വ്യക്തിഗത താത്പര്യം പ്രകടമാക്കുക—ദൃഷ്ടിസമ്പർക്കത്താൽ
1 പൊതുസ്ഥലങ്ങളിലും വീടുതോറും സാക്ഷീകരിക്കവേ, പലപ്പോഴും ആളുകളോടു സംസാരിക്കുന്നതിനു മുമ്പ് നാം അവരുമായി ദൃഷ്ടിസമ്പർക്കത്തിൽ വരുന്നു. ആ ചുരുങ്ങിയ സമയംകൊണ്ട് നാം അവിടെ ചെന്നതിനെക്കുറിച്ച് അവർക്ക് എന്തു തോന്നുന്നെന്നും എന്തിന്, അവർ ഏതു മാനസിക അവസ്ഥയിലാണെന്നു പോലും അവരുടെ മുഖഭാവത്തിൽനിന്നു നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞേക്കും. അതുപോലെതന്നെ അവർക്കു നമ്മെക്കുറിച്ചും പലതും മനസ്സിലാക്കാനാകും. തന്നെ സന്ദർശിച്ച ഒരു സാക്ഷിയെക്കുറിച്ച് ഒരു സ്ത്രീ പറഞ്ഞത് ഇതാണ്: “അവരുടെ പുഞ്ചിരി തൂകുന്ന മുഖത്തു നിഴലിച്ച ശാന്തതയാണു ഞാൻ ഓർക്കുന്നത്. അത് എന്നെ ആകർഷിച്ചു.” ഇത് അവർ സുവാർത്ത ശ്രദ്ധിക്കുന്നതിന് ഇടയാക്കി.
2 തെരുവിലോ മറ്റു പൊതുസ്ഥലങ്ങളിലോ സാക്ഷീകരിക്കുമ്പോൾ സാക്ഷീകരണം തുടങ്ങാനുള്ള ഒരു ഫലപ്രദമായ മാർഗമാണ് മറ്റുള്ളവരുമായി ദൃഷ്ടിസമ്പർക്കത്തിൽ വരുന്നത്. ഒരു സഹോദരൻ ചെയ്യാറുള്ളത് എന്താണെന്നു ശ്രദ്ധിക്കുക. അദ്ദേഹം തന്റെ അടുത്തേക്കു വരുന്നവരുടെ കണ്ണിലേക്കു നോക്കും; മറ്റെയാളുമായി ദൃഷ്ടിസമ്പർക്കത്തിൽ വന്നുകഴിഞ്ഞാൽ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് മാസികകൾ കാണിക്കും. ഈ വിധത്തിൽ അദ്ദേഹത്തിനു പലരുമായി രസകരമായ സംഭാഷണങ്ങളിൽ ഏർപ്പെടാനും ധാരാളം പ്രസിദ്ധീകരണങ്ങൾ നൽകാനും കഴിയുന്നു.
3 മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുക: ദൃഷ്ടിസമ്പർക്കം നിലനിറുത്തുന്നത് മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കിയെടുക്കാൻ നമ്മെ സഹായിക്കും. ഉദാഹരണത്തിന്, ആർക്കെങ്കിലും നാം പറയുന്നതു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അല്ലെങ്കിൽ അതിനോടു യോജിക്കാൻ കഴിയുന്നില്ലെങ്കിൽ സാധാരണഗതിയിൽ അദ്ദേഹത്തിന്റെ മുഖത്ത് അതു നിഴലിക്കും. ഇനി, ഒരു വ്യക്തി തിരക്കിലാണെങ്കിൽ അല്ലെങ്കിൽ അക്ഷമനായിത്തീരുന്നെങ്കിൽ, അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നു നമുക്കതു മനസ്സിലാകും. അപ്പോൾ അതനുസരിച്ചു നമ്മുടെ അവതരണത്തിനു മാറ്റം വരുത്താനോ പറയാനുള്ളതു ചുരുക്കിപ്പറയാനോ കഴിയും. മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കുന്നത് അവരിൽ നമുക്കു വ്യക്തിപരമായ താത്പര്യം ഉണ്ടെന്നു കാണിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ്.
4 ആത്മാർഥതയും ബോധ്യവും: പല സംസ്കാരങ്ങളിലും ഒരു വ്യക്തിയുടെ കണ്ണിലേക്കു നോക്കുന്നത് ആത്മാർഥതയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. “രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും” എന്നു ശിഷ്യന്മാർ യേശുവിനോടു ചോദിച്ചപ്പോൾ അവൻ പ്രതികരിച്ച വിധം ശ്രദ്ധിക്കുക: “യേശു അവരെ നോക്കി: അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു.” (മത്താ. 19:25, 26) യേശുവിന്റെ കണ്ണുകളിൽ പ്രതിഫലിച്ചുകണ്ട ബോധ്യം അവന്റെ വാക്കുകൾക്കു കൂടുതൽ അർഥം പകർന്നു. ദൃഷ്ടിസമ്പർക്കം നിലനിറുത്തുന്നത് ആത്മാർഥതയോടും ബോധ്യത്തോടും കൂടെ രാജ്യസന്ദേശം അറിയിക്കാൻ നമ്മെയും സഹായിക്കും.—2 കൊരി. 2:17, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; 1 തെസ്സ. 1:5.