വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 13 പേ. 124-പേ. 127 ഖ. 2
  • ദൃഷ്ടിസമ്പർക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൃഷ്ടിസമ്പർക്കം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • സദസ്യരോടുളള സമ്പർക്കവും കുറിപ്പുകളുപയോഗിക്കലും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • വിജ്ഞാനപരമായ വിവരങ്ങൾ, വ്യക്തമായി അവതരിപ്പിക്കുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • വ്യക്തിഗത താത്‌പര്യം പ്രകടമാക്കുക​—⁠ദൃഷ്ടിസമ്പർക്കത്താൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 13 പേ. 124-പേ. 127 ഖ. 2

പാഠം 13

ദൃഷ്ടിസമ്പർക്കം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങൾ ആരോടു സംസാരിക്കുന്നുവോ, അയാളുടെ കണ്ണുകളിലേക്ക്‌ ഏതാനും സെക്കൻഡു നേരം നോക്കുക. നിങ്ങളുടെ പ്രദേശത്ത്‌ അതു സ്വീകാര്യമാണെങ്കിലേ അങ്ങനെ ചെയ്യാവൂ. വെറുതെ സദസ്സിനെ ഒന്നാകെ നോക്കുന്നതിനു പകരം വ്യക്തികളെ നോക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

പല സംസ്‌കാരങ്ങളിലും ദൃഷ്ടിസമ്പർക്കം, ആരോടു സംസാരിക്കുന്നുവോ ആ വ്യക്തിയിലുള്ള താത്‌പര്യത്തിന്റെ സൂചകമായി വീക്ഷിക്കപ്പെടുന്നു. നിങ്ങൾ ബോധ്യത്തോടെ സംസാരിക്കുന്നു എന്നതിന്റെ തെളിവായും അതു കണക്കാക്കപ്പെടുന്നു.

നമ്മുടെ കണ്ണുകൾക്കു മനോഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള കഴിവുണ്ട്‌. അവ വിസ്‌മയമോ ഭയമോ ദ്യോതിപ്പിച്ചേക്കാം. അനുകമ്പയോ സ്‌നേഹമോ പ്രതിഫലിപ്പിക്കാനും കണ്ണുകൾക്കു കഴിവുണ്ട്‌. ചിലപ്പോഴൊക്കെ, നമുക്ക്‌ സംശയമോ ദുഃഖമോ കണ്ണുകളിൽനിന്നു വായിച്ചറിയാനാകും. വളരെയേറെ ദുരിതങ്ങൾ അനുഭവിച്ച തന്റെ നാട്ടുകാരെ കുറിച്ചു പ്രായംചെന്ന ഒരാൾ പറഞ്ഞത്‌, “ഞങ്ങൾ കണ്ണുകൾകൊണ്ടു സംസാരിക്കുന്നു” എന്നാണ്‌.

നമ്മൾ എവിടെ ദൃഷ്ടി പതിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മെ കുറിച്ചും നാം പറയുന്ന കാര്യങ്ങളെ കുറിച്ചും മറ്റുള്ളവർ നിഗമനങ്ങളിൽ എത്തിച്ചേർന്നേക്കാം. പല സംസ്‌കാരങ്ങളിലും, തങ്ങളുമായി സൗഹാർദപരമായ ദൃഷ്ടിസമ്പർക്കം പുലർത്തുന്ന ഒരു വ്യക്തിയെ ആളുകൾ വിശ്വസിക്കുന്നതായി കാണുന്നു. നേരെ മറിച്ച്‌, ആരോടു സംസാരിക്കുന്നുവോ ആ വ്യക്തിയെ നോക്കുന്നതിനു പകരം സ്വന്തം കാലിലേക്കോ മറ്റെന്തിലേക്കെങ്കിലുമോ നോക്കി വർത്തമാനം പറയുന്ന ഒരു വ്യക്തിയുടെ ആത്മാർഥതയെയോ കഴിവിനെയോ ആളുകൾ സംശയിക്കാനിടയുണ്ട്‌. മറ്റു ചില സംസ്‌കാരങ്ങളിൽ പെട്ടവർ തീവ്രമായ നോട്ടത്തെ അപമര്യാദയുടെയോ അക്രമാസക്തിയുടെയോ വെല്ലുവിളിയുടെയോ സൂചനയായി വീക്ഷിക്കുന്നു. വിപരീത ലിംഗവർഗത്തിൽ പെട്ടവരോടോ ഒരു പ്രമാണിയോടോ സ്ഥാനപദവിയുള്ള മറ്റാരോടെങ്കിലുമോ സംസാരിക്കുമ്പോൾ ഇതു വിശേഷിച്ചും സത്യമാണ്‌. ചില പ്രദേശങ്ങളിൽ, പ്രായം കുറഞ്ഞ ഒരു വ്യക്തി പ്രായക്കൂടുതലുള്ള ഒരാളോടു സംസാരിക്കുമ്പോൾ നേരിട്ടു ദൃഷ്ടിസമ്പർക്കം പുലർത്തുന്നത്‌ അനാദരവായി വീക്ഷിക്കപ്പെടുന്നു.

എന്നിരുന്നാലും, ദൃഷ്ടിസമ്പർക്കംകൊണ്ടു പ്രശ്‌നം ഉണ്ടാകാത്ത സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒരു പ്രസ്‌താവന നടത്തുമ്പോൾ വ്യക്തിയുടെ കണ്ണിൽ നോക്കുന്നത്‌ പറയുന്ന കാര്യങ്ങൾക്കു ദൃഢത നൽകിയേക്കാം. പറയുന്നയാൾ ബോധ്യത്തോടെ സംസാരിക്കുന്നു എന്നതിന്റെ തെളിവായി അതു വീക്ഷിക്കപ്പെട്ടേക്കാം. യേശുവിന്റെ ശിഷ്യന്മാർ “രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും” എന്ന്‌ അത്യന്തം വിസ്‌മയത്തോടെ പറഞ്ഞപ്പോൾ യേശു പ്രതികരിച്ചത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “യേശു അവരെ നോക്കി: [“യേശു അവരുടെ മുഖത്തു നോക്കി,” NW] അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മത്തായി 19:25, 26) കൂടാതെ, അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ സദസ്സിലുള്ളവരുടെ പ്രതികരണങ്ങൾ സശ്രദ്ധം നിരീക്ഷിച്ചതായി തിരുവെഴുത്തുകൾ കാണിക്കുന്നു. ഒരു അവസരത്തിൽ ജന്മനാ മുടന്തനായ ഒരു മനുഷ്യൻ പൗലൊസിന്റെ സംസാരം കേൾക്കാൻ വന്നു. പ്രവൃത്തികൾ 14:9, 10 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അവൻ പൌലൊസ്‌ സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉററു നോക്കി, സൌഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു: നീ എഴുന്നേററു കാലൂന്നി നിവിർന്നുനില്‌ക്ക എന്നു ഉറക്കെ പറഞ്ഞു.”​—ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.

വയൽശുശ്രൂഷയ്‌ക്കുള്ള നിർദേശങ്ങൾ. വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ, സൗഹൃദ മനോഭാവത്തോടും ഊഷ്‌മളതയോടും കൂടി ആളുകളെ സമീപിക്കുക. ഉചിതമെങ്കിൽ, ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ ഇരുകൂട്ടർക്കും താത്‌പര്യമുള്ള ഒരു കാര്യത്തെ കുറിച്ചു സംഭാഷണം ആരംഭിക്കുക. ഇപ്രകാരം ചെയ്യവേ ദൃഷ്ടിസമ്പർക്കം സ്ഥാപിക്കാൻ, അല്ലെങ്കിൽ കുറഞ്ഞപക്ഷം ആദരവോടും ദയയോടും കൂടി വ്യക്തിയുടെ മുഖത്തു നോക്കാനെങ്കിലും ശ്രമിക്കുക. ഉള്ളിലെ സന്തോഷം കണ്ണുകളിൽ സ്‌ഫുരിക്കുന്ന ഒരാളുടെ മുഖത്തു വിടരുന്ന ഊഷ്‌മളമായ പുഞ്ചിരി വളരെ ആകർഷകമാണ്‌. അത്‌ നിങ്ങൾ ഏതുതരം ആളാണെന്നതു സംബന്ധിച്ച്‌ അയാൾക്കു വളരെയേറെ കാര്യങ്ങൾ വെളിപ്പെടുത്തി കൊടുത്തേക്കാം. നിങ്ങൾ സംഭാഷണം നടത്തവേ പിരിമുറുക്കം ഇല്ലാതിരിക്കാനും അത്‌ അയാളെ സഹായിച്ചേക്കാം.

ഉചിതമെങ്കിൽ, വ്യക്തിയുടെ കണ്ണുകളിൽ മിന്നിമറയുന്ന ഭാവം നിരീക്ഷിക്കുന്നത്‌ ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ചു നിങ്ങൾക്കു ചില സൂചനകൾ നൽകിയേക്കാം. വ്യക്തി കുപിതനോ യഥാർഥ താത്‌പര്യമില്ലാത്തവനോ ആണെങ്കിൽ, നിങ്ങൾക്ക്‌ അയാളുടെ കണ്ണുകളിൽ അതു കാണാൻ കഴിഞ്ഞേക്കും. നിങ്ങൾ പറയുന്നത്‌ അദ്ദേഹത്തിനു പിടികിട്ടുന്നില്ലെങ്കിൽ നിങ്ങൾക്കതു തിരിച്ചറിയാൻ സാധിച്ചേക്കും. അയാൾ അക്ഷമനായിത്തീരുന്നെങ്കിൽ സാധാരണഗതിയിൽ നിങ്ങൾക്ക്‌ അതു മനസ്സിലാക്കാൻ കഴിയും. അയാൾക്കു നല്ല താത്‌പര്യമുണ്ടെങ്കിൽ അതും കണ്ണുകളിൽ നോക്കിയാൽ അറിയാം. നിങ്ങളുടെ സംസാരത്തിന്റെ വേഗം ക്രമീകരിക്കണോ, സംഭാഷണത്തിൽ അയാളെ ഉൾപ്പെടുത്താൻ കൂടുതലായ ശ്രമം ചെയ്യണോ, ചർച്ച അവിടംകൊണ്ട്‌ അവസാനിപ്പിക്കണോ അതോ ബൈബിൾ പഠിക്കുന്നത്‌ എങ്ങനെയെന്നു പ്രകടിപ്പിച്ചു കാണിക്കണോ എന്നൊക്കെ നിർണയിക്കാൻ അയാളുടെ കണ്ണുകളിൽ നിഴലിക്കുന്ന ഭാവം നിങ്ങളെ സഹായിച്ചേക്കാം.

പരസ്യ സാക്ഷീകരണത്തിൽ ഏർപ്പെടുമ്പോഴും ഭവന ബൈബിളധ്യയനം നടത്തുമ്പോഴും നിങ്ങൾ സംസാരിക്കുന്ന വ്യക്തിയുമായി ആദരവോടുകൂടിയ ദൃഷ്ടിസമ്പർക്കം നിലനിറുത്താൻ ശ്രമിക്കുക. തുറിച്ചു നോക്കരുത്‌. കാരണം അതു മറ്റേ വ്യക്തിയിൽ ലജ്ജയോ അസ്വസ്ഥതയോ ഉളവാക്കിയേക്കാം. (2 രാജാ. 8:11) പകരം, സ്വാഭാവികവും സൗഹാർദപരവുമായ ഒരു വിധത്തിൽ കൂടെക്കൂടെ മറ്റേ വ്യക്തിയുടെ മുഖത്തു നോക്കുക. പല നാടുകളിലും, ഇത്‌ ആത്മാർഥമായ താത്‌പര്യത്തെ വെളിപ്പെടുത്തുന്ന ഒന്നാണ്‌. ബൈബിളിൽനിന്നോ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിൽനിന്നോ വായിക്കുന്ന സമയത്ത്‌ നിങ്ങളുടെ കണ്ണുകൾ വായിക്കുന്ന താളിലാകും കേന്ദ്രീകരിച്ചിരിക്കുക എന്നതു ശരിതന്നെ. എങ്കിലും ഒരു പോയിന്റിനു ദൃഢത കൊടുക്കുന്നതിന്‌, നിങ്ങൾ വ്യക്തിയെ നേരിട്ടു നോക്കാൻ ആഗ്രഹിച്ചേക്കാം, ഹ്രസ്വനേരത്തേക്കാണെങ്കിലും. ഇടവിട്ടു നിങ്ങൾ തല ഉയർത്തി നോക്കുന്നത്‌ വായിക്കുന്ന കാര്യങ്ങളോടുള്ള അയാളുടെ പ്രതികരണം നിരീക്ഷിക്കാനും നിങ്ങളെ പ്രാപ്‌തരാക്കും.

ലജ്ജ കാരണം ദൃഷ്ടിസമ്പർക്കം പുലർത്താൻ ആദ്യമൊക്കെ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ ശ്രമം ഉപേക്ഷിക്കരുത്‌. പരിശീലനത്താൽ, അനുയോജ്യമായ ദൃഷ്ടി സമ്പർക്കം സ്വാഭാവികമായിത്തീരും. അങ്ങനെ അതു മറ്റുള്ളവരുമായുള്ള നിങ്ങളുടെ ആശയവിനിമയത്തിന്റെ ഫലപ്രദത്വം മെച്ചപ്പെടുത്തും.

പ്രസംഗം നടത്തുമ്പോൾ. യേശു ഗിരിപ്രഭാഷണം തുടങ്ങുന്നതിനു മുമ്പ്‌ “ശിഷ്യരുടെനേരെ കണ്ണുകളുയർത്തി” എന്നു ബൈബിൾ നമ്മോടു പറയുന്നു. (ലൂക്കൊ. 6:​20, പി.ഒ.സി. ബൈ.) അവന്റെ മാതൃകയിൽനിന്നു പഠിക്കുക. നിങ്ങൾ ഒരു കൂട്ടത്തിന്റെ മുമ്പാകെ പ്രസംഗിക്കാൻ പോകുകയാണെങ്കിൽ, സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ്‌ സദസ്സിനെ നോക്കി ഏതാനും സെക്കൻഡ്‌ മൗനമായി നിൽക്കുക. പല സ്ഥലങ്ങളിലും സദസ്സിലുള്ള ചിലരുമായി ദൃഷ്ടിസമ്പർക്കം പുലർത്തുന്നത്‌ ഇതിൽ ഉൾപ്പെടും. ഇങ്ങനെ അൽപ്പസമയം നിൽക്കുന്നത്‌ ആദ്യം തോന്നുന്ന പരിഭ്രാന്തി തരണം ചെയ്യാൻ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ മുഖത്തു സ്‌ഫുരിക്കുന്ന മനോഭാവത്തോടോ വികാരത്തോടോ താദാത്മ്യം പ്രാപിക്കാൻ അത്‌ സദസ്സിനെയും സഹായിക്കും. കൂടാതെ, നിങ്ങൾക്കു ശ്രദ്ധ നൽകാൻ തക്കവണ്ണം തയ്യാറെടുക്കുന്നതിന്‌ അതു സദസ്സിനെ അനുവദിക്കുന്നു.

പ്രസംഗത്തിനിടയ്‌ക്ക്‌ സദസ്സിനെ നോക്കുക. കേവലം സദസ്സിനെ ആകമാനം നോക്കുന്നതിനു പകരം അതിലുള്ള വ്യക്തികളെ നോക്കാൻ ശ്രമിക്കുക. മിക്ക സംസ്‌കാരങ്ങളിലും, ഒരു പരസ്യ പ്രസംഗകനിൽനിന്ന്‌ ഒരളവുവരെ ദൃഷ്ടിസമ്പർക്കം പ്രതീക്ഷിക്കുന്നുണ്ട്‌.

സദസ്സിനെ നോക്കുക എന്നതിന്റെ അർഥം സദസ്സിലിരിക്കുന്നവരെ കേവലം ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൃത്യസമയം ഇടവിട്ട്‌ നോക്കുക എന്നല്ല. സദസ്സിലുള്ള ആരെങ്കിലുമായി ആദരവോടുകൂടിയ ദൃഷ്ടിസമ്പർക്കം പുലർത്തുക. എന്നിട്ട്‌ ഉചിതമെങ്കിൽ ആ വ്യക്തിയോട്‌ ഒരു വാചകം മുഴുവൻ പറയുക. തുടർന്ന്‌ മറ്റൊരാളെ നോക്കി ആ ആളിനോട്‌ ഒന്നോ രണ്ടോ വാചകങ്ങൾ പറയുക. ബുദ്ധിമുട്ടു തോന്നുന്നത്രയും നേരം ആരെയും നോക്കിക്കൊണ്ടിരിക്കരുത്‌. സദസ്സിലുള്ള ഏതാനും പേരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമരുത്‌. സദസ്സിലുള്ളവരുമായി മാറിമാറി ദൃഷ്ടിസമ്പർക്കം പുലർത്തുന്നതിൽ തുടരുക. എന്നാൽ നിങ്ങൾ ഒരാളോടു സംസാരിക്കുന്ന സമയത്ത്‌ അയാളോടു ശരിക്കും സംസാരിക്കുകയും അടുത്ത ആളിലേക്കു പോകുന്നതിനു മുമ്പ്‌ അയാളുടെ പ്രതികരണം ശ്രദ്ധിക്കുകയും ചെയ്യുക.

നിങ്ങളുടെ നോട്ട്‌, പ്രസംഗപീഠത്തിലോ നിങ്ങളുടെ കയ്യിലോ ബൈബിളിലോ വെക്കുക. അങ്ങനെയാകുമ്പോൾ അതിലേക്കു നോക്കാൻ കണ്ണുകൾ മാത്രം ചലിപ്പിച്ചാൽ മതിയാകും. നോട്ടിൽ നോക്കാൻ തല അപ്പാടെ ചലിപ്പിക്കേണ്ടി വരുന്നപക്ഷം, അതു സദസ്യ സമ്പർക്കത്തെ പ്രതികൂലമായി ബാധിക്കും. നോട്ടിൽ നിങ്ങൾ എത്ര കൂടെക്കൂടെ നോക്കുന്നു എന്നതിനും എപ്പോൾ നോക്കുന്നു എന്നതിനും ശ്രദ്ധ നൽകേണ്ടതുണ്ട്‌. പ്രസംഗത്തിന്റെ പാരമ്യത്തിൽ എത്തുമ്പോൾ നോട്ടിൽ നോക്കുന്ന പക്ഷം നിങ്ങൾക്കു സദസ്സിന്റെ പ്രതികരണം കാണാൻ കഴിയില്ലെന്നു മാത്രമല്ല, നിങ്ങളുടെ അവതരണത്തിനു ശക്തി അൽപ്പം കുറഞ്ഞുപോകുകയും ചെയ്യും. അതുപോലെതന്നെ, നിങ്ങൾ എപ്പോഴും നോട്ടിൽ നോക്കുന്നപക്ഷം അതു സദസ്യ സമ്പർക്കം നഷ്ടമാകുന്നതിന്‌ ഇടയാക്കും.

നിങ്ങൾ ആർക്കെങ്കിലും ഒരു പന്ത്‌ എറിഞ്ഞുകൊടുക്കുമ്പോൾ അവർ അത്‌ പിടിച്ചോ എന്നറിയാനായി നോക്കും. നിങ്ങളുടെ പ്രസംഗത്തിലെ ഓരോ ആശയവും സദസ്സിന്റെ നേരെ ‘എറിഞ്ഞു’കൊടുക്കുന്ന ഒരു ‘പന്ത്‌’ ആണ്‌. അവർ അത്‌ ‘പിടിച്ചോ’ എന്ന്‌ അവരുടെ പ്രതികരണം നോക്കിയാൽ അറിയാം. അവർ തലയാട്ടുന്നുണ്ടോ, പുഞ്ചിരി തൂകുന്നുണ്ടോ, ശ്രദ്ധിച്ചു നോക്കിയിരിക്കുന്നുണ്ടോ എന്നൊക്കെ നോക്കിയാൽ മതി ഇതു മനസ്സിലാക്കാൻ. നല്ല ദൃഷ്ടിസമ്പർക്കം നിലനിറുത്തുന്നത്‌ നിങ്ങളുടെ ആശയങ്ങൾ സദസ്സിലുള്ളവർ ‘പിടിച്ചെടുക്കുന്നുണ്ട്‌’ എന്ന്‌ ഉറപ്പുവരുത്താൻ നിങ്ങളെ സഹായിക്കും.

സഭയുടെ മുമ്പാകെ വായന നിർവഹിക്കാനുള്ള നിയമനമാണു നിങ്ങൾക്കു ലഭിക്കുന്നതെങ്കിൽ, വായനയ്‌ക്കിടയിൽ സദസ്സിനെ നോക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ടോ? സദസ്സിലുള്ളവർ സ്വന്തം ബൈബിളിൽ, നിങ്ങൾ വായിക്കുന്ന ഭാഗം നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾ തല ഉയർത്തി നോക്കുന്നുണ്ടോ ഇല്ലയോ എന്ന്‌ അവരിൽ മിക്കവരും അറിയാനിടയില്ല. എന്നാൽ സദസ്സിനെ നോക്കുന്നത്‌ നിങ്ങളുടെ വായനയെ ഊർജിതമാക്കാൻ സഹായിക്കും. കാരണം അവരുടെ പ്രതികരണം എന്താണെന്നു നന്നായി അറിഞ്ഞിരിക്കാൻ അതിലൂടെ നിങ്ങൾക്കു കഴിയും. കൂടാതെ, സദസ്സിൽ ആരെങ്കിലും ബൈബിൾ ഉപയോഗിക്കാതെ അതും ഇതും ചിന്തിച്ച്‌ ഇരിപ്പുണ്ടെങ്കിൽ പ്രസംഗകനുമായുള്ള ദൃഷ്ടിസമ്പർക്കം വായിക്കുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ തിരികെ കൊണ്ടുവരാൻ അവരെ സഹായിച്ചേക്കാം. തീർച്ചയായും, നിങ്ങൾക്കു ഹ്രസ്വനേരത്തേക്കു മാത്രമേ തലയുയർത്തി നോക്കാനാകൂ. മാത്രമല്ല, വായനയ്‌ക്കു തടസ്സമുണ്ടാകാത്ത വിധത്തിൽ വേണം ഇതു ചെയ്യാൻ. ബൈബിൾ കയ്യിൽ പിടിച്ച്‌, തലയുയർത്തിനിന്നു വായിക്കുന്നത്‌ ഇതിനു സഹായിക്കും. തല കുനിക്കാൻ പാടില്ല.

കൺവെൻഷനിൽ വായനാപ്രസംഗം നടത്താൻ മൂപ്പന്മാർക്കു ചിലപ്പോൾ നിയമനം ലഭിക്കാറുണ്ട്‌. ഇതു ഫലപ്രദമായി നിർവഹിക്കുന്നതിന്‌ അനുഭവപരിചയവും ശ്രദ്ധാപൂർവകമായ തയ്യാറാകലും വളരെയധികം പരിശീലനവും ആവശ്യമാണ്‌. വായനാപ്രസംഗം നടത്തുമ്പോൾ സദസ്സുമായി യഥേഷ്ടം ദൃഷ്ടിസമ്പർക്കം പുലർത്തുക സാധ്യമല്ല എന്നതു ശരിതന്നെ. എന്നാൽ പ്രസംഗകൻ നന്നായി തയ്യാറായിട്ടുണ്ടെങ്കിൽ വായിച്ചുകൊണ്ടിരിക്കുന്ന സ്ഥാനം വിട്ടുപോകാതെ സദസ്സിനെ ഇടയ്‌ക്കിടെ നോക്കാൻ അദ്ദേഹത്തിനു കഴിയേണ്ടതാണ്‌. ഇപ്രകാരം ചെയ്യുന്നത്‌ സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിറുത്താനും അവതരിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട തിരുവെഴുത്തു പ്രബോധനത്തിൽനിന്നു പൂർണ പ്രയോജനം അനുഭവിക്കാനും അവരെ സഹായിക്കും.

മനസ്സിൽ പിടിക്കേണ്ട കാര്യങ്ങൾ

  • ആരോടു സംസാരിക്കുന്നുവോ അവരിൽ ആത്മാർഥമായ താത്‌പര്യം എടുത്തുകൊണ്ട്‌ സ്വാഭാവികതയും സൗഹൃദഭാവവും ഉള്ളവരായിരിക്കുക.

  • വായിക്കുന്ന സമയത്ത്‌, എന്തിൽനിന്നു വായിക്കുന്നുവോ ആ താളുകൾ കയ്യിൽവെച്ച്‌ താടി ഉയർത്തി പിടിക്കുക. അങ്ങനെയാകുമ്പോൾ തല ചലിപ്പിക്കാതെ കണ്ണുകൾ മാത്രം ചലിപ്പിച്ചാൽ മതിയാകും.

അഭ്യാസം: സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ദിവസേന സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ, ദൃഷ്ടിസമ്പർക്കം വർധിപ്പിക്കാൻ ശ്രമിക്കുക. നാട്ടുനടപ്പിനെ ലംഘിക്കാത്ത വിധങ്ങളിൽ വേണം ഇതു ചെയ്യാൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക