നിങ്ങൾ സഹായ പയനിയറിങ് ചെയ്യുമോ?
1. സ്മാരകകാലം ശുശ്രൂഷ വികസിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമായിരിക്കുന്നത് എന്തുകൊണ്ട്?
1 ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ള സുവർണാവസരമാണ് സ്മാരകകാലം. തന്റെ പുത്രനെ മറുവിലയായി നൽകിക്കൊണ്ട് യഹോവ നമ്മോടു കാണിച്ച ഉത്കൃഷ്ടസ്നേഹത്തെക്കുറിച്ച് നാമെല്ലാം ഓർക്കുന്ന സമയമാണ് അത്. (യോഹ. 3:16) യഹോവ ചെയ്തതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ ഹൃദയം കൃതജ്ഞതയാൽ തുടിക്കുന്നില്ലേ? മാത്രമല്ല, യഹോവയെക്കുറിച്ചും അവൻ മനുഷ്യവർഗത്തിനായി ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയാനുള്ള നമ്മുടെ ആഗ്രഹവും വർധിക്കും. (യെശ. 12:4, 5; ലൂക്കോ. 6:45) നമ്മോടൊപ്പം ഈ സ്മാരകാചരണത്തിൽ ഹാജരാകാൻ പരിചയക്കാരെയും പ്രദേശത്തുള്ളവരെയും ക്ഷണിക്കുന്ന പ്രത്യേക പ്രചാരണപരിപാടിയുടെയും സമയമാണ് അത്. സ്മാരകത്തിന് ഹാജരായവരുടെ താത്പര്യം വളർത്തിയെടുക്കാൻ നാം ശ്രദ്ധിക്കണം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്തുകൊണ്ട് ശുശ്രൂഷ വികസിപ്പിക്കാൻ നിങ്ങൾക്കാകുമോ?
2. മാർച്ചുമാസം സഹായ പയനിയറിങ് ചെയ്യാൻ പറ്റിയ അവസരമായിരിക്കുന്നത് എന്തുകൊണ്ട്?
2 മാർച്ചുമാസം ഒരു സവിശേഷമാസമാകട്ടെ: സഹായ പയനിയറിങ് ചെയ്യാൻ അനുയോജ്യമായ ഒരു സമയമായിരിക്കും മാർച്ചുമാസം. 30 മണിക്കൂറോ 50 മണിക്കൂറോ ചെയ്യാൻ അപേക്ഷിക്കാവുന്നതാണ്. ആ മാസത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമുണ്ടെങ്കിൽ അദ്ദേഹം പ്രത്യേക-സാധാരണ പയനിയർമാരുമായി നടത്തുന്ന മുഴുയോഗത്തിലും സഹായ പയനിയർമാർക്കും സംബന്ധിക്കാവുന്നതാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സ്മാരകാചരണത്തോടു ബന്ധപ്പെട്ട പ്രചാരണപരിപാടി നേരത്തെ തുടങ്ങുന്നതായിരിക്കും. 2013 മാർച്ച് 26 ചൊവ്വാഴ്ച നടക്കുന്ന സ്മാരകാചരണത്തിൽ സംബന്ധിക്കാൻ മാർച്ച് 1 മുതൽ നാം ക്ഷണിച്ചുതുടങ്ങും. മാത്രമല്ല ആ മാസത്തിൽ അഞ്ചുവാരാന്തങ്ങളുണ്ട്. മാർച്ചുമാസം ഈ വർഷത്തെ ഏറ്റവും സവിശേഷമാസമാക്കി മാറ്റുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ കാര്യമായി ഒന്നു ചിന്തിച്ചുകൂടേ?
3. ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യാനാകും?
3 ഇപ്പോൾത്തന്നെ തയ്യാറാകൂ: പയനിയറിങ് ചെയ്യാനായി നിങ്ങളുടെ പട്ടികയൊന്ന് അവലോകനം ചെയ്ത് എന്തൊക്കെ പൊരുത്തപ്പെടുത്തലുകൾ വരുത്താനാകുമെന്ന് ചിന്തിക്കാനുള്ള സമയം ഇപ്പോഴാണ്. കുടുംബാംഗങ്ങളുടെ നല്ല സഹകരണം കൂടിയേ തീരൂ. കുടുംബാംഗങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്ത് അതിനനുസരിച്ച് ഒരു പട്ടിക തയ്യാറാക്കാൻ കുടുംബാരാധനയിൽ അൽപ്പസമയം മാറ്റിവെച്ചുകൂടേ? (സദൃ. 15:22) ഇനി, സഹായ പയനിയറിങ് ചെയ്യാനാകുന്നില്ലെങ്കിലോ? നിരാശരാകേണ്ട. ശുശ്രൂഷയിൽ ഏർപ്പെടുന്ന ദിവസം കൂടുതൽ സമയം ചെലവഴിക്കുന്നതിനുവേണ്ടി ക്രമീകരണങ്ങൾ ചെയ്യാനാകുമോ? ആഴ്ചയിൽ മറ്റൊരു ദിവസംകൂടെ ശുശ്രൂഷയിൽ ഏർപ്പെടാനായി മാറ്റിവെക്കാനാകുമോ?
4. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നമ്മുടെ ശുശ്രൂഷ വിപുലമാക്കുന്നതുകൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാം?
4 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ശുശ്രൂഷയിൽ കൂടുതൽ സമയം ഏർപ്പെടുമ്പോൾ യഹോവയെ സേവിക്കുന്നതിന്റയും മറ്റുള്ളവരെ സഹായിക്കുന്നതിന്റെയും സന്തോഷവും സംതൃപ്തിയും വർധിക്കും. (യോഹ. 4:34; പ്രവൃ. 20:35) ഏറ്റവും പ്രധാനമായി, ത്യാഗമനസ്ഥിതിയോടുകൂടിയ നമ്മുടെ ശ്രമങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സദൃ. 27:11.