദിക്കുക!—മലാ. 3:10.
8 മുഴു കുടുംബത്തിന്റെയും സഹകരണത്തിലൂടെ ഒരു കുടുംബാംഗത്തിനെങ്കിലും ഈ ലാക്കിൽ എത്തിച്ചേരുക സാധ്യമാണെന്ന് പല കുടുംബങ്ങളും കണ്ടെത്തിയിരിക്കുന്നു. ഒരു കുടുംബത്തിലെ സ്നാപനമേറ്റ അഞ്ചു പേരും സഹായ പയനിയറിങ് ചെയ്യാൻ തീരുമാനിച്ചു. സ്നാപനമേറ്റിട്ടില്ലാത്ത രണ്ടു കുട്ടികൾ തങ്ങളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിനു പ്രത്യേക ശ്രമം ചെയ്തു. കൂടുതലായ ശ്രമം ചെയ്തതിന്റെ പ്രയോജനം ആ കുടുംബം ആസ്വദിച്ചത് എങ്ങനെ? അവർ എഴുതി: “അതു ഞങ്ങൾക്ക് വളരെ സന്തോഷം നൽകിയ ഒരു മാസമായിരുന്നു. ഞങ്ങൾക്കിടയിലെ ബന്ധം ബലിഷ്ഠമായതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഈ മഹത്തായ അനുഗ്രഹത്തിന് ഞങ്ങൾ യഹോവയ്ക്കു നന്ദി പറയുന്നു!”
9. ഈ സ്മാരകകാലത്ത് നമുക്ക് എങ്ങനെ നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കാം?
9 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രത്യേക പ്രവർത്തനം നമ്മുടെ സ്വർഗീയ പിതാവിലേക്കു നമ്മെ അടുപ്പിച്ചുകൊണ്ട് പ്രോത്സാഹജനകമാണെന്നു തെളിയുമോ? ഇക്കാര്യത്തിലുള്ള നമ്മുടെ വിജയം ഏറെയും ദൈവത്തോടും യേശുവിനോടുമുള്ള സ്നേഹം തീവ്രമാക്കുന്നതിനും ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കുന്നതിനുമായി നാം ചെയ്യുന്ന ശ്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. പിൻവരുന്നപ്രകാരം പാടിയ സങ്കീർത്തനക്കാരന്റേതുപോലെ ആയിരിക്കട്ടെ നമ്മുടെയും ഉറച്ച തീരുമാനം: “ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.” (സങ്കീ. 109:30) ഈ സ്മാരകകാലത്തെ നമ്മുടെ തീക്ഷ്ണമായ പ്രവർത്തനത്തെ യഹോവ അനുഗ്രഹിക്കും. അതുകൊണ്ട് നമുക്ക് യഹോവയിൽനിന്നുള്ള വലിയ വെളിച്ചം പ്രകാശിപ്പിക്കുന്നതിൽ തുടരാം. അങ്ങനെ അനേകർക്ക് അന്ധകാരത്തിൽനിന്നു പുറത്തുവരുന്നതിനും “ജീവന്റെ വെളിച്ചമുള്ള”വരായിരിക്കുന്നതിനും കഴിയട്ടെ.—യോഹ. 8:12.