ചോദ്യപ്പെട്ടി
◼ നമുക്കു പരിചയമില്ലാത്ത ആരെങ്കിലുമായി ഇന്റർനെറ്റിലൂടെ സഹവസിക്കുന്നതിന്റെ അപകടങ്ങൾ എന്തെല്ലാം?
ആളുകളുമായി ഇന്റർനെറ്റിലൂടെ ബന്ധപ്പെടുന്നതിനായി തയ്യാർചെയ്തിരിക്കുന്ന ധാരാളം വെബ്സൈറ്റുകൾ ഉണ്ട്. ഇത്തരം പല സൈറ്റുകളും, ചിത്രങ്ങളും വ്യക്തിപരമായ വിവരങ്ങളും ഉൾപ്പെടെയുള്ള സംക്ഷിപ്ത വിവരം അടങ്ങുന്ന ഒരു ഫയൽ തയ്യാർചെയ്തു പ്രസിദ്ധീകരിക്കാൻ ആളുകൾക്ക് അവസരമൊരുക്കുന്നു. ആ ഫയൽ പരിശോധിക്കുന്നവർക്ക് അതിലെ വ്യക്തിയുമായി ബന്ധപ്പെടാനാകും. യുവജനങ്ങളുടെ ഇടയിൽ ഇത്തരം വെബ്സൈറ്റുകൾ പ്രസിദ്ധമാണെന്നു മാത്രമല്ല യഹോവയുടെ സാക്ഷികളെന്ന് അവകാശപ്പെടുന്നവരുമായി ബന്ധപ്പെടുന്നതിന് സഭയിലെ ചില യുവജനങ്ങൾ ഇവ ഉപയോഗിച്ചിട്ടുമുണ്ട്.
നാം ഇന്റർനെറ്റിലൂടെ ബന്ധപ്പെടുന്ന വ്യക്തിക്ക് തന്റെ പേരുവിവരങ്ങളോ ആത്മീയതയോ ഉദ്ദേശ്യങ്ങളോ സംബന്ധിച്ച് നമ്മെ എളുപ്പം കബളിപ്പിക്കാനാകും. (സങ്കീ. 26:4) യഹോവയുടെ സാക്ഷിയെന്ന് അവകാശപ്പെടുന്ന ഒരാൾ, അവിശ്വാസിയോ പുറത്താക്കപ്പെട്ട വ്യക്തിയോ ഊർജിതമായി പ്രവർത്തിക്കുന്ന ഒരു വിശ്വാസത്യാഗിയോ പോലും ആയിരുന്നേക്കാം. (ഗലാ. 2:4) പല ബാലരതിപ്രിയരും ‘ഇരതേടാൻ’ അത്തരം വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായി അറിയപ്പെടുന്നു.
സഭയിൽ നല്ല നിലയുള്ളവരുമായാണ് നാം ആശയവിനിമയം നടത്തുന്നതെന്ന് ഉറപ്പുള്ളപ്പോൾപോലും ഇത്തരമൊരു ചുറ്റുപാടിൽ, സംഭാഷണം ആരോഗ്യാവഹമല്ലാത്ത കാര്യങ്ങളിലേക്ക് എളുപ്പം വഴുതിപ്പോകാനിടയുണ്ട്. നേരിട്ടു കണ്ടിട്ടില്ലാത്തവരോട് ഇടപെടുന്നതിൽ കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ ആളുകൾ ചായ്വുകാട്ടുന്നു എന്നതാണ് ഇതിനു കാരണം. ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയം സ്വകാര്യമാണെന്നും തങ്ങൾ പറയുന്നതൊന്നും മാതാപിതാക്കളോ മൂപ്പന്മാരോ മറ്റുള്ളവരോ അറിയില്ലെന്നും അവർ ചിന്തിച്ചേക്കാം. ദുഃഖകരമെന്നു പറയട്ടെ, ക്രിസ്തീയ കുടുംബങ്ങളിലെ പല യുവജനങ്ങളും കെണിയിലകപ്പെടുകയും അശ്ലീല സംഭാഷണത്തിലേർപ്പെടുകയും ചെയ്തിരിക്കുന്നു. (എഫെ. 5:3, 4; കൊലൊ. 3:8) മറ്റു ചിലരാകട്ടെ, ലൈംഗികച്ചുവയുള്ള സ്വന്തം ചിത്രങ്ങളോ ഇരട്ടപ്പേരുകളോ ലൈംഗികതയെ പച്ചയായി ചിത്രീകരിക്കുന്ന വീഡിയോ സംഗീതത്തിലേക്കുള്ള ലിങ്കുകളോ തങ്ങളുടെ ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേൽപ്പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ, മക്കൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വിധം സംബന്ധിച്ച് മാതാപിതാക്കൾ ശ്രദ്ധയുള്ളവർ ആയിരിക്കണം. (സദൃ. 29:15) ഒരു അപരിചിതനെ നമ്മുടെ വീട്ടിലേക്കു ക്ഷണിക്കുന്നതോ നമ്മുടെ മക്കളോടൊപ്പം അയാൾ തനിച്ചായിരിക്കാൻ അനുവദിക്കുന്നതോ അപകടകരമായിരിക്കും. സമാനമായി, അപരിചിതരുമായി ഇന്റർനെറ്റിലൂടെ സൗഹൃദം തേടുന്നത് നമുക്കും മക്കൾക്കും അപകടം വരുത്തിവെക്കും; അങ്ങനെയുള്ളവർ യഹോവയുടെ സാക്ഷികളാണെന്ന് അവകാശപ്പെടുന്നെങ്കിൽപോലും അത് അപകടകരമാണ്.—സദൃ. 22:3.