നവംബറിൽ ഉണരുക!യുടെ പ്രത്യേക പതിപ്പ് സമർപ്പിക്കുന്നു!
1 ബൈബിളിന്റെ മൂല്യത്തെക്കുറിച്ച് പലർക്കും ആത്മാർഥമായ ചോദ്യങ്ങളുണ്ട്. മനുഷ്യരാണ് അത് എഴുതിയതെങ്കിൽ അതിനെ ദൈവവചനം എന്ന് എങ്ങനെ വിളിക്കാനാകും? മാർഗനിർദേശത്തിനായി ഞാൻ എന്തിന് ബൈബിളിൽ ആശ്രയിക്കണം? ബൈബിൾ വായിക്കാനും പഠിക്കാനും സമയം ചെലവഴിക്കുന്നതുകൊണ്ട് എനിക്കെന്ത് പ്രയോജനം? ഏതു ബൈബിൾ ഭാഷാന്തരം ഞാൻ ഉപയോഗിക്കണം? “ബൈബിൾ വിശ്വാസയോഗ്യമോ?” എന്ന തലക്കെട്ടിലുള്ള നവംബർ ലക്കം ഉണരുക!യുടെ പ്രത്യേക പതിപ്പ് ഉത്തരം നൽകുന്ന ചില ചോദ്യങ്ങളാണവ. ഇത് ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാണ്. മറ്റു ഭാഷകളിലുള്ള ഉണരുക!യാണു സമർപ്പിക്കുന്നതെങ്കിൽ ഒക്ടോബർ-ഡിസംബർ ലക്കത്തിലെ “കുട്ടികളെ വളർത്താൻ ഏഴു വഴികൾ” എന്ന ലേഖനത്തിന് ഊന്നൽ നൽകുക.
2 ഉണരുക!യുടെ ഈ പ്രത്യേക പതിപ്പോ ഒക്ടോബർ-ഡിസംബർ ലക്കമോ നമ്മുടെ പ്രദേശത്തു വ്യാപകമായി വിതരണം ചെയ്യുന്നതിന് നാം ഊർജിതമായി ശ്രമിക്കണം. സാധ്യമാകുന്നെങ്കിൽ നവംബർ മാസത്തെ എല്ലാ ശനിയാഴ്ചയും സഭയോടൊത്ത് വീടുതോറുമുള്ള പ്രവർത്തനത്തിൽ പങ്കെടുക്കുക. നിങ്ങളുടെ ബന്ധുക്കളെയും അയൽക്കാരെയും സഹപ്രവർത്തകരെയും അധ്യാപകരെയും സഹപാഠികളെയും ഉണരുക!യുടെ ഈ വിശേഷ പതിപ്പ് കാണിക്കാൻ മറക്കരുത്. അതുപോലെ മടക്കസന്ദർശനങ്ങളുടെ സമയത്തും കടയിൽ പോകുമ്പോഴും യാത്രയിലും നവംബർ ലക്കം ഉണരുക!യുടെ കോപ്പികൾ കൂടെ കരുതുക. ഈ പതിപ്പിന്റെ മതിയായ കോപ്പികൾ സഭയിൽ ലഭ്യമായിരിക്കും, അതിനു വേണ്ട ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്തിട്ടുണ്ട്.
3 ബൈബിളധ്യയനം ആരംഭിക്കുക: മാസിക സമർപ്പിച്ചാൽ, സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പുതന്നെ ഒരു ബൈബിളധ്യയനം ആരംഭിക്കുന്നതിനുള്ള അടിത്തറ നിങ്ങൾക്കിടാനാകും. ഉദാഹരണത്തിന് നവംബറിലെ പ്രത്യേക പതിപ്പാണു സമർപ്പിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാനായേക്കും, “‘ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?’ എന്ന ചോദ്യത്തിന് ബൈബിൾ നൽകുന്ന ഉത്തരം എന്താണെന്ന് അടുത്ത പ്രാവശ്യം നമുക്കു സംസാരിക്കാം.” പിന്നീട് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകവുമായി മടങ്ങിച്ചെന്ന് അതിന്റെ 4-ഉം 5-ഉം പേജുകൾ വീട്ടുകാരനെ കാണിക്കുക, അല്ലെങ്കിൽ 3-ാമത്തെ അധ്യായത്തിലെ 1 മുതൽ 3 വരെയുള്ള ഖണ്ഡികകൾ പരിചിന്തിക്കുക. അല്ലെങ്കിൽ വീട്ടുകാരനോട്, “പലരും ബൈബിൾ വായിക്കുന്നുണ്ടെങ്കിലും അതു ശരിയായി ഗ്രഹിക്കാൻ അവർക്കാകുന്നില്ല. അടുത്ത തവണ വരുമ്പോൾ, ബൈബിൾ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതരാം” എന്നു പറയുക. മടങ്ങിച്ചെല്ലുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുക, അധ്യയനം നടത്തുന്നതെങ്ങനെയെന്നു കാണിച്ചുകൊടുക്കുക. ഒക്ടോബർ-ഡിസംബർ ലക്കമാണു സമർപ്പിക്കുന്നതെങ്കിൽ നിങ്ങൾക്കിങ്ങനെ പറയാനായേക്കും: “ബൈബിൾതത്ത്വങ്ങൾക്കു നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമാക്കാൻ സാധിക്കുന്നതെങ്ങനെയെന്ന് അടുത്ത തവണ ഞാൻ കാണിച്ചുതരാം.” മടങ്ങിച്ചെല്ലുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 14-ാം അധ്യായം വീട്ടുകാരനെ കാണിക്കുക, തുടർന്ന് അതിന്റെ ഒന്നും രണ്ടും ഖണ്ഡികകൾ അദ്ദേഹവുമൊത്ത് ചർച്ച ചെയ്യുക.
4 നമ്മെ “രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകൾ” ബൈബിളിൽ മാത്രമേയുള്ളൂ. (2 തിമൊ. 3: 14) അതുകൊണ്ട് ആളുകൾക്ക് ബൈബിളിലുള്ള വിശ്വാസം വളർത്തുന്നതിന് ഉണരുക!യുടെ ഈ പതിപ്പുകളുടെ വിതരണം നമുക്കേവർക്കും തീക്ഷ്ണതയോടെ ഏറ്റെടുക്കാം.