സെപ്റ്റംബറിൽ ഉണരുക!യുടെ പ്രത്യേക പതിപ്പ് വിശേഷവത്കരിക്കുക
1 പക്ഷികളുടെ സ്വരമാധുര്യവും മനോഹരമായ സൂര്യാസ്തമയവും എല്ലാവരുംതന്നെ ആസ്വദിക്കാറുണ്ട്. എന്നാൽ സ്നേഹവാനായ ഒരു സ്വർഗീയ പിതാവാണ് ഇവയെ എല്ലാം സൃഷ്ടിച്ചതെന്നു തിരിച്ചറിയാൻ അനേകരും പരാജയപ്പെടുന്നു. യഹോവയുടെ സൃഷ്ടികർത്തൃത്വത്തിനു സാക്ഷ്യം നൽകാനുള്ള ഒരു അതുല്യ അവസരം ഉണരുക!യുടെ ഒരു പ്രത്യേക ലക്കം നമുക്ക് ഒരുക്കിത്തരുന്നു. (യെശ. 40:28; 43:10) “ഒരു സ്രഷ്ടാവുണ്ടോ?” എന്ന വിഷയമാണ് സെപ്റ്റംബർ ലക്കത്തിൽ ഉടനീളം കൈകാര്യം ചെയ്യുന്നത്.
2 വയലിൽ: സാധ്യമെങ്കിൽ സഭയുടെ ക്രമീകരണത്തിനുചേർച്ചയിൽ ഓരോ ശനിയാഴ്ചയും വീടുതോറുമുള്ള വേലയിൽ ഏർപ്പെടുമ്പോൾ ഈ മാസിക സമർപ്പിക്കാൻ പ്രത്യേക ശ്രമം നടത്തുക. തീർച്ചയായും വാരത്തിലെ മറ്റു ദിവസങ്ങളിലും ഈ പ്രത്യേക പതിപ്പ് സമർപ്പിക്കാൻ കഴിയും. അധ്യാപകർക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർക്കും ഈ ലക്കം വിശേഷാൽ താത്പര്യജനകമായിരിക്കും. അതുകൊണ്ട് അങ്ങനെയുള്ളവരെ സന്ദർശിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യാനായേക്കും.
3 താത്പര്യം പ്രകടമാക്കുന്നപക്ഷം അടുത്ത സന്ദർശനത്തിൽ ഉത്തരം കൊടുക്കുന്നതിനായി ഒരു ചോദ്യം ചോദിച്ചിട്ടു പോരുക. ഉദാഹരണത്തിന് സ്നേഹവാനായ ഒരു സ്രഷ്ടാവ് എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്ന ചോദ്യം ചോദിക്കാൻ കഴിയും. പിന്നീട് മടക്കസന്ദർശനത്തിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 1-ഓ 11-ഓ അധ്യായങ്ങൾ വിശേഷവത്കരിക്കാനാകും. അല്ലെങ്കിൽ ഭൂമിയെ സംബന്ധിച്ചുള്ള സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ട ഒരു ചോദ്യം ചോദിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. മടങ്ങിച്ചെല്ലുമ്പോൾ 3-ാം അധ്യായം പരിചിന്തിക്കാവുന്നതാണ്.
4 സ്കൂളിൽ: നിങ്ങൾ ഒരു വിദ്യാർഥിയാണെങ്കിൽ ഉണരുക!യുടെ ഈ ലക്കം അധ്യാപകർക്കും സഹപാഠികൾക്കും ഒരു സമ്മാനമായി കൊടുക്കരുതോ? നിങ്ങളുടെ ഡസ്ക്കിൽ ഈ മാസിക വെറുതെ വെക്കുന്നതുപോലും നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചേക്കാം. ക്ലാസ്റൂം ചർച്ചകളിൽ നിങ്ങളുടെ വിശ്വാസം സമർഥിക്കാനും ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാനും ഇതിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാനായേക്കും. നിങ്ങളുടെ സഹായത്തിനായി ഈ ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു” എന്ന പംക്തിയിൽ “സൃഷ്ടിയിലുള്ള എന്റെ വിശ്വാസം എനിക്കെങ്ങനെ സമർഥിക്കാൻ കഴിയും?” എന്ന ഒരു ലേഖനം ഉൾപ്പെടുത്തിയിരിക്കുന്നു.
5 സ്രഷ്ടാവെന്ന നിലയിൽ യഹോവ മഹത്ത്വവും ബഹുമാനവും അർഹിക്കുന്നു. (വെളി. 4:11) സെപ്റ്റംബർ ലക്കം ഉണരുക! ഉത്സാഹപൂർവം സമർപ്പിച്ചുകൊണ്ട് നമുക്കു നമ്മുടെ സ്രഷ്ടാവിനെ ബഹുമാനിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാം.