വ്യക്തിഗത താത്പര്യം പ്രകടമാക്കുക—മുഖപക്ഷം കൂടാതെ സാക്ഷീകരിച്ചുകൊണ്ട്
1 ‘സകലജാതിയിലും ഗോത്രത്തിലും ഭാഷയിലും വംശത്തിലും’ പെട്ടവരോടു നിത്യസുവിശേഷം ഘോഷിച്ചുകൊണ്ട് ഒരു ദൂതൻ ആകാശമധ്യേ പറക്കുന്നത് അപ്പൊസ്തലനായ യോഹന്നാൻ ഒരു ദർശനത്തിൽ കണ്ടു. (വെളി. 14:6) മുഖപക്ഷം കൂടാതെ പ്രസംഗിച്ചുകൊണ്ട് നാം ആ ദൂതനെ അനുകരിക്കുന്നുവോ? നാം പോലും അറിയാതെ നമ്മിൽ മുൻവിധിയുടേതായ മനോഭാവം ഉണ്ടായിരുന്നേക്കാം. കണ്ടുമുട്ടുന്നവരോടുള്ള നമ്മുടെ മനോഭാവത്തിനു നാം അവരോടു സുവാർത്ത അവതരിപ്പിക്കുന്ന വിധത്തെ ബാധിക്കാൻ കഴിയും. അതുകൊണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരോടു പ്രസംഗിക്കുമ്പോൾ നാം യഥാർഥമായ സ്നേഹം പ്രകടമാക്കേണ്ടത് ആവശ്യമാണ്.
2 പ്രദേശത്തുള്ളവരെ അറിയുക: അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവർ നിങ്ങളുടെ പ്രദേശത്തു താമസിക്കുന്നുണ്ടോ? അല്ലെങ്കിൽ, മറ്റു ഭാഷക്കാർ കൂട്ടമായി താമസിക്കുന്ന ചില സ്ഥലങ്ങൾ നിങ്ങളുടെ പ്രദേശത്തുണ്ടോ? അവരെ സന്ദർശിക്കാനും അവരോടു സംസാരിക്കാനും മുൻകൈയെടുക്കുക. കൂടാതെ അവരെ അടുത്തറിയാനും ശ്രമിക്കുക. അവരുടെ ആവശ്യങ്ങളും ഉത്കണ്ഠകളും ഇഷ്ടാനിഷ്ടങ്ങളും ആകുലതകളും മുൻവിധികളും എന്താണ്? അതിനനുസരിച്ച് രാജ്യസന്ദേശം അവതരിപ്പിക്കുന്ന രീതിയിൽ പൊരുത്തപ്പെടുത്തൽ വരുത്തുക. (1 കൊരി. 9:19-23) അപ്പൊസ്തലനായ പൗലൊസിനെപ്പോലെ, സമുദായമോ സംസ്കാരമോ ഭാഷയോ സാമ്പത്തികസ്ഥിതിയോ ഗണ്യമാക്കാതെ നമ്മുടെ പ്രദേശത്തുള്ള സകലരുമായും സുവാർത്ത പങ്കുവെക്കാൻ നമുക്കും കടപ്പാടു തോന്നണം.—റോമ. 1:14, NW അടിക്കുറിപ്പ്.
3 എന്നാൽ മറ്റു ഭാഷക്കാരോടു നിങ്ങൾക്ക് എങ്ങനെ സാക്ഷീകരിക്കാൻ കഴിയും? സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്തകം നന്നായി ഉപയോഗിക്കുക. നിങ്ങളുടെ പ്രദേശത്തു സാധാരണമായി സംസാരിക്കുന്ന ഭാഷകളിലുള്ള ചില ലഘുലേഖകളോ ലഘുപത്രികകളോ കൂടെ കരുതാൻ കഴിയും. (2003 ജൂലൈ നമ്മുടെ രാജ്യ ശുശ്രൂഷ, പേ. 8, ഖ. 2-3 കാണുക.) കൂടാതെ ചില പ്രസാധകർ മറ്റു ഭാഷകളിലുള്ള അഭിവാദനമോ ലളിതമായ ഒരു അവതരണമോ പഠിക്കാൻ ശ്രമിച്ചിരിക്കുന്നു. പരിമിതമായ അളവിലാണെങ്കിലും ആരെങ്കിലും വീട്ടുകാരന്റെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുന്നതു പലപ്പോഴും അവരിൽ മതിപ്പുളവാക്കും. സുവാർത്തയ്ക്കു ചെവികൊടുക്കാൻ ഇത് അവരെ പ്രചോദിപ്പിച്ചേക്കാം.
4 യഹോവയെ അനുകരിക്കുക: “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്ന” മുഖപക്ഷമില്ലാത്ത നമ്മുടെ ദൈവമായ യഹോവയെ അനുകരിച്ചുകൊണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകളുടെ അടുക്കൽ എത്തിച്ചേരാൻ നമുക്കു ശ്രമിക്കാം.—1 തിമൊ. 2:3, 4.