ചോദ്യപ്പെട്ടി
◼ പ്രസംഗകൻ നിർദേശിക്കുമ്പോൾ സദസ്യർ തിരുവെഴുത്തുകൾ എടുത്തുനോക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
ചർച്ച ചെയ്യപ്പെടുന്ന വിഷയം, പ്രസംഗത്തിൽ ഒരു ബൈബിൾ ഭാഗത്തിന്റെ വാക്യാനുവാക്യ പരിചിന്തനം ഉൾപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഏതെല്ലാം വാക്യങ്ങൾ സദസ്യർ എടുത്തുനോക്കണമെന്ന് പ്രസംഗകൻ നിർദേശിക്കുന്നത്.
വാക്യങ്ങൾ എടുത്തുനോക്കുന്നതിന്റെ ഒരു ഉദ്ദേശ്യം, പറയുന്ന കാര്യങ്ങൾ ബൈബിളിൽനിന്നാണെന്നു സ്ഥിരീകരിക്കുക എന്നതാണെന്ന് മനസ്സിൽ പിടിക്കുന്നതു പ്രധാനമാണ്. (പ്രവൃ. 17:11) മറ്റൊരു ലക്ഷ്യം, സദസ്യരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കത്തക്കവിധം ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിന് ഉപോദ്ബലകമായ തിരുവെഴുത്തു തെളിവുകൾ പരിശോധിക്കുക എന്നതാണ്. ഒരു പ്രധാന വാക്യം വായിക്കുമ്പോൾ സ്വന്തം ബൈബിൾ എടുത്തുനോക്കുന്നെങ്കിൽ വിവരങ്ങൾ സദസ്യരുടെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയും. ഇതിനു പുറമേ, കുറിപ്പുകൾ എടുക്കുന്നതും ആശയങ്ങൾ വികസിപ്പിക്കപ്പെടുന്ന വിധത്തിനു ശ്രദ്ധകൊടുക്കുന്നതും പ്രയോജനം ചെയ്യും.
സൊസൈറ്റിയുടെ ബാഹ്യരേഖയിൽ ഒരു വിഷയം വികസിപ്പിക്കാൻ ആവശ്യമായ നിരവധി തിരുവെഴുത്തു പരാമർശങ്ങൾ കണ്ടേക്കാമെങ്കിലും, അവ പ്രസംഗം തയ്യാറാകാൻ പ്രസംഗകനെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. അവ പ്രസംഗകന് പശ്ചാത്തല വിവരങ്ങൾ നൽകിയേക്കാം, അല്ലെങ്കിൽ അടിസ്ഥാന തിരുവെഴുത്തുതത്ത്വം നന്നായി ഗ്രഹിച്ച് വിഷയം വികസിപ്പിച്ചിരിക്കുന്ന രീതി മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചേക്കാം. പ്രസംഗം വികസിപ്പിക്കാൻ ഏതൊക്കെ വാക്യങ്ങളാണ് അത്യാവശ്യമെന്ന് അദ്ദേഹം തീരുമാനിക്കുകയും വാക്യം വായിച്ചു വിശദീകരിക്കുമ്പോൾ അവ എടുത്തുനോക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുകയും വേണം. ഉപോദ്ബലകമായ മറ്റു തിരുവെഴുത്തുകൾ പ്രസംഗകനു വായിക്കുകയോ അവയുടെ ആശയം പറയുകയോ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ സദസ്യർ അവ എടുത്തുനോക്കണമെന്നില്ല.
പ്രസംഗകൻ തിരുവെഴുത്തുകൾ ബൈബിളിൽനിന്ന് നേരിട്ടു വായിക്കേണ്ടതാണ്, എഴുതി വായിക്കരുത്. വാക്യം എടുത്തുനോക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുമ്പോൾ പ്രസംഗകൻ ബൈബിൾ പുസ്തകത്തിന്റെ പേരും അധ്യായവും വാക്യവും വ്യക്തമായി പറയണം. ഒരു വാക്യം വായിക്കുന്നതിന്റെ കാരണം സംബന്ധിച്ച് ഒരു ചോദ്യം ഉന്നയിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തുകൊണ്ട്, സദസ്യർക്ക് തിരുവെഴുത്ത് എടുക്കാനുള്ള സമയം നൽകാവുന്നതാണ്. ബൈബിൾ പുസ്തകത്തിന്റെ പേരും അധ്യായവും വാക്യവും വീണ്ടും പറയുന്നത് അത് ഓർത്തിരിക്കാൻ സദസ്യരെ സഹായിക്കും. പേജ് നമ്പർ പറയാതിരിക്കുന്നതാണ് ഉചിതം. കാരണം, സദസ്യർ ഉപയോഗിക്കുന്നത് വ്യത്യസ്ത ബൈബിൾ പതിപ്പുകൾ ആയിരുന്നേക്കാം, അതിനാൽ പേജ് നമ്പരും വ്യത്യസ്തമായിരിക്കും. പ്രസംഗകൻ നിർദേശിക്കുമ്പോൾ ബൈബിൾ തുറന്നു നോക്കുന്നത് ദൈവവചനത്തിന്റെ ശക്തിയിൽനിന്ന് പ്രയോജനം നേടാൻ സദസ്യരെ സഹായിക്കും.—എബ്രാ. 4:12.